ഗാൾവേ: ഗാൾവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്‌സ് പള്ളിയിൽ അയർലന്റ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമത്തിന്റെ ഇടവക തലത്തിലുള്ള രജിസ്‌ട്രേഷന്റെ ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ടു.  27 ശനിയാഴ്ച വി. കുർബാനയ്ക്ക് ശേഷം ഇടവക വികാരി റവ. ഫാ: ബിജു പാറേക്കാട്ടിൽ ഇടവകയിലെ മുതിർന്ന അംഗങ്ങൾക്ക് രജിസ്‌ട്രേഷൻ ഫോം നൽകി കൊണ്ടാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. സെപ്റ്റംബർ 25, 26, 27 (വെള്ളി, ശനി, ഞായർ) തീയതികളിൽ ഡബ്ലിലിനിലെ കാസ്റ്റിൽ നോക്ക് കോളേജിൽ വച്ചണ് കുടുംബ സംഗമം നടത്തപ്പെടുന്നത്.

കുടുംബ സംഗമത്തിൽ ഭദ്രാസന മെത്രാപ്പൊലീത്ത  യൂഹനോൻ മോർ മിലിത്തിയോസ് തിരുമേനിയുടെ മുഴുവൻ സമയം സാന്നിധ്യം ഉണ്ടായിരിക്കും. കുടുംബ സംഗമത്തിന്റെ വിജയത്തിനായ് ഭദ്രാസനതലത്തിലും ഇടവക തലത്തിലും വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു. ''ദൈവകരം നമ്മോടുകൂടെ'' എന്ന ബൈബിൾ ചിന്തയെ ആസ്പദമാക്കി നടക്കുന്ന ഈ വർഷത്തെ കുടുംബ സംഗമം മാറിയ ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്ന സുറിയാനി ക്രിസ്തയാനികൾക്ക് അവരുടെ പാരമ്പര്യങ്ങളും ആചാരങ്ങളും നിലനിർത്തുവാനും വേദ പുസ്തക വീക്ഷണത്തിൽ അവയെ ദർശിക്കുവാനും കഴിയുന്ന വിധത്തിലാണ് കുടുംബ സംഗമം ക്രമീകരിച്ചിരിക്കുന്നത്.

കുടുംബ ബന്ധങ്ങളുടെയും വ്യക്തി ബന്ധങ്ങളുടെയും പ്രാധാന്യത്തിലൂന്നിയുള്ള നിരവധി പഠിപ്പിക്കലുകളും തുറന്ന ചർച്ചകളും പ്രസ്തുത സംഗമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കാലാകായിക പരിപാടികളും കുടുംബ സംഗമത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു.