കൊളത്തൂർ : ഇന്ന് ഭരണകൂടം നടത്തുന്ന വികസനം ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിലുപരി കോർപ്പറേറ്റ് താൽപര്യം സംരക്ഷിക്കുന്നതാണെന്നും ഗെയിൽ പൈപ് ലൈൻ അതിന്റെ അവസാന ഉദാഹരണമാണെന്നും വെൽഫെയർ പാർട്ടി മലപ്പുറം ജില്ല സെക്രട്ടറി മുനീബ് കാരക്കുന്ന്. ഫ്രറ്റേണിറ്റി മങ്കട ഗവ കോളേജ് ഗെയിൽ - പുതുവൈപ്പിൻ ഐക്യദാർഢ്യ വേദിയിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കേരള ജനതക്ക് ഉപകാരമില്ലാത്ത പദ്ധതിയാണിത്. ഒരു നോട്ടിഫിക്കേഷനും മുന്നറിയിപ്പുമില്ലാതെ സാധാരണ ജനങ്ങളുടെ ഭൂമിയിൽ മർദ്ദക സംവിധാനമുപയോഗിച്ചുള്ള ഭരണകൂടത്തിന്റെ ഭൂമി കയ്യേറ്റമാണ് ഇത്തരം പ്രദേശങ്ങളിൽ നടന്നു കൊണ്ടിരിക്കുന്നതെന്നും ഒരു സുരക്ഷാ മാനദണ്ഡവും പാലിക്കുന്നില്ല എന്ന് ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ കണ്ടെത്തിയിട്ടും ഗെയിലിന്റെ ഈ പദ്ധതിക്കെതിരെ ഒരു നടപടിയും സ്വീകരിക്കാൻ സർക്കാർ തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിരിക്കുമ്പോൾ പാവപ്പെട്ട വികസനങ്ങളുടെ ഇരകളാക്കപ്പെടുന്ന ജനങ്ങളുടെ നിലവിളികളെയും കണ്ണീരിനെയും അധികാരത്തിലേക്കുള്ള ചവിട്ടുപടികളായി ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയം ഇനിയെങ്കിലും പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ ഉപേക്ഷിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്രറ്റേണിറ്റി ജില്ല കാമ്പസ് കമ്മിറ്റി അംഗം ആബിദ് വല്ലപ്പുഴ അധ്യക്ഷത വഹിച്ചു. എഫ്.ഐ.ടി.യു മലപ്പുറം ജില്ല പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ, ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റിയംഗം അഫ് സൽ കടന്നമണ്ണ എന്നിവർ സംബന്ധിച്ചു.ഫ്രറ്റേണിറ്റി ജില്ലാ കാമ്പസ് കമ്മിറ്റി അംഗം അജ് മൽ തോട്ടോളി, ഹുദാ ഫാത്തിമ എന്നിവർ സംസാരിച്ചു. എ.കെ ഫിദ, റിയ റുക്സാന, ലിയാന ഷബ് നം, ഷിബിലി തിരൂർക്കാട്, ശാലിയ എന്നിവർ നേതൃത്വം നൽകി.