മുക്കം:കോഴിക്കോട് കലക്ടറേറ്റിൽ വെച്ച് കൈകൊണ്ട ചർച്ചാതീരുമാനങ്ങൾ മാനിക്കാതെ ഇരകൾക്കു രേഖകൾ കൈമാറാൻ പോലും തയ്യാറാവാതെ, പൊലീസ് സഹായത്തോടെ അനധികൃത രീതിയിൽ നിർമ്മാണപ്രവർത്തി നടത്താൻ എത്തിയ ഗെയിൽ അധികൃതരെ എരഞ്ഞിമാവ് സമരസമിതിയുടെ നേതൃത്വത്തിൽ തടഞ്ഞു.

നിർമ്മാണപ്രവർത്തി നടക്കുന്ന വലിയപറമ്പിനടുത്ത-സർക്കാർപറമ്പിൽ പ്രതിഷേധ പ്രകടനവുമായി എത്തിയ സമരസമിതി നേതാക്കളെയും സ്ത്രീകളെയും കുട്ടികളെയും ഡിവൈഎസ്‌പി. പിസി സജീവൻ കൊടുവള്ളി സി.ഐ ചന്ദ്രമോഹൻ മുക്കം എസ്ഐ അഭിലാഷ്, എസ് ഐ ജോയ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ്ചെയ്തു മുക്കം സ്റ്റേഷനിൽ എത്തിച്ചു. ആയിഷ കക്കാടംചാലിൽ, അബ്ദുൽ ജബ്ബാർ ചേന്നമംഗലൂർ, എന്നിവർ ഉൾപ്പടെയുള്ളവർക്കു പഞ്ചനാമ പോലും നൽകാതെയാണ് ജനവാസമേഖലയായ സർക്കാർപറമ്പിൽ നിർമ്മാണത്തിനു തുടക്കം കുറിച്ചത്.

എരഞ്ഞിമാവ് സമരസമിതി ചെയർമാൻ ഗഫൂർ കുറുമാടൻ, രക്ഷാധികാരി എം ടി അഷ്റഫ്, ബശീർ പുതിയോട്ടിൽ, കരീം പയങ്കൽ, ടി.പി മുഹമ്മദ്, ബാവ പവർവേൾഡ്, നൂറുദ്ധീൻ കക്കാട്, അസീസ് കക്കാട്, അബ്ദുമാസ്റ്റർ ചാലിൽ എന്നിവരെയാണ് മുക്കം എസ്.ഐ അഭിലാഷും സംഘവും അറസ്റ്റ് ചെയ്തത്. പിന്നീട് റഷീഫ് കണിയാത്, എൻ കെ അൻവർ എന്നിവരുടെ ആൾജ്യാമ്യത്തിൽ വിട്ടയച്ചു. റൈഹാനബേബി, സി.ജെ ആന്റണി, കെ.സി അൻവർ, ഇ.കെ.കെ ബാവ, മജീദ് പുതുക്കുടി, ജ്യോതിബാസു കാരക്കുറ്റി, സാലിം ജീറോഡ് എന്നിവർ ചേർന്നു സ്വീകരിച്ചു.