കോഴിക്കോട്: ജനവാസ കേന്ദ്രങ്ങളിലൂടെ ഗെയിൽ പൈപ്പ്ലൈൻ കടന്നുപോകുന്നതിനെതിരെ നാട്ടുകാർ നടത്തുന്ന പ്രക്ഷോഭങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരളാ അമീർ എം. ഐ അബ്ദുൽ അസീസ് പറഞ്ഞു.

ജനാധിപത്യത്തിന് എതിരും രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൾക്ക് വിരുദ്ധവുമായ സമീപനമാണ് സർക്കാറിന്റെത്. ജനവാസ കേന്ദ്രങ്ങളിലൂടെ പൈപ്പ് ലൈൻ നിർമ്മിക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികളിൽ മിക്കതും പാലിക്കാതെയാണ് ഗെയിലും സർക്കാറും മുന്നോട്ട് പോകുന്നത്. പദ്ധതി സുതാര്യമോ നാട്ടുകാരുടെ താൽപര്യങ്ങളൈ മാനിക്കുന്നതോ അല്ലാത്ത സാഹചര്യത്തിൽ ജനകീയ പ്രക്ഷോഭങ്ങൾ സ്വാഭാവികമാണ്. അവ ജനാധിപത്യത്തിന്റെ ഭാഗവുമാണ്. ഇത്തരം സമരങ്ങളെ ബലപ്രയോഗത്തിലൂടെ ഇല്ലാതാക്കാനാവില്ലെന്ന തിരിച്ചറിവ് ഇടതുപക്ഷ സർക്കാറിനുണ്ടാവണം. വീടുകളിൽ വരെ പൊലീസ് അതിക്രമിച്ചു കയറിയിരിക്കുന്നു. സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കുകയും നാട്ടുകാരോട് പ്രതികാരെ ബുദ്ധിയോടെ പെരുമാറുകയും ചെയ്യുന്ന രീതി സർക്കാർ അവസാനിപ്പിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട അബ്ദുൽ അസീസ് പ്രക്ഷോഭത്തെ പിന്തുണക്കുന്നതായി അറിയിച്ചു.