ഇന്ന് മുതൽ ജർമനിയിലെ ഹാംബർഗിൽ വച്ചാരംഭിക്കുന്ന ജി 20 സമ്മിറ്റ് കലക്കാൻ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഏതാണ്ട് ഒരു ലക്ഷത്തോളം പ്രതിഷേധക്കാർ എത്തിയതോടെ ഹാംബർഗിലെ തെരുവുകളിൽ കൊള്ളിവയ്പും ലാത്തിച്ചാർജും മറ്റ് ആക്രമണങ്ങളം അരങ്ങേറുകയാണ്. കടുത്ത മുതലാളിത്ത വിരുദ്ധ പ്രതിഷേധക്കാരാണ് സമ്മിറ്റിനെതിരെ തെരുവുകളിൽ അഴിഞ്ഞാടാൻ തുടങ്ങിയിരിക്കുന്നത്. കലാപത്തിന്റെ ഭാഗമായി പ്രതിഷേധക്കാരിൽ ചിലർ പോർസ്ചെ കാർ ഡീലർഷിപ്പ് കത്തിച്ചും ലഹള തുടങ്ങിയിരുന്നു. ഇവരെ എങ്ങനെയെങ്കിലും അടിച്ചൊതുക്കാൻ നൂറ് കണക്കിന് പൊലീസുകാരെയാണ് തെരുവിൽ വിന്യസിച്ചിരിക്കുന്നത്.

പ്രതിഷേധക്കാരെ നേരിടാൻ ജർമൻ റയട്ട് പൊലീസ് ജലപീരങ്കികളും പെപ്പർ സ്പ്രേയും മറ്റും ഉപയോഗിച്ച് സജീവമായി രംഗത്തെത്തിയിട്ടുമുണ്ട്.ഒരു ലക്ഷത്തോളം പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിനായി ഹെൽമറ്റ്ധരിച്ച പൊലീസ് നെട്ടോട്ടമോടുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ' വെൽകം ടു ഹെൽ' എന്ന പ്രതിഷേധ ബാനറുയർത്തിയാണ് സമ്മിറ്റിനെത്തുന്ന ലോക നേതാക്കന്മാരെ പ്രതിഷേധക്കാർ പ്രതീകാത്മകമായി വരവേൽക്കുന്നത്. മുഖം മൂടിയും ശിരോവസ്ത്രവും നീക്കാൻ ഒരു പറ്റം പ്രതിഷേധക്കാരോട് തങ്ങൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പകരം അവർ ബോട്ടിലുകളും ഇഷ്ടികകളും കൊണ്ട് തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇതിന് പുറമെ ഒരു റയട്ട് വാനിന്റെ വിൻഡോ ഇവർ തകർക്കുകയും ചെയ്തിരുന്നു. ഹാംബർഗിൽ ആഴ്ചതോറും ഫിഷ് മാർക്കറ്റ് നടത്താനുപയോഗിക്കുന്ന നദീതീരത്തുള്ള ഒരു പ്ലാസക്കരികെയായിരുന്നു പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നത്. പ്രധാന പ്രതിഷേധം അരങ്ങേറുന്ന സ്ഥലത്ത് എന്തിനും തയ്യാറായി 20,000ത്തോളം പൊലീസ് ഓഫീസർമാർ സജ്ജരായിരുന്നു.. ആന്റി കാപിറ്റലിസ്റ്റ് ഗ്രൂപ്പുകളുടെ കൂട്ടായ്മയാണിവിടുത്തെ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഒരു സംഘമാളുകൾ സമീപത്തെ ആഡംബര പോർസ്ചെ കാർ ഡീലർഷിപ്പ് കത്തിച്ച സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആദ്യം ഫിഷ് മാർക്കറ്റിനടുത്ത് ഒരുമിച്ച് കൂടിയ പ്രതിഷേധക്കാർ പിന്നീട് ഹാംബർഗ് നഗരത്തിലൂടെ മാർച്ച് നടത്തുകയായിരുന്നു. ' ബോർഡർലെസ് സോളിഡാരിറ്റി ഇൻസ്റ്റെഡ് ഓഫ് നാഷണലിസം; അറ്റാക്ക് ദി ജി-20' എന്ന മുദ്രാവാക്യം സമീപത്തെ കെട്ടിടത്തിൽ എഴുതി വച്ചിരുന്നു. ഇതിന്റെ മേൽക്കൂരയിൽ ഒരു സംഘം തീ വയ്ക്കുന്നതും കാണാമായിരുന്നു. ലോകസമാധാനത്തിന് ഭീഷണി ഉയർത്തുന്ന നിരവധി പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ജി 20 തികഞ്ഞ പരാജയമാണെന്നും അതിനാൽ ഇത് നടത്തുന്നതിൽ അർത്ഥമില്ലെന്നുമാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.

ഉദാഹരണമായി കാലാവസ്ഥാ വ്യതിയാനം, വർധിച്ച് വരുന്ന അസമത്വം, ലോകമാകമാനം വർധിച്ച് വരുന്ന ആക്രമണങ്ങൾ തുടങ്ങിയ പ്രശ്നങ്ങളിൽ ജി 20 നോക്കു കുത്തിയാണെന്നാണ് പ്രതിഷേധക്കാർ എടുത്ത് കാട്ടുന്നത്. ജർമൻ ചാൻസലർ ഏയ്ജല മെർകൽ ആതിഥ്യമേകുന്ന സമ്മിറ്റിൽ ലോകത്തിലെ പ്രധാനപ്പെട്ട 20 വലിയ സമ്പദ് വ്യവസ്ഥകളുള്ള രാജ്യങ്ങളിലെ തലവന്മാരാണ് പങ്കെടുക്കുന്നത്.