- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജി 7 യോഗത്തിൽ പ്രത്യേക ക്ഷണിതാക്കളായെത്തിയ ഇന്ത്യൻ സംഘത്തിലെ രണ്ട് പേർക്ക് പോസിറ്റീവ്; വിദേശകാര്യ മന്ത്രി ജയശങ്കർ അടക്കമുള്ളവർക്ക് ലണ്ടനിൽ ഐസൊലേഷനിൽ; ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി സൂം മീറ്റിങ്ങിൽ സംസാരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ
ലണ്ടൻ: ജി 7 ഉച്ചകോടിയിലേക്ക് പ്രത്യേക ക്ഷണിതാക്കളായി എത്തിയ ഇന്ത്യൻ സംഘത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും വിദേശകാര്യമന്ത്രി ഡൊമിനിക് റാബും ഒഴിവാക്കുവാൻ ശ്രമിക്കുകയാണ്. ഇന്ത്യൻ സംഘത്തിലെ രണ്ട് പേർക്ക് സ്ഥിരീകരിച്ചതിനാൽ ഇന്ത്യൻ സംഘം സെൽഫ് ഐസൊലേഷനിൽ പോയതിനെ തുടർന്നാണിത്. ഇന്ത്യൻ സംഘം ഐസൊലേഷനിൽ പോയി എന്ന വാർത്ത വന്നതിനു തൊട്ടുപുറകേയായിരുന്നു ഉച്ചകോടിയുടെ രണ്ടാം ദിവസത്തെ സമ്മേളനത്തിൽ റാബ് പങ്കെടുത്തത്.
പ്രധാനമന്ത്രി ബോറിസ് ജോൺസനും യോഗ നടപടികളുമായി മുന്നോട്ട് പോയി. രണ്ട് സംഘാംഗങ്ങൾക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് സംഘത്തിലെ മുഴുവൻ പേരും സെൽഫ് ഐസൊലേഷനിൽ പോയ കാര്യം ഉദ്യോഗിക വൃത്തങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ജി-7 ന്റെ ഭാഗമല്ല ഇന്ത്യ. പ്രത്യേക ക്ഷണിതാവായിട്ടായിരുന്നു ഇന്ത്യയെ ക്ഷണിച്ചിരുന്നത്. ഇന്ത്യൻ സംഘത്തെ ക്വാറന്റൈൻ നിയമങ്ങളിൽ നിന്നും ഒഴിവാക്കിയിരുന്നു എങ്കിലും ദിവസേന രോഗ പരിശോധന നടത്തേണ്ടതുണ്ടായിരുന്നു. അങ്ങിനെയാണ് രോഗമുള്ള കാര്യം കണ്ടുപിടിച്ചത്. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് തൊട്ടുമുൻപായി രോഗം സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം, ഇന്നലെ ബ്രിട്ടീഷ് ഹോം സെക്രട്ടറി പ്രീതി പട്ടേൽ ഹോം ഓഫീസിൽ വച്ച് ഇന്ത്യൻ സംഘത്തെ നയിക്കുന്ന വിദേശകാര്യമന്ത്രി സുബ്രഹ്മണ്യം ജയശങ്കറുമായി ചർച്ചകൾ നടത്തിയിരുന്നു. അദ്ദേഹത്തിനല്ല കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജി 7 ഉച്ചകോടിയിൽ അദ്ദേഹം ഓൺലൈനിൽ പങ്കെടുക്കും. അതേസമയം, ഇന്ത്യൻ സംഘത്തിന് സെൽഫ് ഐസൊലേഷനിൽ പോകേണ്ടതില്ലെന്നും, യോഗസ്ഥലത്ത് സാമൂഹിക അകലം പാലിക്കുകയും, മാസ്ക് ധരിക്കുകയും ചെയ്യുന്നതിനാൽ അവർ പങ്കെടുത്താലും പ്രശ്നമുണ്ടാവില്ലെന്നും വിദഗ്ദോപദേശം സർക്കാരിന് ലഭിച്ചതായി ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ ഇത്തരത്തിലൊരു തീരുമാനം ഉണ്ടായിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ഉൾപ്പടെയുള്ള ലോകനേതാക്കൾ ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ വിദേശകാര്യമന്ത്രിയും സംഘാംഗങ്ങൾക്ക് കോവിഡ് ബാധിച്ച വിവരം ട്വീറ്ററിലൂടെ വെളിപ്പെടുത്തിയിരുന്നു. അതേസമയം, ഇന്ത്യയുമായി വളരെ അടുത്ത ബന്ധമാണ് ബ്രിട്ടനുള്ളതെന്നും ഇന്ന് ഉച്ചക്ക് സൂം മീറ്റിംഗിലൂടെ താൻ ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി സംസാരിക്കുമെന്നും ബോറിസ് ജോൺസൺ വെളിപ്പെടുത്തി.
മറുനാടന് ഡെസ്ക്