- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാന്ധി പ്രതിമയില്ലാത്ത ലക്ഷദ്വീപിൽ ഇക്കുറി ഗാന്ധി ജയന്തി പൊടിപൊടിക്കും! ലക്ഷദ്വീപിലെ ഗാന്ധിജയന്തി ആഘോഷത്തിന് 1.39 കോടി വകയിരുത്തി; ആഘോഷം സംഘടിപ്പിക്കാൻ ഗുജറാത്തിലെ ഇവന്റ്മാനേജ്മെന്റ് ഗ്രൂപ്പ്; പ്രഫുൽ ഖേഡ പട്ടേൽ ലക്ഷദ്വീപിൽ ചിലതൊക്കെ ശരിയാക്കുന്ന വിധം
കൊച്ചി: ലക്ഷദ്വീപ് വിവാദം കത്തി നിന്നപ്പോവാണ് സൈബർ ഇടങ്ങളിലൂടെ ലക്ഷദ്വീപിൽ ഗാന്ധി പ്രതിമ സ്ഥാപിച്ചിട്ടില്ലെന്ന വിവരം പുറത്തുവന്നത്. പ്രാദേശികരുടെ എതിർപ്പു കൊണ്ടാണ് പ്രതിമ സ്ഥാപിക്കാത്തത് എന്ന വിവാദം കൊഴുത്തപ്പോൾ അങ്ങനെയല്ല എന്ന മറുവാദവും ഉയർന്നു. എന്തായാലും ഗാന്ധിപ്രതിമ ഇപ്പോഴും ലക്ഷദ്വീപിൽ ഇല്ലെന്നതാണ് വാസ്തവം. എന്നാൽ, ഗാന്ധി പ്രതിമ ഇല്ലെങ്കിലും ലക്ഷദ്വീപിൽ ഇക്കുറി ഗാന്ധി ജയന്തി പൊടിപൊടിക്ക തന്നെ ചെയ്യും.
ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഗാന്ധിജയന്തി ആഘോഷത്തിന് 1.39 കോടി രൂപയാണ് ഇക്കുറി ചെലവിടുന്നത്. ഗുജറാത്ത് ആസ്ഥാനമായ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് ആഘോഷം സംഘടിപ്പിക്കുന്നത്. കവരത്തി സ്മാർട്ട് സിറ്റി ലിമിറ്റഡാണ് ചുക്കാൻപിടിക്കുന്നത്. ഒരു കോടിക്ക് ഇവന്റ് മാനേജ്മെന്റ് കമ്പനികളെ ക്ഷണിച്ച ടെൻഡറാണ് 1.39 കോടിക്ക് അനുവദിച്ചിരിക്കുന്നത്.
ടെൻഡർ ലഭിച്ച കമ്പനിയുടെ ക്ലൈന്റ് (ഇടപാടുകാരുടെ) പട്ടികയിൽ ബിജെപി.യും ഗുജറാത്ത് സർക്കാരുമടക്കമുണ്ട്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നടത്തിയ 'വൈബ്രന്റ് ഗുജറാത്ത്' 2013-ന്റെ സംഘാടകർ കൂടിയായിരുന്നു ഈ കമ്പനി.
ലക്ഷദ്വീപ് ഭരണസിരാകേന്ദ്രമായ കവരത്തിയിൽ ഗാന്ധിജയന്തി ആഘോഷിക്കാൻ, കവരത്തി സ്മാർട്ട് സിറ്റി ലിമിറ്റഡിന്റെ പേരിലാണ് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളിൽനിന്നു ടെൻഡർ ക്ഷണിച്ചത്. കേരളം ആസ്ഥാനമായ രണ്ടു കമ്പനികളടക്കം ആറു കമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്. ഗുജറാത്ത് കമ്പനി 1.39 കോടി രേഖപ്പെടുത്തിയപ്പോൾ കേരളം ആസ്ഥാനമായ കമ്പനി 97.25 ലക്ഷവും ഡൽഹി ആസ്ഥാനമായ കമ്പനി 1.09 കോടിയുമാണ് രേഖപ്പെടുത്തിയത്.
ടെക്നിക്കൽ, ഫിനാൻഷ്യൽ തലത്തിൽ പ്രത്യേകമായി മാർക്കുകൂടി നൽകിയാണ് ടെൻഡർ ഉറപ്പിച്ചത്. ടെക്നിക്കൽ വിഭാഗത്തിൽ ഗുജറാത്തിലെ കമ്പനിക്ക് 89.59 മാർക്കും തൊട്ടുപിന്നിലുള്ളവർക്ക് 80.40, 77.72 മാർക്കുകളാണ് ലഭിച്ചത്. മെഗാ എക്സ്പോകൾ, കോർപ്പറേറ്റ് ഇവന്റുകൾ തുടങ്ങിയവ സംഘടിപ്പിച്ചുള്ള മുൻപരിചയത്തിന്റെ പേരിലാണ് ഈ കമ്പനിക്ക് ടെൻഡർ അനുവദിച്ചിരിക്കുന്നതെന്നാണ് വിശദീകരണം.
2010ൽ യു.പി.എ സർക്കാരിന്റെ കാലത്ത് ലക്ഷദ്വീപിൽ സ്ഥാപിക്കാൻ കൊണ്ടു വന്ന ഗാന്ധി പ്രതിമ ഇറക്കാൻ സാധിക്കാതിരുന്നത് ദ്വീപുകാരുടെ പ്രതിഷേധം കൊണ്ടാണെന്നും അല്ലെന്നുമുള്ള വാദങ്ങളായിരുന്നു ഉയർന്നത്. മോശം കാലാവസ്ഥ മൂലമാണു പ്രതിമ ഇറക്കാൻ സാധിക്കാതിരുന്നതെന്നായിരുന്നു ഒരു വാദം.
മറുനാടന് മലയാളി ബ്യൂറോ