ബ്രാംപ്ടൺ: കാനഡയിലെ ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ എല്ലാ പുതുവർഷദിനത്തിലും നടത്തിവരാറുള്ള മഹാഗണപതി ഹോമം ഇത്തവണയും നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തിൽ നടന്നു.

തന്ത്രി ദിവാകരൻ നമ്പൂതിരി, മനോജ് തിരുമേനി എന്നിവർ കർമങ്ങൾക്ക് നേതൃത്വം നൽകി. ചടങ്ങുകൾക്കുശേഷം നടന്ന പൊതുയോഗത്തിൽ ക്ഷേത്രത്തിന്റെ നിർമ്മാണ പുരോഗതി ട്രസ്റ്റി ഡോ. പി.കെ. കുട്ടി വിശദീകരിച്ചു. നിർമ്മാണ പ്രവർത്തനത്തിന്റെ രണ്ടാംഘട്ടം ഷഡാധരപ്രതിഷ്ഠയോടുകൂടി ഏപ്രിൽ ആരംഭിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. പ്രതിഷ്ഠാപീഠത്തിൽ നിറയ്ക്കുന്ന നിധികുംഭങ്ങളും നവധാന്യങ്ങളും ഭക്തർ വീടുകളിൽ നടക്കുന്ന നാമജപപൂജയിൽനിന്ന് ശേഖരിക്കും. ഇനിയും നാമജപപൂജകൾ നടത്തിയിട്ടില്ലാത്തവർ എത്രയും വേഗം അവ പൂർത്തീകരിക്കുവാൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.

ജനുവരി മുതൽ ക്ഷേത്ര പ്രവർത്തിസമയത്തിൽ വരുത്തിയ പുതിയ സമയക്രമം

പ്രവർത്തി ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ ഒമ്പതു വരെയും വൈകുന്നേരം അഞ്ചു മുതൽ രാത്രി എട്ടുവരെയും ശനി, ഞായർ, അവധി ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം നാലു മുതൽ രാത്രി എട്ടുവരെയുമാണ്.

ദീപാരാധന എല്ലാ ദിവസവും വൈകുന്നേരം ഏഴിന് തുടങ്ങും. നട അയ്ക്കുന്നതിന് അര മണിക്കൂർ മുമ്പുവരെ മാത്രമേ പൂജാദി നേർച്ചകൾ സ്വീകരിക്കൂ എന്ന് ഭാരവാഹികൾ അറിയിച്ചു.