ന്യൂഡൽഹി: മലയാളി എയർ ഇന്ത്യ ഉദ്യോഗസ്ഥനെ ചെരുപ്പൂരിയടിച്ച ശിവസേന എംപിയുടെ വിമാനയാത്രാ വിലക്കിനെച്ചൊല്ലി ലോക്‌സഭയിൽ കേന്ദ്രമന്ത്രിമാർ നേർക്കുനേർ. വ്യോമയാനമന്ത്രി അശോക് ഗജപതി രാജുവിനടുത്തേക്ക് കൈചൂണ്ടി ചെന്ന കേന്ദ്രമന്ത്രി ആനന്ദ് ഗീഥെയെ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങാണ് തടഞ്ഞത്. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് അശോക് ഗജപതി രാജു പറഞ്ഞതാണ് ശിവസേനയുടെ ഏക കേന്ദ്രമന്ത്രിയായ ഗീഥെയെ പ്രകോപിപ്പിച്ചത്.

ശിവസേനാ എംപി രവീന്ദ്ര ഗെയ്ക്‌വാദിന് വിമാന കമ്പനികൾ ഏർപ്പെടുത്തിയ വിലക്കുമായി ബന്ധപ്പെട്ട് നാടകീയ രംഗങ്ങൾക്കാണ് ലോക്‌സഭ വേദിയായത്. ഗെയ്ക്‌വാദിന് ഏർപ്പെടുത്തിയ യാത്രാ വിലക്കിൽ ഇടപെടാൻ വിസമ്മതിച്ച കേന്ദ്രവ്യോമയാന മന്ത്രി അശോക് ഗണപതി രാജുവിനെതിരെ ശിവസേന അംഗങ്ങൾ കടുത്ത രോഷത്തോടെയാണു പ്രതികരിച്ചത്. എംപിയെ വളഞ്ഞിട്ട് ആക്രോശിക്കാൻ വരെ ശിവസേന എംപിമാർ മുതിർന്നു. മന്ത്രിയെ പ്രതിരോധിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും മറ്റു മന്ത്രിമാരും പാഞ്ഞെത്തുകയായിരുന്നു. ലോക്സഭയിലെ ഇടവേളയിലായിരുന്നു സംഭവം.

ജീവനക്കാരെ തല്ലിയ രവീന്ദ്ര ഗെയ്ക്‌വാദ് മാപ്പ് പറയാതെ യാത്രാ വിലക്ക് പിൻവലിക്കില്ലെന്ന നിലപാടിലാണ് എയർലൈൻ കമ്പനികൾ. വിഷയത്തിൽ വ്യോമയാന മന്ത്രി ഇടപെടാത്തതിൽ ആനന്ദ് ഗിതെയുടെ നേതൃത്വത്തിലായിരുന്നു ശിവസേനയുടെ രോഷപ്രകടനം. 'നാളെ മുതൽ മുംബൈയിൽ നിന്നും ഒരു വിമാനവും പറക്കില്ല' എന്ന് ഗീതെ തുടരെ ആക്രോശിച്ചു. തൊട്ടുപിന്നാലെ ശിവസേന എംപിമാർ മന്ത്രിയുടെ ഡെസ്‌കിന് ചുറ്റിലും അണിനിരന്നു.

കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് മനസിലായതോടെ രാജ്നാഥ് സിങ്ങും മന്ത്രിമാരും ഗജപതിയെ സംരക്ഷിക്കാൻ പാഞ്ഞെത്തി. ബിജെപി എംപി എസ്.എസ്. അലുവാലിയ മന്ത്രിയെ സുരക്ഷിതമായി സഭയ്ക്ക് പുറത്തെത്തിച്ചു. പ്രശ്നപരിഹാരത്തിന് വ്യോമയാന മന്ത്രി കമ്പനികളോട് ഉടൻ ചർച്ച നടത്തുമെന്ന് രാജ്നാഥ് സിങ് പിന്നീട് സഭയെ അറിയിച്ചു.

എയർ ഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരി തല്ലിയതിൽ രവീന്ദ്ര ഗെയ്ക്ക്വാദ് ഇന്ന് പാർലമെന്റിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. സംഭവത്തിൽ പാർലമെന്റിനോട് മാപ്പു പറയുന്നു. അല്ലാതെ പാർലമെന്റ് അംഗങ്ങളെയും പ്രധാനമന്ത്രിയേയും അപമാനിച്ച് സംസാരിച്ച് തന്നെ കൈയേറ്റം ചെയ്ത എയർ ഇന്ത്യ ജീവനക്കാരനോടല്ല മാപ്പ് പറയുന്നതെന്നും എംപി പറഞ്ഞു. സഭയിലെ മറ്റു ശിവസേന അംഗങ്ങൾ കയ്യടികളോടെയാണ് ഗെയ്ക്ക്വാദിന്റെ വാക്കുകളെ വരവേറ്റത്.

ഗെയ്ക്ക്വാദ് മാപ്പ് പറഞ്ഞതിന് പിന്നാലെ വിമാന യാത്രാ വിലക്ക് നീക്കണമെന്ന് ശിവസേന അംഗങ്ങൾ ആവശ്യപ്പെട്ടു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നായിരുന്നു ഗജപതി രാജുവിന്റെ പ്രതികരണം. യാത്രികരുടെ സുരക്ഷക്കാണ് പ്രഥമ പരിഗണനയെന്നും മന്ത്രി പറഞ്ഞു. ഇതിനുപിന്നാലെയാണ് സഭയിൽ നാടകീയ സംഭവങ്ങൾ ഉണ്ടായത്.
വിമാന യാത്രാ വിലക്കുള്ളതിനാൽ ചാർട്ടേർഡ് വിമാനത്തിലാണ് ഇന്ന് ഗെയ്ക്ക്വാദ് പാർലമെന്റിൽ എത്തിയിരുന്നത്. കഴിഞ്ഞ രണ്ടാഴ്‌ച്ചയായി നാല് തവണ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചിരുന്നെങ്കിലും ടിക്കറ്റ് നൽകില്ലെന്ന നിലപാടിൽ ഉറച്ച് തന്നെയാണ് വിമാനകമ്പനികൾ.