ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിക്കെതിരെ സമരം ചെയ്യുന്നവർ വികസന വിരോധികളോ പ്രത്യേക മതവിശ്വാസികളോ അല്ലെങ്കിൽ ഇപ്പോൾ പറഞ്ഞ് പരത്താൻ ശ്രമിക്കുന്നപോലെ തീവൃവാദികളോ അല്ല. സമരം തെറ്റാണെന്നും അവർ വികസന വിരോധികളാണെന്നും സർക്കാർ അനുകൂലികൾ പറയുന്നു. അവരുടെ സ്വത്തും സമ്പത്തും സംരക്ഷിക്കേണ്ടത് അവരുടെ ആവശ്യമാണ്. അതുകൊണ്ട് അവർ സമരം ചെയ്യുന്നു. എന്നാൽ ജനങ്ങളുടെ സംശയം ദൂരീകരിക്കാതെ പദ്ധതി നടപ്പാക്കുമെന്ന സർക്കരിന്റെ വാശിയാണ് ഉപേക്ഷിക്കേണ്ടത്.

നാട്ടിൽ കൊടുക്കൽ വാങ്ങലുകൾ ഉണ്ടായാൽ മാത്രമെ വികസനം നടപ്പാകു, എക്കണോമി വികസിക്കു. സ്വത്തിനും ജീവനും ഭീഷണി ഉയർത്തുന്ന സംഭവങ്ങൾക്കെതിരെ സമരം ചെയ്യുന്നതും ചോദ്യം യർത്തുന്നതും വികസന വിരോധികൾ മാത്രമാണ് എന്നത് തെറ്റായ ധാരണയാണ്. ഏത് പദ്ധതിയായാലും അതിനോട് അനുബന്ധിച്ച് ഉണ്ടാകുന്ന സംശയങ്ങൾ ദുരീകരിക്കാൻ പദ്ധതി നടപ്പാക്കുന്നവർക്ക് സാധിക്കണം.

പിണറായി വിജയൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉടൻ പ്രധാനമന്ത്രിക്ക് വാക്ക് നൽകിയതാണ് യാതൊരു തടസവുമില്ലാതെ പദ്ധതി നടപ്പാക്കുമെന്നത്. ആ വാശിയാണ് ഇപ്പോൾ പദ്ധതി വേഗത്തിൽ നടത്താൻ സർക്കാർ ശ്രമിക്കുന്നതിന് കാരണവും. സമരം നടത്തുന്നവർ പ്രത്യേക മത വിശ്വാസികളാണെന്ന് വരുത്തി തീർക്കാനുള്ള പ്രചാരണം തെറ്റാണ്. അവർ ഉയർത്തുന്ന വിഷയങ്ങളിൽ ചില ശരികളുമുണ്ട്.

എല്ലാ വീടുകളിലും പൈപ്പ് വഴി ഗസ്സ് എത്തിക്കുമെന്നും അതില്ലാതെ മുൻപോട്ട് പോകാനാവില്ലെന്നുമുള്ള വാദങ്ങളെല്ലാം ന്യായീകരണത്തിന് മാത്രമാണ്. അടിസ്ഥാനപരമായി പദ്ധതി വ്യവസായങ്ങൾക്ക് വേണ്ടി മാത്രമാണ്. പദ്ധതിയിൽ എത്രമാത്രം സുരക്ഷയുണ്ടെന്നോ മറ്റ് മാർഗങ്ങളുണ്ടോയെന്നോ നോക്കുന്നതിന് മുൻപുള്ള വാശിയാണ് ഇപ്പോൾ കാണുന്നത്. 2014 ൽ ഗെയിൽ പൈപ്പ്‌ലൈൻ അപകടത്തിൽ ഈസ്റ്റ് ഗോദാവരിയിൽ 22 പേർ മരിച്ചു. അതിനാൽ അവർ ഉയർത്തുന്ന സുരക്ഷ പ്രശ്‌നങ്ങൾ ഗൗരവമുള്ളതാണ്. അഥവാ എന്തെങ്കിലും മുൻകരുതൽ സർക്കാർ എടുക്കുന്നുണ്ടെങ്കിൽ അത് ജനങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യവും സർക്കാരിനുണ്ട്.

സർക്കാർ ഭൂമി ഏറ്റെടുക്കുന്നില്ല എന്നതാണ് ഗെയിൽ സമരത്തിൽ ഉയരുന്ന പ്രധാന വിഷയം. ഭൂമി ഏറ്റെടുത്ത് അതിന്റെ ചെലവ് സർക്കാർ വഹിക്കാൻ തയ്യാറല്ല. സർക്കാർ ആവശ്യത്തിന് വേണ്ടിയെടുക്കുന്ന ഭുമിക്ക് മാത്രമാണ് തുക നൽകുന്നത്, അതും ന്യായവിലയുടെ തുച്ഛമായ ഒരു തുക മാത്രം. ഫലത്തിൽ സർക്കാർ ഭൂമി ഏറ്റെടുക്കുന്നുമില്ല എന്നാൽ അവർക്ക് ഭൂമിയിൽ ഒന്നും ചെയ്യാനും കഴിയുന്നില്ല. അതിനാൽ ജനങ്ങൾ ഉന്നയിക്കുന്ന സംശയങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകിയിട്ട് വേണം പദ്ധതി മുന്നോട്ട് കൊണ്ട്‌പോകാൻ.

ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് കാണാം