ന്യൂഡൽഹി: ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെട്ട കോൺഗ്രസ് നേതാവ് സർദാർ വല്ലഭ് ഭായ് പട്ടേലിനെയും ശിവസേനയുടെ ആരാധനാമൂർത്തിയായ ഛത്രപതി ശിവജിയേയും പടുകൂറ്റൻ പ്രതിമകൾ തീർത്ത് സ്വപക്ഷത്തേക്ക് അടുപ്പിച്ചതുപോലെ നരേന്ദ്ര മോദി കോൺഗ്രസിന്റെ പതാകയിലെ ചർക്കയേയും ഗാന്ധിയേയും വരെ സ്വന്തം പക്ഷത്തേക്ക് എത്തിക്കുമോ?

ഖാദിയുടെ കലണ്ടറിൽ നരേന്ദ്ര മോദി ചർക്കയിൽ നൂൽനൂൽക്കുന്ന ചിത്രം ഉൾപ്പെടുത്തിയതിന് പിന്നാലെ ആശങ്കയിലാണ് കോൺഗ്രസ്. ഇതിന് എരിവേകി ബിജെപിയുടെ പ്രഖ്യാപനവും വന്നുകഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ. ഗാന്ധിയും ചർക്കയും ഖാദിയും ഒരു പാർട്ടിയുടേയും സ്വകാര്യ സ്വത്തല്ലെന്ന വാദമുയർത്തിയാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്.

ബിജെപി. ഖാദി ഗ്രാമോദ്യോഗിന്റെ കലണ്ടറിൽ നിന്നു ഗാന്ധിയെ മാറ്റി പകരം മോദിയെ പ്രതിഷ്ഠിച്ച സംഭവത്തോടുള്ള പ്രതികരണമായിട്ടാണ് ബിജെപി ഇക്കാര്യം പറഞ്ഞത്. കോൺഗ്രസിനെ നേരിട്ട് കടന്നാക്രമിച്ചു കൊണ്ടായിരുന്നു ബിജെപി വക്താവ് ഷൈന എൻസിയുടെ പ്രതികരണം. ഗാന്ധിയും ഖാദിയും ചർക്കയും ഒരു രാഷ്ട്രീയപാർട്ടിയുടെയും സ്വകാര്യ സ്വത്തല്ലെന്നു ഷൈന പറഞ്ഞു. കലണ്ടർ വിവാദത്തിൽ ബിജെപി ഔദ്യോഗികമായി നിലപാട് വ്യക്തമാക്കുകയായിരുന്നു.

രാഷ്ട്രപിതാവിനെയും ഖാദിയെയും ചർക്കയെയും ഒരു രാഷ്ട്രീയപാർട്ടിയും സ്വകാര്യ സ്വത്താക്കേണ്ടതില്ല. ഞങ്ങൾക്ക് ആരുടെയും വ്യക്തിപരമായ അഭിപ്രായങ്ങൾ കേൾക്കേണ്ടതില്ല. പക്ഷേ, ഒരു പാർട്ടിയുടെയും സംഘടനയുടെയും ആശയത്തിന്റെയും വക്താക്കളല്ല ഗാന്ധിയും ഖാദിയും ചർക്കയും എന്ന കാര്യം വ്യക്തമാണെന്നും ഷൈന പറഞ്ഞു. ഖാദി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നു നമ്മൾ മനസ്സിലാക്കണമെന്നും അവർ വ്യക്തമാക്കി.

ഖാദി കലണ്ടറിൽ മോദിയുടെ ചിത്രം അച്ചടിച്ചതിനെതിരെ ഏറ്റവുമൊടുവിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വധേരയും രംഗത്തു വന്നിരുന്നു. രാജ്യം ഇത്തരം അവഹേളനങ്ങൾ ഒരു കാരണവശാലും സഹിക്കില്ലെന്നാണ് വധേര പറഞ്ഞത്. ഗാന്ധിയും അദ്ദേഹത്തിന്റെ പേരും ഏതൊരു രാഷ്ട്രീയപാർട്ടിയുടെയും മുകളിലാണെന്നും വധേര പറഞ്ഞു.

ഏതായാലും ഗാന്ധിയും ഖാദിയും ചർക്കയും ആരുടേയും സ്വകാര്യസ്വത്തല്ലെന്ന മട്ടിൽ ബിജെപി അഭിപ്രായമുന്നയിച്ചതോടെ കോൺഗ്രസ് വൃത്തങ്ങൾ ആശങ്കയിലാണ്. ഗുജറാത്തിൽ നിന്നുള്ള നേതാവായ പട്ടേലിന്റെ പടുകൂറ്റൻ പ്രതിമ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചാണ് പട്ടേലിനെ ബിജെപി ആദരിച്ചത്. സർദാർ സരോവർ അണക്കെട്ടിന് താഴെയാണ് 182 മീറ്റർ ഉയരമുള്ള പട്ടേൽ പ്രതിമ ഉയരുന്നത്.

നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രഖ്യാപിച്ച പദ്ധതി പ്രധാനമന്ത്രിയായ ശേഷം ദേശീയ പദ്ധതിയുടെ ഭാഗമായി മാറ്റുകയായിരുന്നു. 3000 കോടി ചെലവിലാണ് പ്രതിമ. ഇതോടെ കോൺഗ്രസ് ആദരിക്കാൻ മറന്ന രാജ്യത്തിന്റെ ഉരുക്കുമനുഷ്യനെ ബിജെപി ആദരിക്കുന്നുവെന്ന മട്ടിൽ പ്രചരണവും സജീവമായി.

ഇതിന് പിന്നാലെയാണ് അടുത്തിടെ മഹാരാഷ്ട്രയിലെ അറബിക്കടലിൽ ശിവജിയുടെ പ്രതിമയും 3500 കോടി രൂപ ചെലവിൽ ഉയരുന്നത്. ഇതോടെ ശിവസേനയുടെ ആരാധ്യപുരുഷനായി വിളങ്ങുന്ന ശിവജിയെയും ബിജെപി ഏറ്റെടുക്കുന്നുവെന്ന രീതിയിലും പ്രചരണം വന്നു. ഏറ്റവുമൊടുവിൽ ഇപ്പോൾ ഗാന്ധിചിത്രം മാറ്റി ഖാദി കലണ്ടറിൽ ചർക്കയിൽ നൂൽനൂൽക്കുന്ന മോദി ചിത്രം വന്നതോടെ കോൺഗ്രസിൽ നിന്നുൾപ്പെടെ പല കോണിൽ നിന്നും എതിർപ്പുയർന്നു.

പക്ഷേ, മോദി യൂത്ത് ഐക്കണാണെന്നും അദ്ദേഹം വന്നതോടെ യുവാക്കൾ കൂടുതലായി ഖാദി വസ്ത്രങ്ങൾ ധരിച്ചുതുടങ്ങിയെന്നും മറ്റും പറഞ്ഞ് ബിജെപി പ്രതിരോധവും നടത്തി. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗാന്ധിയും ചർക്കയുമൊന്നും ആരുടേയും സ്വകാര്യസ്വത്തല്ലെന്ന് ബിജെപി അഭിപ്രായപ്പെടുന്നത്.