ലോകാവസനത്തെച്ചൊല്ലി ഇടയ്ക്കിടെ ആശങ്കകൾ പരക്കുന്നത് പണ്ടുകാലം മുതൽക്കെയുള്ള പതിവാണ്. എന്നാൽ, ആശങ്കകൾ സത്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ലോകാവസാനം എന്നൊന്നില്ലെന്നും നാം സുരക്ഷിതരാണെന്നുമുള്ള വിശ്വാസം വെറുതെയാണെന്നാണ് ഇവരുടെ വാദം. 25 ദശലക്ഷം വർഷത്തിലൊരിക്കൽ ലോകാവസാനം ഉണ്ടായേ തീരൂവെന്ന് ഗവേഷകർ പറയുന്നു.

പ്രപഞ്ചമുണ്ടായ കാലം മുതൽക്ക് 25 ദശലക്ഷം വർഷം കൂടുമ്പോൾ ആകാശഗംഗയിൽനിന്നുള്ള ഉൽക്കമഴ ഭൂമിയിൽ സർവനാശം വരുത്തിയിട്ടുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. സൗരയൂഥത്തിന് പുറത്തുനിന്നുള്ള ക്ഷുദ്രഗ്രഹങ്ങളും ഉൽക്കകളുമാണ് സൗരയൂഥത്തിന്റെ വഴിയിലേക്ക് കടന്നുവരുന്നത്. ഇത്തരത്തിൽ ഏറ്റവുമൊടുവിൽ ഭൂമിയിൽ ഉൽക്കാപതനം ഉണ്ടായത് 11 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ്.

ഇനിയും ദശലക്ഷക്കണക്കിന് വർഷം കഴിഞ്ഞെങ്കിൽ മാത്രമേ ഭൂമിക്ക് അത്തരമൊരു ഭീഷണി നേരിടേണ്ടി വരൂ എന്ന വിശ്വാസം ശരിയല്ലെന്നാണ് ന്യുയോർക്ക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസ്സർ മൈക്കൽ റാംപിനോയുടെ അഭിപ്രായം. കഴിഞ്ഞ ഒന്നുരണ്ടു ദശലക്ഷം വർഷങ്ങൾക്കിടെ ഇത്തരം ക്ഷുദ്രഗ്രഹങ്ങളുടെയും വാൽനക്ഷത്രങ്ങളുടെയും സാന്നിധ്യം കൂടുതലാണെന്നും ഏതു നിമിഷവും മറ്റൊരു ദുരന്തം എത്തിയേക്കാമെന്നും അദ്ദേഹം പറയുന്നു.

ക്ഷുദ്രഗ്രഹങ്ങളുടെയും ഉൽക്കകളുടെയും വാൽനക്ഷത്രങ്ങളുടെയും സാന്നിധ്യം അപഗ്രഥിച്ച പ്രൊഫസ്സർ റാംപിനോയും കർനെഗി ഇൻസ്റ്റിറ്റിയൂട്ടിലെ പ്രൊഫസ്സൽ കെൻ കാൽഡെരിയയുമാണ് ഇത്തരമൊരു നിരീക്ഷണം നടത്തിയത്. 65 ദശലക്ഷം വർഷം മുമ്പ് മെക്‌സിക്കോയിലെ യുക്കാട്ടൺ തീരത്ത് പതിച്ച ഉൽക്കയാണ് ഭൂമുഖത്തെ ഡിനോസറുകളെ തുടച്ചുനീക്കിയതെന്ന് ഇവർ കണ്ടെത്തി. ഇത്തരത്തിൽ ആറ് പതനങ്ങൾ അതിനുശേഷം നടന്നിട്ടുണ്ടെന്നും അവർ പറയുന്നു.