പാലാ: കിഡ്നിക്കും ഹൃദയത്തിനും തകരാറു സംഭവിച്ച സഹപ്രവർത്തകന്റെ കിഡ്നിമാറ്റിവയ്ക്കലിനും ചികിത്സാ ചെലവുകൾക്കുമായുള്ള ധനശേഖരണാർത്ഥം സഹപ്രവർത്തകരായ കലാകാരന്മാർ തെരുവോര ഗാനമേളയുമായി രംഗത്തിറങ്ങി.

ഗാനമേള കലാകാരനായ പുലിയന്നൂർ കൈകൊളിൽ കെ.കെ. പ്രകാശിന്റെ ചികിത്സയ്ക്കായിട്ടാണ് മാക്സ് എന്ന സംഘടനയുടെ കീഴിലാണ് തെരുവോര ഗാനമേള നടത്തുന്നത്. പ്രശസ്ത പിന്നണി ഗായകൻ ജിൻസ് ഗോപിനാഥ് ഉൾപ്പെടെയുള്ളവരാണ് ഗാനമേളയിൽ പാടുന്നത്. നിരവധി ഗാനമേളകളിലൂടെ ജനശ്രദ്ധ നേടിയ ഗായകനാണ് പ്രകാശ്. മൂന്ന് പെൺമക്കളുടെ പിതാവുമാണ്. രോഗബാധിതനായതോടെ ചികിത്സാ ചെലവും കുടുംബചെലവുകളും നിർവ്വഹിക്കാൻ മാർഗ്ഗമില്ലാതായി. ഇതേത്തുടർന്നാണ് തെരുവോര ഗാനമേള നടത്തി തുക കണ്ടെത്താൻ തീരുമാനിച്ചതെന്ന് മ്യൂസിക് ആർട്ടിസ്റ്റ്സ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് നിഷാന്ത് വി. പത്മനാഭൻ, സന്തോഷ് എബ്രാഹം എന്നിവർ പറഞ്ഞു.

ഇന്നലെ പാലാ ടൗണിലും കൊട്ടാരമറ്റം എന്നിവിടങ്ങളിൽ ഗാനമേള നടത്തി. ഇന്ന് (27/09) രാമപുരത്തും ഈരാറ്റുപേട്ടയിലും നാളെ ( 28/09) തൊടുപുഴ സെൻട്രൽ ജംഗ്ഷനിലും മങ്ങാട്ടുകവലയിലും ഗാന്ധിസ്‌ക്വയറിലും പൈകയിലും ഗാനമേള നടത്തും.