- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പണിമുടക്കാതിരിക്കാൻ സാധ്യമല്ല, അങ്ങനത്തെ വ്യവസായം നമുക്ക് വേണ്ട'; കനത്ത ശബ്ദത്തിൽ വി എസ് പറഞ്ഞു; സീ ഗേറ്റ് ചൈനയിൽ പോയി വമ്പൻ സ്ഥാപനമായി; പണിമുടക്ക് ദിനത്തിൽ ചർച്ചയായി ടെക്നോപാർക്ക് സ്ഥാപക സിഇഒ ജി വിജയരാഘവന്റെ അനുഭവം
കോഴിക്കോട്: കേരളത്തിലെ സിപിഎം നേതാക്കൾക്ക് ആയിരങ്ങൾക്ക് തൊഴിലവസരങ്ങൾ നൽകുന്ന ഒരു കമ്പനി വരുന്നതാണോ, അതോ പണിമുടക്കാനുള്ള അവകാശമോ ഏതാണ് വലുത്? ടെക്‌നോപാർക്കിന്റെ സ്ഥാപക സിഇഒയും സാമൂഹിക നിരീക്ഷകനുമായ ജി വിജയരാഘവൻ തന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ പറയുന്നത് അവർക്ക് പ്രധാനം പണിമുടക്കാനുള്ള അവകാശമാണെന്നാണ്. പ്രതിദിനം 1700 കോടിയിലേറെ നഷ്ടം വരുത്തി കേരളം വീണ്ടുമൊരു പണിമുടക്കിലുടെ കടന്നുപോകുമ്പോൾ വിജയരാഘവൻ എഴുതിയ 'വിജയവഴികൾ 'എന്ന പുസ്തകത്തിലെ ചില ഭാഗങ്ങൾ ചർച്ചയാവുകയാണ്. വി എസ് അച്യുതാനന്ദൻ അടക്കമുള്ള നേതാക്കൾ കേരളത്തിലെ ഐടി വികസനത്തോട് എത്ര നിഷേധാത്മകമായ സമീപനമാണ് സ്വീകരിച്ചതെന്ന് ഈ പുസ്തകം ഓർമ്മിപ്പിക്കുന്നു.
വി എസ് ദുരന്തമെന്ന് അമേരിക്കൻ കോൺസൽ
ജി വിജയരാഘവൻ തന്റെ പുസ്തകമായ 'വിജയവഴികളിൽ' ഇങ്ങനെ എഴുതുന്നു: 'ഒരിക്കൽ അമേരിക്കൻ കോൺസൽ ജനറൽ ടെക്നോപാർക്ക് സന്ദർശിക്കാനുള്ള ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് ഇവിടെ വരുകയുണ്ടായി. വ്യാപാര വാണിജ്യ കാര്യങ്ങൾ സംബന്ധിച്ച വിദേശരാജ്യ പ്രതിനിധിയെന്ന നിലയിൽ മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയെയും മാത്രമല്ല, പ്രതിപക്ഷ നേതാവിനെയും, സിപിഎം സെക്രട്ടറിയെയും സന്ദർശിക്കുക എന്നതും അദ്ദേഹത്തിന്റെ പരിപാടിയിൽ ഉണ്ടായിരുന്നു.
അതനുസരിച്ച് പാർട്ടി സെക്രട്ടറി ആയിരുന്ന നായനാരുമായി കൂടിക്കാഴ്ചക്ക് എ കെ ജി സെന്ററിൽ ചെന്നപ്പോൾ ഊഷ്മളമായ സ്വീകരണം ആണ് ലഭിച്ചത്. അമേരിക്കയിലെ സിലിക്കൺ വാലി സന്ദർശിച്ചിട്ടുള്ള നായനാർ അതുപോലെയുള്ള സംവിധാനങ്ങൾ ഇവിടെയും ഉണ്ടാകണം എന്നാണ് ചർച്ചയിൽ ആവശ്യപ്പെട്ടത്. തുടർന്ന് വി എസ് അച്യുതാനന്ദനെ കാണാൻ ചെന്ന സംഘത്തിന് മോശമായ സ്വീകരണം ആണ് കിട്ടിയത്. അലോസരപ്പെടുത്തുന്ന കൂടിക്കാഴ്ച കഴിഞ്ഞ് ഇറങ്ങിയ കോൺസൽ ജനറലിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു. 'ഇഫ് ഹി ബികംസ് ദ ചീഫ് മിനിസ്റ്റർ ഓഫ് കേരള, ഇറ്റ് വിൽ ബി എ ഗ്രേറ്റ് ഡിസാസ്റ്റർ'. വി എസ് എപ്പോഴെങ്കിലും കേരളത്തിൽ മുഖ്യമന്ത്രി ആകുകയാണെങ്കിൽ അത് കേരളത്തിന്റെ ദുരന്തം ആയിരിക്കുമെന്ന്.''
സീ ഗേറ്റ് പോയത് ചൈനയിലേക്ക്
കേരളത്തിലെ തൊഴിൽ ഇല്ലായ്മയ്ക്ക് ഒരളവുവരെ അറുതി വരുത്തുവാൻ കഴിയുമായിരുന്ന കംമ്പ്യുട്ടർ ഹാർഡ്വെയർ വ്യവസായം ടെക്നോപാർക്കിൽ സ്ഥാപിക്കപ്പെടാതെ പോയതും വിഎസിന്റെ വിപ്ലവാഭിമുഖ്യമാണെന്നും ജി വിജയരാഘവൻ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം ഇങ്ങനെ എഴുതുന്നു.- 'ലോകത്തിലെ ഏറ്റവും വലിയ ഹാർഡ് ഡിസ്‌ക് നിർമ്മാതാക്കളായ 'സീ ഗേറ്റ്' പ്രതിനിധികൾ ബംഗ്ലൂരിൽ എത്തിയപ്പോൾ, ഞങ്ങൾ അവരെ ടെക്നോപാർക്കിലേയ്ക്ക് ക്ഷണിച്ചു വരുത്തി. ടെക്നോപാർക്കിലെ സൗകര്യങ്ങൾ കണ്ട് ഇഷ്ടപ്പെട്ട അവർ അവരുടെ സ്ഥാപനം ടെക്നോപാർക്കിൽ തുടങ്ങാം എന്ന് സമ്മതിച്ചു. അവർ നൽകിയ വാഗ്ദാനങ്ങളിൽ ചിലത് ഇങ്ങനെയാണ്. ഐ ടി ഐ പാസ്സായ 5000 പെൺകുട്ടികൾക്ക് സീ ഗേറ്റ് നേരിട്ട് തൊഴിൽ നൽകും, ഗവൺമെന്റ് നിശ്ചയിക്കുന്ന അടിസ്ഥാന ശമ്പളത്തേക്കാൾ കൂടുതൽ ആയിരിക്കും അടിസ്ഥാന ശമ്പളം. ജീവനക്കാർക്ക് താമസ സൗകര്യങ്ങൾ, ഇൻഷൂറൻസ് പരിരക്ഷ, തർക്കങ്ങൾ പരിഹരിക്കാൻ തൊഴിലാളികൾ അംഗമായ ഫോറം എന്നിവയും ഉണ്ടാവും.
ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിന് അവർ തിരികെ ആവശ്യപെട്ട ഏക കാര്യം ഇതായിരുന്നു. ഒരു മണിക്കൂർപോലും തങ്ങളുടെ കമ്പനി അടച്ചിടാൻ പാടില്ല. എന്ന് പറഞ്ഞാൽ പണിമുടക്ക് പാടില്ല എന്നാണ്. മുഖ്യമന്ത്രി ആന്റണി, വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി, ഐൻടിയുസി നേതാക്കൾ എന്നിവർ വ്യവസ്ഥ അംഗീകരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയായ നായനാരെ കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് '' എല്ലാക്കാലത്തെയ്ക്കും പറ്റില്ല, പത്തുവർഷത്തെയ്ക്ക് ഒരു പണിമുടക്കും ഉണ്ടാകില്ലെന്ന് ഉറപ്പ് പറയാം. താൻ പ്രതിപക്ഷ നേതാവിനെക്കൂടെ കാണ്.' എന്നാണ്.
പ്രതിപക്ഷ നേതാവ് വിഎസിനെ കണ്ട് ഞാൻ വിവരങ്ങൾ ധരിപ്പിച്ചു. ഹാർഡ് ഡിസ്‌ക് വ്യവസായം, അതിന്റെ സാധ്യതകൾ, അവരുടെ വാഗ്ദാനം, വ്യവസ്ഥകൾ എല്ലാം ഞാൻ അദ്ദേഹതോട് പറഞ്ഞൂ. അതിന് വി എസ് നൽകിയ മറുപടി 'അങ്ങനത്തെ വ്യവസായം നമുക്ക് വേണ്ട ' എന്നായിരുന്നു. ഞാൻ വീണ്ടും അവർ വന്നാലുള്ള മെച്ചങ്ങൾ പറഞ്ഞൂ. 'സാദ്ധ്യമല്ല ' ഇടത് കൈ ഉയർത്തി കനത്ത ശബ്ദത്തിൽ പറഞ്ഞ് കൊണ്ട് വി എസ് മുഖം തിരിച്ചു.
അയ്യായിരം പേർക്ക് നേരിട്ടും അതിന്റെ ഇരട്ടിയിൽ അധികം പേർക്ക് അല്ലാതെയും, സർക്കാർ ശമ്പളത്തിന്റെ ഇരട്ടിയിൽ ലഭിക്കുന്നതും ആയിരക്കണക്കിന് കുടുംബങ്ങൾക്ക് മെച്ചപ്പെട്ട ജീവിത സൗകര്യങ്ങൾ, ഇൻഷൂറൻസ് പരിരക്ഷ എന്നിവ ലഭിക്കുന്നത് ഒന്നും വിഎസിന് പ്രശ്നം അല്ല. വിഎസിന് പ്രശ്നം ഒന്ന് മാത്രം. പണിമുടക്കാൻ ഉള്ള അവസരം ആണത്രേ പരമപ്രധാനം. എന്റെ ദേഷ്യം മുഴുവൻ പ്രകടമാക്കി ഞാൻ വാതിൽ വലിച്ച് അടച്ച് പുറത്ത് കടന്നു. കമ്മ്യുണിസ്റ്റ് ചൈനയിലേക്ക് ആണ് 'സീ ഗേറ്റ്' നേരെ പോയത്. അവിടത്തെ കമ്മ്യുണിസ്റ്റ് ഗവണ്മെന്റും പാർട്ടിയും അവരുടെ എല്ലാ വ്യവസ്ഥകളും അംഗീകരിച്ചു. അവിടെ ഇന്ന് നേരിട്ട് 15000 പേർക്ക് ജോലി കൊടുത്തിരിക്കുന്ന വമ്പൻ സ്ഥാപനം ആണ് സീ ഗേറ്റ്.
ഇതേപോലെ ആണ് സ്മാർട്ട് സിറ്റി പദ്ധതിയും. ഒരു ലക്ഷം പേർക്ക് നേരിട്ട് തൊഴിൽ നൽകുന്ന സ്വകാര്യമേഖലയിലെ ഏറ്റവും വലിയ പദ്ധതി ആയിരുന്നു സ്മാർട്ട്‌സിറ്റി. വിഎസിന്റെ പിടിപ്പുകേടും പിടിവാശിയും ദീർഘ വീക്ഷണമില്ലായ്മയും വഴി വെട്ടി ചുരുക്കപ്പെട്ടത് വഴി നഷ്ടപ്പെട്ട തൊഴിൽ അവസരങ്ങൾക്ക് ആരും സമാധാനം പറയും. വി എസ് ഗവണ്മെന്റ് നഷ്ട്ടപ്പെടുത്തിയ ഇൻഫോർമേഷൻ ടെക്നോളേജിക്ക് വേണ്ടിയുള്ള പ്രത്യേക സാമ്പത്തിക മേഖലയുടെ നഷ്ടം കേരളത്തിന് താങ്ങാവുന്നതിനും അപ്പുറം ആണ്.വിഎസിന്റെ നിഷേധാത്മക നിലപാടുകൾ മൂലം ബിർളയുടെ രണ്ട് സ്ഥാപനങ്ങൾ ആണ് നമുക്ക് നഷ്ടപ്പെട്ടത്. അടച്ചുപൂട്ടിയ മാവൂർ ഗ്വാളിയോർ റയോൺസ് ഫാക്ടറി സ്ഥലം ഉപയോഗിച്ച് ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളോജി, ഐ .ടി.പാർക്ക് എന്നിവ സ്ഥാപിക്കാൻ മുന്നോട്ട് വന്ന ബിർള ഗ്രൂപ്പിനെ വി സ് ഓടിക്കുകയാണ് ചെയ്തത് .''- ഇങ്ങനെയാണ് വിജയരാഘവൻ തന്റെ അത്മകഥയിൽ എഴുതിയത്. നോക്കുക പണിമുടക്കാനുള്ള അവകാശത്തിനുവേണ്ടി എത്രകോടികളാണ് നാം നഷ്ടപ്പെടുത്തിയത്. എത്ര തൊഴിൽ അവസരങ്ങളാണ് കളഞ്ഞത്. എന്നിട്ടും വീണ്ടും വീണ്ടും പണിമുടക്കുകൾ ഉണ്ടാവുന്നു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ