കോഴിക്കോട്: വികസന പദ്ധതികൾ എല്ലാം വൻ വിവാദത്തിൽ കലാശിക്കുന്ന കേരളത്തിൽ ഗെയിൽ പദ്ധതിയിലൂടെ പിണറായി സർക്കാർ നേടിയെടുത്തത് വൻ വികസന കുതിപ്പ്. കൊച്ചി മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ വൈകാതെതന്നെ അടുക്കളകളിൽ പൈപ്പിലുടെ ഗ്യാസ് എത്തിക്കാനാവും. കൊച്ചിയിൽ നേരത്തെ തന്നെ സിറ്റിഗ്യാസ് പദ്ധതി തുടങ്ങിയിട്ടുണ്ട്. പാലക്കാട്ട് മാർച്ചിൽ തുടങ്ങും. വാഹനങ്ങൾക്കായി ഇനി സിൻജി സ്റ്റേഷനുകൾ തുടങ്ങുന്നതോടെ ഇന്ധനച്ചെലവ് കുറയുക 20 ശതമാനം. ഇതിനെല്ലാം പുറമെ അടുത്ത നികുതി വരുമാനമായി ലഭിക്കുക ആയിരം കോടിയോളം രൂപയാണെന്നും കണക്കാക്കാപ്പെടുന്നു.

സംസ്ഥാനത്ത് ഗെയിൽ (ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ) പൈപ്പ് ലൈൻ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെയാണ് അറിയിച്ചത്. 'ഡിസംബർ ആദ്യവാരം പദ്ധതി കമ്മിഷൻ ചെയ്യും. പദ്ധതി പൂർണതോതിലായാൽ 500 മുതൽ 700 കോടി വരെ നികുതിവരുമാനം ലഭിക്കും. പദ്ധതിയിലെ തടസം നീക്കാൻ സഹായിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിയുണ്ട്'- മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ വാക്കകുൾ ആണിത്. ഇതിനായ സംസ്ഥാന സർക്കാർ പ്രത്യേക പ്രെജക്റ്റ് സെൽ തുടങ്ങി. 5781 കോടി രൂപ ചെലവിട്ടാണ് പദ്ധതി പൂർത്തിയാക്കിയത്. വാഹനങ്ങൾക്കായി ഇനി സിൻജി സ്റ്റേഷനുകൾ തുടങ്ങാൻ കഴിയും. ഇന്ധനച്ചെലവ് ശരാശരി 20 ശതമാനം കുറയും. പാചകവാതകം പൈപ്പിലൂടെ വീട്ടിലെത്തിക്കുന്ന പൈപ്പഡ് നാച്ചറൽ ഗ്യാസ് കൊണ്ടുവരാൻ കഴിയുന്നത് കേരളത്തിൽ ചരിത്ര നേട്ടമാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

കൊച്ചിയിൽനിന്ന് തൃശ്ശൂർവഴി പാലക്കാട്ടെ കൂറ്റനാട് വരെയുള്ള 90 കിലോമീറ്റർ കുഴൽ 2019 ജൂണിൽ കമ്മിഷൻ ചെയ്തിരുന്നു. കൂറ്റനാടാണ് പ്രധാന ജങ്ഷൻ. ഇവിടെനിന്നാണ് 354 കിലോമീറ്ററുള്ള മംഗളൂരു കുഴലും 525 കിലോമീറ്ററുള്ള ബെംഗളൂരു കുഴലും തുടങ്ങുന്നത്. ബെംഗളൂരു കുഴലിന്റെ ഭാഗമായുള്ള കൂറ്റനാട്-വാളയാർ പ്രകൃതിവാതകക്കുഴൽ ഡിസംബറൽ കമ്മിഷൻ ചെയ്യും. ഗെയിൽ പ്രകൃതിവാതകക്കുഴൽ പൂർണമായി കമ്മിഷൻ ചെയ്യുന്നതോടെ നികുതിയിനത്തിൽ സംസ്ഥാനത്തിന് വർഷംതോറും 1000 കോടിയോളം രൂപ കിട്ടുമെന്നാണ് കണക്കാക്കുന്നത്.

ടാപ് ഓഫിൽനിന്ന് കണക്ഷനെടുത്ത് ഗ്യാസ് വിതരണം

മംഗലാപുരത്തെ വ്യാവസായിക യൂണിറ്റുകൾക്ക് ഗെയിൽ പൈപ്പ് ലൈനിൽ നിന്ന് ഇന്നുമുതൽ ഗ്യാസ് ലഭ്യമായി. വീടുകളിലും വാണിജ്യ സ്ഥാപനങ്ങളിലും പൈപ്പ് വഴി വാതകം എത്തിക്കുന്ന പദ്ധതിയാണു സിറ്റി ഗ്യാസ്. കാച്ചിയിൽ സിറ്റി ഗ്യാസ് കണക്ഷൻ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഗെയിൽ കുഴലിൽനിന്ന് സിറ്റി ഗ്യാസ് വിതരണ കണക്ഷനെടുക്കാനായി വിവിധയിടങ്ങളിൽ ടാപ് ഓഫ് സംവിധാനമൊരുക്കിയിട്ടുണ്ട്. കൊച്ചി കളമശ്ശേരിയിലുള്ള ടാപ് ഓഫിൽനിന്ന് കണക്ഷനെടുത്ത് 2016ൽത്തന്നെ സിറ്റി ഗ്യാസ് വിതരണം തുടങ്ങിയിട്ടുണ്ട്. തൃശ്ശൂർ ജില്ലയിൽ കുന്നംകുളം, പാലക്കാട് മലമ്പുഴ, മലപ്പുറം നറുകര, കോഴിക്കോട് ഉണ്ണികുളം, കണ്ണൂർ കൂടാളി, കാസർകോട് അമ്പലത്തറ എന്നിവിടങ്ങളിലാണ് സിറ്റി ഗ്യാസിനായുള്ള ടാപ് ഓഫ് ഉള്ളത്. അതതു പ്രദേശങ്ങളിൽ അനുമതി ലഭിച്ചിട്ടുള്ള കമ്പനികൾ പൈപ്പ് ലൈനിലൂടെ പ്രകൃതിവാതകം വീടുകളിലും സ്ഥാപനങ്ങളിലും പെട്രോൾ പമ്പുകളിലും എത്തിക്കും. ഇത് വൈകാതെ തുടങ്ങാൻ കഴിയും എന്നാണ് അറിയുന്നത്. അതോടെ വാട്ടർകണക്ഷൻപോലെ ആവും ഗ്യാസ് കണക്ഷനും. ടാങ്കറുകളിൽ പാചക വാതകം കൊണ്ടുവരുന്ന രീതി ഇതോടെ മാറും. അതുവഴിയുണ്ടാവുന്ന അപകടങ്ങളും കുറക്കാൻ കഴിയും. തെക്കൻ ജില്ലകളിലേക്ക് തൽകാലം പ്രകൃതിവാതകക്കുഴലില്ല. പകരം ജില്ലാ അടിസ്ഥാനത്തിൽ വലിയ ഇന്ധന ടാങ്ക് പോലെ സംഭരണശേഷി കൂടിയ എൽ.എൻ.ജി. പാക്കേജ് സ്റ്റേഷനുകൾ സ്ഥാപിച്ച് കൊച്ചിയിൽനിന്ന് ടാങ്കറുകളിൽ പ്രകൃതിവാതകം എത്തിക്കും. ഈ നിലക്ക് സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് തന്നെയാണ് ഗെയിലിലൂടെ കളം ഒരുങ്ങുന്നത്.

പാലക്കാട് പൈപ്പഡ് ഗ്യാസ് മാർച്ചോടെ

.കൂറ്റനാട് നിന്നു ബെംഗളൂരുവിലേക്കുള്ള പ്രകൃതിവാതക പൈപ്പ് ലൈൻ വാളയാർ വരെയെത്തിയാൽ പാലക്കാട്ടു വാതകം ലഭിക്കും. കൊച്ചി മംഗളൂരു പ്രകൃതിവാതക പൈപ്പ് ലൈനിന്റെ ഭാഗമായ കൂറ്റനാട് വാളയാർ ബെംഗളൂരു പൈപ്പ് ലൈനിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. കൂറ്റനാട് മുതൽ വാളയാർ വരെ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തികൾ പൂർത്തിയായി. ലൈൻ കടന്നുപോകുന്ന വിവിധ പ്രദേശങ്ങളിലെ ഗ്യാസ് സ്റ്റേഷനുകളുടെ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. തൃശൂർ, പാലക്കാട് ജില്ലകളുടെ അതിർത്തിയായ പല്ലൂർ, തുടർന്ന് വാണിയംകുളം, ലക്കിടി പേരൂർ, മുണ്ടൂർ, മലമ്പുഴ വഴിയാണു പൈപ്പ് ലൈൻ വാളയാറിലെത്തുന്നത്. പ്രധാന ലൈനിന്റെ ഭാഗമായ കൂറ്റനാട് സ്റ്റേഷന്റെ പണി പൂർത്തിയായിട്ടുണ്ട്. മറ്റു സ്റ്റേഷനുകളുടെ നിർമ്മാണം ജനുവരിയോടെ പൂർത്തിയാക്കി കമ്മിഷൻ ചെയ്യാൻ സാധിക്കുമെന്നാണു ഗെയിൽ അധികൃതരുടെ പ്രതീക്ഷ. എന്നാൽ, കനാൽ തുറന്നു കൃഷിയിടങ്ങളിലേക്കു വെള്ളം വിട്ടുതുടങ്ങിയാൽ പണി വൈകും.

ഗെയിൽ പൈപ്പ് ലൈനിൽ മലമ്പുഴ കനാൽ പിരിവ് ഭാഗത്തു കണക്ടിവിറ്റി പോയിന്റ് (വാതകം കൈമാറാനുള്ള സ്ഥലം) സ്ഥാപിച്ചാണു സിറ്റി ഗ്യാസ് പദ്ധതിക്കായി വാതകം എത്തിക്കുക. പാലക്കാട് നഗരപരിധിയിലായിരിക്കും തുടക്കത്തിൽ പദ്ധതി നടപ്പാക്കുക. ആദ്യ ഘട്ടത്തിൽ 4 ഗ്യാസ് സ്റ്റേഷനുകൾ സ്ഥാപിക്കും. അദാനി ഗ്രൂപ്പിനാണു വിതരണത്തിനുള്ള കരാർ ലഭിച്ചിരിക്കുന്നത്. പാലക്കാട് റോഡ് മാർഗമുള്ള പാചകവാതക നീക്കം ഒഴിവാക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷനും (ഐഒസി) ഭാരത് പെട്രോളിയവും ചേർന്നു നടപ്പാക്കുന്ന കൊച്ചി സേലം പൈപ്പ് ലൈൻ പദ്ധതിയുടെ പണിയും പുരോഗമിക്കുകയാണ്. 2022 ഫെബ്രുവരിയോടെ പൂർത്തിയാക്കാനാണു പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റഗുലേറ്ററി ബോർഡിന്റെ നിർദ്ദേശം.

വൻതോതിലുള്ള വാതക നീക്കത്തിനായി ഉപയോഗിക്കുന്ന ബുള്ളറ്റ് ടാങ്കറുകൾ ഒട്ടേറെ അപകടങ്ങളാണു സൃഷ്ടിക്കുന്നത്. കൊച്ചി പുതുവൈപ്പിൽ സ്ഥാപിക്കുന്ന ഇറക്കുമതി ടെർമിനലിൽ നിന്നു കൊച്ചി സേലം പൈപ്പ് ലൈനിലൂടെ സംസ്ഥാനത്തെ വിവിധ ജില്ലകളിലും തമിഴ്‌നാട്ടിലും വാതകം എത്തിക്കാനും കഴിയും.

യുഡിഎഫ് ഉപേക്ഷിക്കാനിരുന്ന പദ്ധതി

യുഡിഎഫ് ഉപേക്ഷിക്കാനിരുന്ന പദ്ധതി ഏറ്റെടുത്ത് നടത്തി യാഥാർഥ്യമാക്കിയതിന്റെ ക്രെഡിറ്റ് എൽഡഫഎഫ് സർക്കാറിനാണ്. പക്ഷേ അന്ന് പ്രതിപക്ഷത്തുള്ള സിപിഎം ഇത് ഭുമിക്കടിയിലെ ബോംബാണെന്ന് പറഞ്ഞാണ് പ്രചാണം നടത്തിയത്. എന്നാൽ ഭരണം മാറിയതോടെ സിപിഎമ്മുകാർ ഗെയിലിന്റെ നടത്ത്ിപ്പുകാർ ആയി. പിണറായ അധികാരമേറ്റ് ആദ്യ കൂടിക്കാഴ്ചയിൽ മോദി ചോദിച്ചതും ഗെയിൽ പദ്ധതി നടപ്പാക്കാൻ പറ്റുമോ എന്നതിനെ കുറിച്ചായിരുന്നു. മൊത്തം 510 കിലേമീറ്റർ വരുന്നതിൽ വെറും 40 കിലോമീറ്റർ മാത്രമാണ് യുഡിഎഫ് കാലത്ത് ചെയ്യാൻ കഴിഞ്ഞത്. ഉപേക്ഷിക്കുമെന്ന ഘട്ടത്തിലെത്തിയ പദ്ധതി എൽഡിഎഫ് അധികാരത്തിൽ എത്തിയതോടെ ജീവൻ വെക്കുകയായിരുന്നു.. എല്ലാകാരാറുകളും റദ്ദാക്കി ഗെയിലും പദ്ധതി അവസാനിപ്പിക്കാൻ പോകുന്ന ഘട്ടത്തിലാണ്, 2016ൽ ഇടതുസർക്കാർ അധികാരത്തിൽ കറിയത്. ഇതോടെ സ്ഥലമെടുപ്പിനുള്ള നഷട്പരിഹാരം ഇരട്ടിയാക്കിയത് അടക്കമുള്ള നടപടികളിലൂടെ പദ്ധതിക്ക് വേഗം കൂട്ടി.വർഗ്ഗീയ സംഘടനകളും കപടപരിസ്ഥിതി വാദികളും പദ്ധതിയെ അട്ടിമറിക്കാനാണ് ശ്രമിച്ചത് എന്നതും മറക്കാനാവില്ല.

ഈ പദ്ധതിയുടെ ക്രഡിറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും പേരുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ പറഞ്ഞത് നോക്കുക.'എല്ലാപണിയും പുർത്തിയായിട്ടും അവസാത്തെ ഒന്നര കിലോമീറ്റർ വിവധി സങ്കേതിക കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു. അതോടെ സംസ്ഥാന സർക്കാർ ഇതിന് പരിഹാരം കാണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നേരിട്ട് കത്തയച്ചു. അതിന്റെ ഭാഗമായി ഗെയിലിന്റെ ഒരു പ്രധാന ഉദ്യോഗസ്ഥനെ ഇനി പണിതീർത്തിട്ട് മാത്രം കേരളത്തിൽനിന്ന് പോന്നാൽ മതി എന്ന ധാരണയുടെ ഭാഗമായി ഇങ്ങോട്ട് അയച്ചിട്ടുണ്ട്. അവർ ഇവിടെ ക്യാമ്പ് ചെയ്ത് പ്രവർത്തനം നടത്തി. അങ്ങനെയാണ് പദ്ധതി പുർത്തിയായത്. ഈ സമയത്ത് വേണ്ട നടപടി സ്വീകരിച്ച പ്രധാനമന്ത്രിയോടുള്ള നന്ദി അറിയിക്കുന്നു.'- മുഖ്യമന്ത്രി ഇന്നലെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയതാണിത്. അങ്ങനെ നോക്കുമ്പോൾ കേരളത്തിന്റെ വികസന സംസ്‌ക്കാരത്തിലും സമാനതകൾ ഇല്ലാത്തതായി മാറുകയാണ് ഗെയിൽ പദ്ധതി.