ഗാൾവേ (അയർലണ്ട് ):ഗാൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്ൾസ് പള്ളിയിൽ അങ്കമാലി ഭദ്രാസനം ഹൈറേഞ്ചു മേഖല മെത്രാപ്പൊലീത്ത നി .വ .ദി .ശ്രീ .ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പൊലീത്തയ്ക്കു സ്വീകരണവും ദനഹാ ശുശ്രൂഷയും ജനുവരി 6 നു നടത്തപ്പെടും .6 -ാO തീയതി രാവിലെ 9 മണിക്ക് പള്ളിയിലെത്തിച്ചേരുന്ന അഭിവന്ദ്യ മെത്രാപ്പൊലീത്തയെ ഇടവക വികാരി റവ .ഫാ .ജോബിമോൻ സ്‌കറിയയുടെയും സഹവികാരി റവ .ഫാ .ബിജു പാറേക്കാട്ടിലിന്റെയും നേതൃത്വത്തിൽ ഇടവക ജനങ്ങളുടെ അകമ്പടിയോടുകൂടി പള്ളിയിലേക്ക് സ്വീകരിച്ചാനയിക്കുന്നു.

തുടർന്ന് പ്രഭാത പ്രാർത്ഥനക്കും വി.കുർബാനയ്ക്കും അഭിവന്ദ്യ തിരുമേനി നേതൃത്വം നൽകുന്നു .ദനഹാ പെരുന്നാൾ ദിവസമായി വി.സഭ കർത്താവിന്റെ മാമ്മോദീസ കൊണ്ടാടുന്ന അന്നേദിവസം ദനഹാ പെരുന്നാളിന്റെ പ്രത്യേക ശുശ്രൂഷകൾക്കും അഭിവന്ദ്യ തിരുമേനി കാർമ്മികത്വം വഹിക്കുന്നതായിരിക്കും.

കോതമംഗലം ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരി .എൽദോ മോർ ബസേലിയോസ് ബാവ കാൽനടയായി എത്തിച്ചേർന്ന പള്ളിവാസലിൽ ദയറാക്കാർക്കായി ഒരു ദയറാ പണികഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന അഭിവന്ദ്യ തിരുമേനി സഭയുടെ മറ്റനേകം സ്ഥാപനങ്ങളിലും,പ്രസ്ഥാനങ്ങളിലും ഭാഗഭാക്കായിട്ടുണ്ട്.സഭയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ മോർ ഗ്രീഗോറിയോസ് ജാക്കോബൈറ്റ് സ്റ്റുഡന്റ്‌സ് മൂവ് മെന്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ക്രിസ്തുമസ് കരോൾ മത്സരത്തിൽ ഇടവകയിൽനിന്നും പങ്കെടുത്ത കുട്ടികളെ അന്നേദിവസം അനുമോദിക്കുന്നതായിരിക്കും.

കൂടാതെ ഇടവകയുടെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള നോമ്പുകാല റെസിഡൻഷ്യൽ ധ്യാനത്തിന്റെ രജിസ്ട്രേഷൻ ഉത്ഥാടനവും അഭിവന്ദ്യ തിരുമേനി നിർവ്വഹിക്കുന്നതായിരിക്കും .നോമ്പുകാല ധ്യാനം ഈ വർഷം മാർച്ച് 17 ,18 ,19 (വെള്ളി ,ശനി ,ഞായർ )തീയതികളിൽ എന്നിസ് സെന്റ് ഫ്‌ലാന്നെൻസ് കോളേജിൽ വച്ച് നടത്തുന്നതായിരിക്കും.