ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗജരാജൻ വിജയകൃഷ്ണൻ ചരിഞ്ഞു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ക്ഷേത്രത്തിലെ നിത്യസാന്നിധ്യമായ അമ്പലപ്പുഴ വിജയകൃഷ്ണന് മതിയായ ചികിത്സ നൽകിയില്ലെന്നാരോപിച്ച് ഭക്തർ പ്രതിഷേധിച്ചു.

ക്ഷേത്രത്തിലെ ആനയായിരുന്ന അമ്പലപ്പുഴ രാമചന്ദ്രൻ ചരിഞ്ഞശേഷം നടയ്ക്കിരുത്തിയ ആനയാണ് വിജയകൃഷ്ണൻ. അമ്പലപ്പുഴ കൃഷ്ണന്റെ ഉത്സവ എഴുന്നള്ളിപ്പുകൾക്ക് തിടമ്പേറ്റിയിരുന്നത് വിജയകൃഷ്ണനാണ്. 2010ൽ തൃശൂർപൂരത്തിലും വിജയകൃഷ്ണൻ പങ്കെടുത്തിരുന്നു. 2011ൽ മദപ്പാട് കാലത്ത് വേണ്ടവിധം പരിചരിക്കാത്തത് മൂലം വിജയകൃഷ്ണന്റെ കാലുകളിൽ വ്രണം വന്നത് വിവാദം ആയിരുന്നു.

ഏറെ പ്രത്യേകതകൾ ഉള്ള ആനയായിരുന്നു വിജയകൃഷ്ണൻ. നിലത്തിഴയതക്ക നീളമുള്ള തുമ്പിക്കൈ, ഉള്ളിലേക്ക് ചാഞ്ഞുനിൽക്കുന്ന ഭംഗിയാർന്ന കൊമ്പുകൾ, മറ്റാനകളെ അപേക്ഷിച്ച് വാൽ രോമങ്ങളാൽ സമൃദ്ധം തുടങ്ങി ലക്ഷണമൊത്ത വിജയകൃഷ്ണനെ ആനപ്രേമികൾക്ക് ഏറെ പ്രിയങ്കരനാണ്.