ചില പ്രദേശങ്ങൾ ചിലരുടെ പേരിലാണ് അറിയപ്പെടാറുള്ളത്. എന്നാൽ പ്രശസ്തരായ ഒന്നിലധികം പേർ ഒരു സ്ഥലവുമായി അഭേദ്യമായ ബന്ധം പുലർത്തുമ്പോൾ ഈ ഒരു പ്രതിസന്ധിയാണ് ഇന്ന് ബീഹാറിലെ മോത്തിഹാരി ഗ്രാമം നേരിടുന്നത്. മോത്തിഹാരിയെ സംബന്ധിച്ചിടത്തോളം ഇംഗ്ലീഷ് എഴുത്തുകാരനായ ജോർജ് ഓർവെല്ലിനാണോ അതല്ല രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിക്കാണോ പ്രാധാന്യം എന്ന തർക്കമാണിപ്പോൾ കൊഴുക്കുന്നത്. ഗാന്ധിജിയുടെ ആദ്യ സമരത്തിന് വേദിയായ ഈ സ്ഥലം ജോർജ് ഓർവെലിന്റെ ജന്മസ്ഥലം കൂടിയാണെന്നതാണ് തർക്കത്തിന് കാരണമായിത്തീർന്നിരിക്കുന്നത്. ഇംഗ്ലീഷ് നോവലിസ്റ്റായിരുന്ന ഓർവെലിന്റെ ആദ്യ വീട് ഇടിച്ച് നിരത്തി കോമ്പൗണ്ട് പണിയണമെന്നാണ് ഗാന്ധി ഭക്തർ ആവശ്യപ്പെട്ടിരിക്കുന്നത്.

1903ൽ എറിക് ആർതർ ബ്ലെയർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ മകനായിട്ടായിരുന്നു മോത്തിഹാരിയിൽ ഓർവെൽ പിറന്നത്. ബ്രിട്ടീഷ് ഭരണത്തിന്റെ ഭാഗമായി ഓപ്പിയം കച്ചവടം നടത്തിയിരുന്ന ആളായിരുന്നു ബ്ലെയർ. നേപ്പാൾ അതിർത്തിയോട് ചേർന്ന് നിലകൊള്ളുന്ന ഈ ഗ്രാമത്തിലായിരുന്നു ഓർവെൽ തന്റെ ആദ്യ വർഷങ്ങൾ ചെലവഴിച്ചിരുന്നത്. ഇവിടെ നിന്നും ചൈനയിലേക്ക് ഓപ്പിയം കയറ്റുമതി ചെയ്യുന്നത് സംഘടിപ്പിക്കുയായിരുന്നു ഓർവെലിന്റെ പിതാവിന്റെ ജോലി. തുടർന്ന് വർഷങ്ങൾക്ക് ശേഷം മഹാത്മാഗാന്ധി ഇവിടെയെത്തിച്ചേരുകയും ഓപ്പിയം ഫാക്ടറിയിൽ ജോലി ചെയ്യാൻ നിർബന്ധിക്കപ്പെട്ട തൊഴിലാളികളെ സംഘടിപ്പിച്ച് ഇതിനെതിരെ നീങ്ങുകയുമായിരുന്നു. ഓർവെലിന്റെ പിതാവിന് കീഴിൽ ജോലി ചെയ്തിരുന്നവരായിരുന്നു ഇവരിൽ പലരും. ഇതിനോടനുബന്ധിച്ച് ഗാന്ധിജി നടത്തിയ സത്യാഗ്രഹം ഇന്ത്യൻ സ്വാതന്ത്യ സമരത്തിലേക്കുള്ള നിർണായകമായ ആദ്യ ഘട്ടമായി വിശേഷിക്കപ്പെടുന്നു.

ഓർവെലിന്റെ ആരാധകർ മോത്തിഹാരിയിൽ അദ്ദേഹം ജനിച്ച ചെറിയ വീട് കണ്ടെത്തുകയും അതിനെ എഴുത്തുകാരന്റെ സ്മാരകമായി നിലനിർത്താനുള്ള കരാറുകൾ അധികൃതരുമായുണ്ടാക്കുകയും ചെയ്തിരുന്നു. ഇവർ ഈ വീട് കണ്ടെത്തുമ്പോൾ അത് മൃഗങ്ങളെ പാർപ്പിക്കുന്ന ഇടമായി ഉപയോഗിച്ച് വരുകയായിരുന്നുവെന്നതാണ് വിചിത്രമായ കാര്യം. എന്നാൽ ഇതേ സ്ഥലം ഗാന്ധിയുടെ സ്മരണ നിലനിർത്താൻ തങ്ങൾക്ക് വേണമെന്ന് ഗാന്ധി ഭക്തർ ആവശ്യപ്പെട്ട് രംഗത്തെത്തിയതാണ് പ്രശ്നമുണ്ടാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തെ ഇന്ത്യയിൽ നിന്നും കെട്ട് കെട്ടിക്കുന്നതിൽ ഗാന്ധിജി ഇവിടെ നടത്തിയ സമരങ്ങൾക്ക് പ്രാധാന്യമേറെയുണ്ടെന്നാണ് ഗാന്ധിജിയുടെ അനുയായികൾ വാദിക്കുന്നത്.

ഇവിടെ ഓർവെൽ പ്രൊജക്ട് എന്നൊരു പദ്ധതിക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. 2.48 ഏക്കർ വരുന്ന കോമ്പൗണ്ട് ഗാന്ധിജിയുടെയും ഓർവെലിന്റെയും സ്മരണാർത്ഥം വിഭജിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണിത്. എന്നാൽ ഓർവെലിന്റെ സ്മരണക്ക് അനുവദിച്ച് നൽകിയ പ്രദേശത്തേക്ക് ഗാന്ധിജിയുടെ അനുയായികൾ കടന്ന് കയറി ഒരു കാർപാർക്ക് ഏരിയ നിർമ്മിച്ചത് ഇപ്പോൾ വൻ വിവാദമായിരിക്കുകയാണ്. ഓർവെൽ ആരാണെന്നറിയാത്തവരാണ് ഈ പ്രവൃത്തി ചെയ്തിരിക്കുന്നതെന്നാണ് ഓർവെൽ സൊസൈറ്റി മെമ്പറായ ദേബപ്രിയ മുഖർജി ആരോപിക്കുന്നത്. മോത്തിഹാരിയിലെ മിക്കവർക്കും ഓർവെൽ മഹാനായ എഴുത്തുകാരനാണെന്ന് അറിയാമെന്നും അദ്ദേഹം പറയുന്നു. ഗാന്ധി അനുയായികളുടെ കടന്ന് കയറ്റം നിർത്താൻ ഇവിടുത്തെ മജിസ്ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്. അദ്ദേഹം ഇതിനെക്കുറിച്ച് അന്വേഷണം നടത്തി വരുകയാണ്.