ൺലൈനിലൂടെ അതിവേഗം പടർന്ന് പിടിക്കുന്ന ചില ഭ്രാന്തുകളുണ്ട്. ബ്ലൂവേൽ ഗെയിം അത്തരത്തിലൊന്നായിരുന്നു. അനേകം കൗമാരക്കാരുടെ ജീവനെടുത്ത ബ്ലൂവേൽ ഗെയിം മിക്കവാറും സർക്കാരുകൾ നിരോധിച്ചതോടെ ഏറെക്കുറെ അപ്രക്യക്ഷമായി. ഇപ്പോഴിതാ പുതിയൊരു ഭ്രാന്താണ് കുട്ടികളെയും കൗമാരക്കാരെയും തേടി ഓൺലൈനിലൂടെ പ്രചരിക്കുന്നത്. കേട്ടാൽ അറപ്പ് തോന്നുന്ന, അത്യന്തം അപകടകാരിയായ ഈ കളി ഇതിനകം പത്തോളം പേരുടെ ജീവനെടുക്കുകയും ചെയ്തു.

സോപ്പുപൊടി വായിലിട്ട് ചവച്ച് തുപ്പുകയും ചിലപ്പോൾ ഉള്ളിലേക്ക് ഇറക്കുകയും ചെയ്യുന്ന 'ടൈഡ് പോട്ട് ചാലഞ്ച്' ആണ് പുതിയ ദുരന്തം. നിറമുള്ള സോപ്പുപൊടി വായിലിട്ട് പതപ്പിച്ചശേഷം അത് വീഡിയോയിൽ പകർത്തുകയും മ്റ്റുള്ളവരെ മത്സരത്തിന് വെല്ലുവിളിക്കുകയും ചെയ്യുകയാണ് ഇതിന്റെ രീതി. എന്നാൽ, അത്യന്തം അപകടം പിടിച്ച കളിയാണിതെന്ന് ആരോഗ്യരംഗത്തുള്ളവർ വ്യക്തമാക്കുന്നു.

സോപ്പുപൊടിയിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ തന്നെയാണ് കളിയെ മരണകാരണമാക്കുന്നതും. എഥനോൾ, പോളിമറുകൾ, ഹൈഡ്രജൻ പെറോക്‌സൈഡ് തുടങ്ങിയ അപകടകാരികളായ ഘടകങ്ങൾ സോപ്പുപൊടിയിലുണ്ട്. ഇത് വയറ്റിലെത്തിയാൽ വയറിളക്കവും ഛർദിയുമുറപ്പാണ്. അത് ചിലപ്പോൾ നിർജലീകരണത്തിനും മരണത്തിനും കാരണമായേക്കാമെന്നും വിദഗ്ദ്ധർ പറയുന്നു.

എന്തും വായിലാക്കാൻ പോന്ന ധൈര്യം തനിക്കുണ്ടെന്ന് കാണിക്കാൻ വേണ്ടിയാണ് ഈ വിഡ്ഢിത്തം കുട്ടികളും കൗമാരക്കാരും ചെയ്യുന്നത്. 2015-ൽ തുടങ്ങിയതാണെങ്കിലും അത് വ്യാപകമാകുന്നത് ഇപ്പോൾ മാത്രമാണ്. വിഴുപ്പലക്കാനുള്ള പൊടി കഴിക്കരുതെന്ന തലക്കെട്ടിൽ 2017-ൽ കോളേജ് ഹ്യൂമർ ഒരു തമാശ വീഡിയോ ഓൺലൈനായി പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ വൈറലായതോടെയാണ് ഇതൊരു ചാലഞ്ചായി ഓൺലൈനിൽ പടർന്ന് പിടിച്ചത്.

സോപ്പുപൊടി ഉള്ളിൽച്ചെന്നതിന്റെ പേരിൽ ആശുപത്രിയിലെത്തിയ 40-ഓളം കേസുകൾ അമേരിക്കയിലെ അസോസിയേഷൻ ഓഫ് പോയ്‌സൺ കൺട്രോൾ സെന്റേഴ്‌സ് ഇക്കൊല്ലം ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. സോപ്പുപൊടി ഉള്ളിൽച്ചെന്നതുകൊണ്ട് പത്തുപേരെങ്കിലും മുൻകാലത്ത് മരിച്ചിട്ടുണ്ടാകാമെന്നും കരുതുന്നു. കൺസ്യൂമർ പ്രോഡക്ട് സേഫ്റ്റി കമ്മിഷന്റെ കണക്ക് പ്രകാരമാണിത്. ഇതിൽ രണ്ടുകുട്ടികളും ഉൾപ്പെടും.