- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓടിച്ചാടി പടികയറി എത്തിയ നേതാവ് കണ്ടത് രണ്ടു പൊലീസുകാരെ; തോളിൽ തട്ടി മുറിയിലേക്ക് ആനയിച്ച് വിട്ടത് കാക്കിയിട്ട ഓഫീസർ; രാഹുൽ ഗാന്ധിയുടെ ഓഫീസിൽ പൊലീസ് സംരക്ഷണം ഏറ്റെടുത്ത ശേഷവും എസ് എഫ് ഐക്കാർ മുറിയിലേക്ക് പോയി; തെളിവിനായി വീഡിയോ പുറത്തുവിട്ട് കോൺഗ്രസ് നേതൃത്വം; ഗാന്ധി പ്രതിമ തകർത്ത് ആര്? എസ് എഫ് ഐക്കാർ പിണറായിക്ക് വെറും വിദ്യാർത്ഥി സംഘടനക്കാരാകുമ്പോൾ
തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലെ അതിക്രമ ദിവസം ഗാന്ധി ചിത്രം നിലത്തിട്ട സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഓഫീസിൽ അക്രമം നടന്ന ദിവസം പൊലീസ് ഫോട്ടോഗ്രാഫർ പകർത്തിയ ആദ്യചിത്രങ്ങളിൽ ഗാന്ധിയുടെ ചിത്രം ചുവരിൽ യഥാസ്ഥാനത്തുണ്ടായിരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. അതിനിടെ മുഖ്യമന്ത്രി കള്ളം പറയുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
വയനാട് എം പിയുടെ കൽപ്പറ്റയിലുള്ള ഓഫീസിലേക്ക് വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ നടത്തിയ മാർച്ചിനിടെ ഏതാനും പ്രവർത്തകർ എംപിയുടെ ഓഫീസി ലേക്ക് അതിക്രമിച്ചുകയറി നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ഈ സംഭവത്തിൽ കൽപ്പറ്റ പൊലീസ് നേരിട്ടും എം പി ഓഫീസിലെ ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലുമായി രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസുകാർ ഗാന്ധി പ്രതിമ തകർത്തു എന്ന രീതിയിൽ വരുത്താനാണ് ശ്രമം. ഇതിനെയാണ് പുതിയ വീഡിയോ പുറത്തു വിട്ട് കോൺഗ്രസ് പ്രതിരോധിക്കുന്നത്.
പൊലീസ് എത്തിയ ശേഷം ഒരു എസ് എഫ് ഐ പ്രവർത്തകൻ വീണ്ടും ഓഫീസിൽ കയറി ആക്രമണം നടത്തിയെന്നാണ് ആരോപണം. ഇതിന് തെളിവായി സിസിടിവി ദൃശ്യങ്ങളും കോൺഗ്രസ് പുറത്തു വിട്ടു. ഈ എസ് എഫ് ഐ പ്രവർത്തകനെ പൊലീസുകാരിൽ ഒരാൾ തോളിൽ തട്ടി ഓഫീസിന് അകത്തേക്ക് കയറ്റി വിടുന്നുണ്ട്. ഞെട്ടിക്കുന്നതാണ് ഈ വീഡിയോ. അതായത് ഓഫീസ് ആക്രമണത്തിന് പൊലീസ് തന്നെ ഒത്താശ ചെയ്തു കൊടുത്തു എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
സംഭവദിവസമായ ജൂൂൺ 24ന് വൈകുന്നേരം 3.54 ഓടെ എംപിയുടെ ഓഫീസിൽ അതിക്രമിച്ചു കടന്ന പ്രവർത്തകരെയെല്ലാം ഓഫീസിൽ നിന്നും പുറത്താക്കി യിരുന്നു. അതിനുശേഷം വൈകുന്നേരം 4.04 ഓടെ പൊലീസ് ഡിപ്പാർട്ട്‌മെന്റ് ഫോട്ടോഗ്രാഫർ സംഭവസ്ഥലത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിൽ മഹാത്മാഗാന്ധിയുടെ ഫോട്ടോ യഥാസ്ഥാനത്തുതന്നെ ഉണ്ടായിരുന്നതായി പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. മാതൃഭൂമി ഉൾപ്പെടെയുള്ള മലയാളം ചാനലുകൾ ഇതേ സമയത്ത് വീഡിയോ റെക്കോർഡ് ചെയ്ത് ടിവി ചാനലുകൾ വഴി ഇക്കാര്യം സംപ്രേഷണം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
വിദ്യാർത്ഥി സംഘടനാ പ്രവർത്തകരെ ഓഫീസിൽ നിന്നും പുറത്താക്കിയ ശേഷം കോൺഗ്രസ് പ്രവർത്തകരാണ് ഓഫീസിൽ ഉണ്ടായിരുന്നത് എന്ന് മുഖ്യമന്ത്രി പറയുന്നു. തുടർന്ന് വൈകുന്നേരം 4.29 ന് രണ്ടാമത് ഫോട്ടോ എടുക്കുമ്പോൾ എംപി.യുടെ ഓഫീസ് മുറിക്കകത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രം താഴെ കിടക്കുന്ന നിലയിൽ നിലത്ത് വീണും ചില്ലുകൾ തകർന്ന നിലയിലും കിടക്കുന്നതായി കണ്ടുവെന്നും പൊലീസ് ഡിപ്പാർട്ട്‌മെന്റ് ഫോട്ടോഗ്രാഫർ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഇതിനെ പ്രതിരോധിക്കാനാണ് കോൺഗ്രസ് വീഡിയോ പുറത്തു വിട്ടത്.
രാഹുൽ ഗാന്ധിയുടെ മുറിയിൽ സിസിടിവി ഇല്ല. എന്നാൽ മുറിയിലേക്ക് കയറുന്നിടത്ത് സിസിടിവിയുണ്ട്. ഈ സിസിടിവിയാണ് എസ് എഫ് ഐക്കാരൻ ഒറ്റയ്ക്ക് മുറിയിൽ കയറുന്നത് പുറത്തു കൊണ്ടു വരുന്നത്. തോളിൽ തട്ടിയ പൊലീസുകാരൻ അരെന്ന് വ്യക്തമല്ല. ഓഫീസിലേക്ക് കയറുന്ന ആളിനേയും അറിയില്ല. അതിനിടെ തങ്ങളുടെ വീഡിയോഗ്രാഫറാണ് ആദ്യം മുറിയിൽ എത്തിയത്. ദൃശ്യം പകർത്തുന്നതിനിടെയിൽ പുറത്ത് ബഹളം ഉണ്ടായി. ഇതോടെ ക്യാമറാമാൻ പുറത്തേക്ക് പോയി. അതിന് ശേഷം ഏതാണ്ട് അരമണിക്കൂർ എന്താണ് നടന്നതെന്ന് വ്യക്തമല്ലെന്നും മാതൃഭൂമിയും വിശദീകരിച്ചു കഴിഞ്ഞു.
എന്നാൽ പൊലീസുകാരുടെ സാന്നിധ്യത്തിലും എസ് എഫ് ഐക്കാർ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് കയറിയെന്നാണ് കോൺഗ്രസ് വിശദീകരിക്കുന്നത്. ഗാന്ധി പ്രതിമ താഴെ എത്തിയത് ആരും എറിഞ്ഞൊടച്ചതാകില്ലെന്ന വാദവും ചില കേന്ദ്രങ്ങൾ ഉയർത്തുന്നുണ്ട്. എന്നാൽ എസ് എഫ് ഐക്കാർ തകർത്തു തന്നെയാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. എന്നാൽ നിയമസഭയിലെ ചർച്ചകളിൽ എസ് എഫ് ഐ എന്ന പേരു പോലും മുഖ്യമന്ത്രി പറഞ്ഞില്ല. രാഹുൽ ഗാന്ധിയുടെ ഓഫീസ് വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ ആക്രമിച്ചു എന്ന് മാത്രമാണ് അവർ പറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ