- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ സ്കാനിയ ബസുകൾ കൂടുതൽ വിറ്റുപോകാൻ ഗഡ്കരിക്ക് കൈക്കൂലിയായി ലക്ഷ്വറി ബസ് നൽകി? ബസ് മന്ത്രിയുടെ മകളുടെ വിവാഹത്തിന് ഉപയോഗിച്ചുവെന്നും വെളിപ്പെടുത്തൽ; അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചൂടേറിയ വാർത്ത ആയപ്പോൾ എല്ലാം നിഷേധിച്ച് മന്ത്രി
ന്യൂഡൽഹി: സ്വീഡനിലെ പബ്ലിക് ന്യൂസ് ചാനലായ എസ് വിടിയാണ് സ്കാനിയ ബസ് വിവാദം തൊടുത്തുവിട്ടത്. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി ബന്ധമുള്ള ഇന്ത്യൻ കമ്പനിക്ക് സകലവിധ സൗകര്യങ്ങളുമുള്ള ആഡംബര സ്കാനിയ ബസ് നൽകിയെന്നും ഈ ബസ് മന്ത്രിയുടെ മകളുടെ വിവാഹത്തിന് വേണ്ടി മുഴുവൻ തുക നൽകാതെ വാങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.
വോക്സ് വാഗൺ ഗ്രൂപ്പിന്റെ അനുബന്ധ കമ്പനിയാണ് സ്വീഡിഷ് ഓട്ടോമൊബൈൽ നിർമ്മാതാക്കളായ സ്കാനിയ. തങ്ങളുടെ ഇന്ത്യയിലെ ഉദ്യോഗസ്ഥർ ബസ് കരാറുകൾക്ക് വേണ്ടി പ്രാദേശിക ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതായി സ്കാനിയ കണ്ടുപിടിച്ചു. ബ്ലൂംബർഗിൽ വന്ന റിപ്പോർട്ട് പ്രകാരം ഈ അഴിമതിക്കെതിരെ കമ്പനി നടപടി സ്വീകരിച്ചുകഴിഞ്ഞു. ഇന്ത്യയിലെ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ കീഴിലുള്ള ബസ് കമ്പനികളുമായി കരാറിൽ എത്താൻ 19 ഓളം കേസുകളിലായി 65,000 യൂറോ കൈമടക്കായി പ്രാദേശിക ഉദ്യോഗസ്ഥർക്ക് നൽകി. സർക്കാർ ഉടമസ്ഥതയിലുള്ള ഒരുകൽക്കരി ഖനി കമ്പനിക്ക് 100 ട്രക്കുകൾ വിൽക്കാൻ വ്യാജ വാഹന രേഖകളും, രജിസ്ട്രേഷൻ പേപ്പറുകളും സ്കാനിയ ഉദ്യോഗസ്ഥർ തയ്യാറാക്കിയതായും ആരോപണം ഉയർന്നിട്ടുണ്ട്. വിവാദത്തെ തുടർന്ന് സ്കാനിയ ഇന്ത്യയിൽ ബസുകൾ വിൽക്കുന്നത് നിർത്തി വച്ചിരിക്കുകയാണ്. സ്കാനിയ സിഇഒ ഹെന്റിക് ഹെന്റിക്സൺ ഈ ആരോപണങ്ങൾ എസ് വിടി ചാനലിനോട് ശരി വച്ചിട്ടുണ്ട്.
ഗഡ്കരിക്ക് ക്ലീൻ ചിറ്റ് നൽകാമോ?
ഇന്ത്യയിൽ തങ്ങളുടെ ബസുകൾ കൂടുതൽ വിറ്റുപോകാനും സർക്കാർ തലത്തിൽ ഓർഡർ തരപ്പെടുത്താനും വേണ്ടിയാണ് സ്വീഡിഷ് ബസ് നിർമ്മാതാക്കളായ സ്കാനിയ മന്ത്രിക്ക് കൈക്കൂലിയായി ലക്ഷ്വറി ബസ് നൽകിയതെന്നാണ് വെളിപ്പെടുത്തൽ. 2016 അവസാനത്തോടെയാണ് ആഡംബര ബസ് ഗഡ്കരിക്ക് സ്കാനിയ കൈമാറിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതുസംബന്ധിച്ച് 2017 അവസാനമാണ് സ്കാനിയ ഓഡിറ്റർമാർക്ക് വിവരം ലഭിക്കുന്നത്. ഇതിന് പുറമേ ഇന്ത്യയിലെ കരാറുകൾ ലഭിക്കുന്നതിന് സ്കാനിയ വലിയ രീതിയിൽ കൈക്കൂലി നൽകിയെന്നും കമ്പനി കണ്ടെത്തി.
പ്രത്യേകമായി സജ്ജീകരിച്ച ആഡംബര ബസാണ് ഗഡ്കരിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ള ഒരു കമ്പനിക്ക് കൈമാറിയത്. ഗഡ്കരിയുടെ മകളുടെ കല്യാണത്തിന് ഈ ബസ് ഉപയോഗിച്ചുവെന്നാണ് റിപ്പോർട്ട്. സ്കാനിയയുടെ അഭ്യന്തര അന്വേഷണത്തിൽ ബസുകൾ വിൽക്കാനുള്ള കരാറുകൾ ലഭിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾക്ക് വൻതോതിൽ കൈക്കൂലി നൽകിയെന്ന് വ്യക്തമായിട്ടുണ്ട്. കേരളത്തിൽ കെ.എസ്.ആർ.ടി.സി അടക്കം ദീർഘദൂര സർവിസുകൾക്ക് സ്കാനിയയെയാണ് ആശ്രയിക്കുന്നത്. ഒരു കോടി രൂപ വരെ വില മതിക്കുന്ന ബസുകളാണ് സ്കാനിയ നിരത്തിലിറക്കുന്നത്.
മന്ത്രിയുടെ ഓഫീസിന്റെ പ്രതികരണം
ആഡംബര ബസുമായി ഉയർന്ന ആരോപണങ്ങളെല്ലാം നിതിൻ ഗഡ്കരിയുടെ ഓഫീസ് നിഷേധിച്ചു. ആഡംബര ബസ് വാങ്ങിയതിലോ വിൽപന നടത്തിയതിലോ ഗഡ്കരിക്കോ കുടുംബത്തിനോ ഒരു ബന്ധവുമില്ലെന്നാണ് വിശദീകരണം. ഒരു കൂട്ടം മാധ്യമങ്ങൾ മന്ത്രിയെ കളങ്കപ്പെടുത്താൻ നടത്തുന്ന ദുഷിച്ച പ്രചാരണമാണ് ഇതിനുപിന്നിലെന്നും പ്രസ്താവനയിൽ പറഞ്ഞു. സ്കാനിയ ബസ് വിവാദം സ്വീഡിഷ് കമ്പനിയുടെ ആഭ്യന്തര പ്രശ്നമായതുകൊണ്ട് സ്കാനിയ ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണത്തിനായി കാത്തിരിക്കുകയാണ് മാധ്യമങ്ങൾ ചെയ്യേണ്ടത്. ഗഡ്കരിക്ക് തങ്ങൾ ബസ് വിറ്റിട്ടില്ലെന്ന് സ്കാനിയ വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അതേസമയം, തങ്ങളുടെ സ്കാനിയ മെട്രോ ലിങ്ക് ബസ് ബംഗളൂരു കേന്ദ്രമാക്കിയ ട്രാൻസ്പോ മോട്ടോഴ്സ് എന്ന ഡീലർമാർക്ക് വിറ്റതായി സ്കാനിയ വെളിപ്പെടുത്തിയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഈ കമ്പനിയാകട്ടെ നാഗ്പൂർ കേന്ദ്രമാക്കിയ സുദർശൻ ഹോസ്പിറ്റാലിറ്റിക്ക് ബസ് വിറ്റു. ഗഡ്കരിയുടെ വ്യക്തിപരമായ ആവശ്യത്തിനായി ബസ് കൈമാറിയെന്ന റിപ്പോർട്ടുകൾ സുദർശൻ ഹോസ്പിറ്റാലിറ്റി നിഷേധിച്ചു. ഗഡ്കരിയുടെ കുടുംബത്തിന് ബസ് വിറ്റതായ ആരോപണത്തെ കുറിച്ച് സ്കാനിയ വക്താവ് ഹാൻസ് എകെ ഡാനിയൽസൺ പറയുന്നത് ഇങ്ങനെ: ' റിപ്പോർട്ടുകളിൽ പരാമർശിക്കുന്ന ബസ് 2016 ൽ സ്കാനിയ ഇന്ത്യയുടെ പക്കൽ നിന്ന് സ്വകാര്യ ഡീലർമാരിൽ ഒരാളാണ് വാങ്ങിയത്. ഇത് ആ ഡീലർമാർ തങ്ങളുടെ ഉപഭാക്താക്കളിൽ ഒരാളായ ഒരു ഇന്ത്യൻ ബസ് ഓപ്പറേറ്റർക്ക് കൈമാറി. ബസ് ഇപ്പോൾ എവിടെയെന്ന് വിവരമില്ല.'
നാഗ്പൂരിൽ സ്കാനിയയുടെ എത്തനോൾ ഉപയോഗിച്ച് ഓടുന്ന ബസിന് ഗഡ്കരി തുടക്കം കുറിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. നാഗ്പൂർ മുനിസിപ്പൽ കോർപറേഷൻ ഇതുമായി ബന്ധപ്പെട്ട് പൈലറ്റ് പദ്ധതി തുടങ്ങി വയ്ക്കുകയും, പിന്നീട് സ്വീഡിഷ് കമ്പനിയുമായി ധാരണാപത്രം ഒപ്പുവയ്ക്കുകയും ചെയ്തു. ഗഡ്കരിയുടെ ആൺമക്കളുമായി തങ്ങൾക്ക് ബിസിനസ് കരാറുകൾ ഉണ്ടെന്ന ആരോപണവും സ്കാനിയ നിഷേധിച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്