- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മേം ഗൂർഖാ ഹും ഹെ ഹൊ ഹൈ' എന്നും പറഞ്ഞ് 'ഭീം സിങിന്റെ മകൻ രാം സിങ്' മലയാളക്കരയിലെത്തിയിട്ട് 36 വർഷം; മികവുറ്റ നർമ്മ രംഗങ്ങളും ലളിതമായ ആഖ്യാന ശൈലിയുമായി പൊട്ടിച്ചിരിയുടെ തിരമാലകൾ തീർത്ത സിനിമ; ഗാന്ധിനഗർ 2nd സ്ട്രീറ്റിന്റെ 36 വർഷങ്ങൾ- സഫീർ അഹമ്മദ് എഴുതുന്നു
സേതുമാധവൻ എന്ന ചെറുപ്പക്കാരന്റെ തൊഴിലില്ലായ്മയും ദാരിദ്ര്യവും പട്ടിണിയും സ്വപ്നങ്ങളും പ്രണയവും ഒക്കെ പ്രേക്ഷകരുടേത് കൂടി ആകുന്ന തരത്തിലുള്ള നർമത്തിൽ പൊതിഞ്ഞ് ശ്രീനിവാസൻ എഴുതിയ കഥാസന്ദർഭങ്ങൾ,ആ നർമ രംഗങ്ങളുടെ മികവുറ്റതും എന്നാൽ വളരെ ലളിതവുമായ സത്യൻ അന്തിക്കാടിന്റെ ആഖ്യാന ശൈലി,അതിലൂടെ തിയേറ്ററിൽ പൊട്ടിച്ചിരിയുടെ തിരമാലകൾ തീർത്ത സിനിമ,അതാണ് 'ഗാന്ധിനഗർ 2ിറ സ്ട്രീറ്റ്'. ചിത്രം മലയാളികളെ പൊട്ടിച്ചിരിപ്പിക്കാനെത്തിയിട്ട് 36 വർഷങ്ങൾ പൂർത്തിയാകുന്നു.
'ഗാന്ധിനഗർ 2nd സ്ട്രീറ്റിന്റെ 36 വർഷങ്ങൾ'
'മേം ഗൂർഖാ ഹും ഹെ ഹൊ ഹൈ' എന്നും പറഞ്ഞ് 'ഭീം സിങിന്റെ മകൻ രാം സിങ്' എന്ന സേതു വന്ന് പേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചിട്ട് ഇന്നേയ്ക്ക് 36 വർഷങ്ങൾ..അതെ,സത്യൻഅന്തിക്കാട്-ശ്രീനിവാസൻ-മോഹൻലാൽ കൂട്ടുക്കെട്ടിൽ 'ഗാന്ധിനഗർ 2nd സ്ട്രീറ്റ്' എന്ന മനോഹര സിനിമ റിലീസ് ആയിട്ട് ജൂലൈ നാലിന്,ഇന്നേയ്ക്ക് മുപ്പത്തിയാറ് വർഷങ്ങൾ ആയി..
സേതുമാധവൻ എന്ന ചെറുപ്പക്കാരന്റെ തൊഴിലില്ലായ്മയും ദാരിദ്ര്യവും പട്ടിണിയും സ്വപ്നങ്ങളും പ്രണയവും ഒക്കെ പ്രേക്ഷകരുടേത് കൂടി ആകുന്ന തരത്തിലുള്ള നർമത്തിൽ പൊതിഞ്ഞ് ശ്രീനിവാസൻ എഴുതിയ കഥാസന്ദർഭങ്ങൾ,ആ നർമ രംഗങ്ങളുടെ മികവുറ്റതും എന്നാൽ വളരെ ലളിതവുമായ സത്യൻ അന്തിക്കാടിന്റെ ആഖ്യാന ശൈലി,അതിലൂടെ തിയേറ്ററിൽ പൊട്ടിച്ചിരിയുടെ തിരമാലകൾ തീർത്ത സിനിമ,അതാണ് 'ഗാന്ധിനഗർ 2nd സ്ട്രീറ്റ്'..തൊഴിൽ ഇല്ലായ്മയും പട്ടിണിയും ദാരിദ്ര്യവും ഒക്കെ മുമ്പ് പല സിനിമകളിലും അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇങ്ങനെ നർമത്തിൽ പൊതിഞ്ഞ് ലളിതമായി അവതരിപ്പിക്കപ്പെട്ടത് ഗാന്ധിനഗറിൽ ആണ്, അതുകൊണ്ടായിരിക്കും ഗാന്ധിനഗർ വൻ ജനപ്രീതി നേടിയതും..
ഗാന്ധിനഗർ 2nd സ്ട്രീറ്റിന്റെ ഏറ്റവും വലിയ ആകർഷണം മോഹൻലാലാണ്..ഹാസ്യ രംഗങ്ങൾ അങ്ങേയറ്റം അനായാസതയോടെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാനുള്ള മോഹൻലാൽ എന്ന നടന്റെ അസാമാന്യ നടനവൈഭവം,അത് പൂർണ്ണമായ തോതിൽ ഉപയോഗപ്പെടുത്തി അവതരിപ്പിക്കപ്പെട്ട സിനിമകളിൽ ഒന്നാണ് ഗാന്ധിനഗർ 2nd സ്ട്രീറ്റ്.. മലയാള സിനിമയിൽ ആദ്യമായി ഒരു നടൻ സിനിമയിലുടനീളം ഹാസ്യം തുളുമ്പുന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത്,അത്തരം കഥാപാത്രങ്ങളെ തുടർച്ചയായി അവതരിപ്പിക്കപ്പെട്ടത് മോഹൻലാലിലൂടെ ആണെന്ന് പറയാം.
മോഹൻലാൽ കാലഘട്ടം ആരംഭിക്കുന്നത് വരെ മലയാള സിനിമയിൽ ഹാസ്യം എന്നാൽ പേരെടുത്ത ഹാസ്യ നടന്മാരാൽ മാത്രം അവതരിപ്പിക്കപ്പെട്ടിരുന്ന ഒന്നായിരുന്നു,പലതും കഥയോട് യാതൊരു ബന്ധവും ഇല്ലാതെ സമാന്തരമായിട്ടാണ് അവതരിക്കപ്പെട്ടിരുന്നത്..സത്യൻ അന്തിക്കാടിന്റെ തന്നെ ആദ്യകാല സിനിമകളിൽ സുകുമാരനും നെടുമുടി വേണുവും ഒക്കെ ഹാസ്യ നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവയൊന്നും മോഹൻലാലിന്റെ ഹാസ്യ ഭാവങ്ങളുടെ താളത്തോളം, സ്വാഭാവികതയോളം,അനായാസതയോളം എത്തിയിരുന്നില്ല.. മാത്രവുമല്ല, മേൽപ്പറഞ്ഞ ഈ നടന്മാരും മറ്റു നടന്മാരൊന്നും തുടർച്ചയായി ഹാസ്യ നായക കഥാപാത്രങ്ങൾ
അവതരിപ്പിച്ചിട്ടുമില്ല..മോഹൻലാൽ,ഹാസ്യം അങ്ങേയറ്റം അനായാസതയോടെ അവതരിപ്പിച്ച് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന നായകൻ,മലയാള സിനിമ പ്രേക്ഷകർ അത് വരെ അനുഭവിച്ചിട്ടില്ലാത്ത ഒന്ന്,വല്ലാത്ത ഒരു പുതുമ ആയിരുന്നു അന്നത്..അമ്പത് വർഷങ്ങളുടെ ചരിത്രം ഉള്ള മലയാള സിനിമയ്ക്കും അന്ന് അതൊരു പുതുമ തന്നെ ആയിരുന്നു.. മോഹൻലാൽ,അത്രയൊന്നും ആകർഷകമല്ലാത്ത രൂപവുമായി വില്ലനായി അരങ്ങേറ്റം കുറിച്ച നടൻ,ആ നടനാണ് മലയാള സിനിമയിൽ ഹാസ്യ നായക വേഷങ്ങൾ തുടർച്ചയായി ചെയ്ത് പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച്,അന്ന് വരെ തുടർന്ന് പോന്നിരുന്ന പരമ്പരാഗത സിനിമ സമ്പ്രദായങ്ങളെ എല്ലാം തച്ചുടച്ച് മറ്റ് നടന്മാർക്ക് ഒന്നും കിട്ടാത്ത പ്രേക്ഷകപ്രീതി നേടിയെടുത്തത്..
മോഹൻലാലിലെ ഹാസ്യ ഭാവങ്ങൾ ആദ്യമായി തിരശ്ശീലയിൽ അവതരിപ്പിച്ചത് ബാലു കിരിയത്ത് എന്ന സംവിധായകനാണ്,വിസ എന്ന സിനിമയിലൂടെ..ചെറിയ കഥാപാത്രം ആയിരുന്നിട്ട് കൂടി വിസയിലെ സണ്ണി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു, കൂടെ 'ഫിങ് ഫിങ്' എന്ന ഡയലോഗും..ഒരുപക്ഷെ മോഹൻലാലിന്റെ ആദ്യത്തെ പഞ്ച് ഡയലോഗ് വിസയിലെ 'ഫിങ് ഫിങ്' ആയിരിക്കാം..പിന്നീട് എങ്ങനെ നീ മറക്കും, നാണയം,ഒന്നാണ് നമ്മൾ,പാവം പൂർണിമ, നോക്കത്താ ദൂരത്ത് കണ്ണുംനട്ട് തുടങ്ങിയ സിനിമകളിൽ മോഹൻലാൽ കോമഡി കൈകാര്യം ചെയ്തുവെങ്കിലും നായക തുല്യമായ പ്രധാന കഥാപത്രങ്ങളിലൂടെ കോമഡി അവതരിപ്പിച്ച് തുടങ്ങിയത് പ്രിയദർശൻ സിനിമകളിലൂടെയാണ്..മലയാള സിനിമയിൽ പുതിയ ഒരു കൂട്ടുക്കെട്ടും ഗാന്ധിനഗറിലൂടെ പിറവി എടുത്തു, മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുക്കെട്ട്.. പിൽക്കാലത്ത് മലയാള സിനിമ പ്രേക്ഷകരെ ഒത്തിരി ചിരിപ്പിച്ച കൂട്ടുക്കെട്ടായി മാറി ലാൽ-ശ്രീനി ടീം..
ഇടത്തരം കുടുംബങ്ങളിലെ ചെറുപ്പക്കാരുടെ ആശയും നിരാശയും തൊഴില്ലില്ലായ്മയും ദാരിദ്ര്യവും പട്ടിണിയും ഒക്കെ പല ആവർത്തി സിനിമകൾക്ക് കഥകൾ ആയിട്ടുണ്ടെങ്കിലും അവയെല്ലാം തിരശ്ശീലയിൽ അവതരിപ്പിക്കപ്പെട്ടത് ഗൗരവതരമായിട്ടാണ്..ദയനീയത കാണിച്ച് പ്രേക്ഷകരുടെ സഹതാപം നേടി വിജയിപ്പിക്കുന്ന ഒരു രീതിയായിരുന്നു അത്..ഇവിടെയാണ് ശ്രീനിവാസൻ എന്ന തിരക്കഥാകൃത്ത് പുതുമ കൊണ്ട് വന്നത്..തൊഴില്ലില്ലായ്മയും പട്ടിണിയും ദാരിദ്ര്യവും ഒക്കെ ശ്രീനിവാസൻ എഴുതിയത് ഹാസ്യത്തിന്റെ അകമ്പടിയോടെയാണ്.
ആ രചനയുടെ ഭംഗി ഒട്ടും തന്നെ ചോർന്ന് പോകാതെ സത്യൻ അന്തിക്കാട് ദൃശ്യവൽക്കരിച്ചപ്പോൾ മലയാള സിനിമയ്ക്ക് ലഭിച്ചത് എക്കാലത്തെയും മികച്ച ഒരു പിടി ജനപ്രിയ സിനിമകളാണ്..ഒരേ റൂട്ടിൽ ഓടുന്ന ബസ് എന്നൊക്കെ സത്യൻ അന്തിക്കാടിന്റെ സിനിമകളെ പലരും വിമർശിക്കുമ്പോഴും സത്യൻ അന്തിക്കാടിന്റെ ആ ബസിൽ കയറി ഇരിക്കാൻ,ആ കാഴ്ചകൾ കാണാൻ ഇന്നും പ്രേക്ഷകർ തയ്യാറാണ് എന്നത് ആ സംവിധായകനിൽ ഉള്ള പ്രേക്ഷകരുടെ വിശ്വാസത്തെയാണ് കാണിക്കുന്നത്..
1982ൽ അരങ്ങേറ്റം കുറിച്ച സത്യൻ അന്തിക്കാട് മുപ്പത്തിയൊമ്പത് വർഷങ്ങക്കിപ്പുറം ഈ 2022 ലും വിപണന മൂല്യം ഉള്ള പ്രേക്ഷകരുടെ ഇഷ്ട സംവിധായകരിൽ ഒരാളായി നില്ക്കുക എന്നത് നിസാര കാര്യമല്ല,വളരെ അപൂർവ്വം സംവിധായകർക്ക് മാത്രം സാധ്യമാകുന്ന ഒന്ന്..മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളെ കുറിച്ച് പറയുമ്പോൾ പലരും പറയുന്ന പേരുകൾ ജോൺപോൾ, എം ടി.വാസുദേവൻനായർ,പത്മരാജൻ, ലോഹിതദാസ് എന്നിവരുടെതാണ്...
എന്നാൽ മേൽപ്പറഞ്ഞ തിരക്കഥാകൃത്തുക്കളുടെ പേരുകൾക്കൊപ്പം ചേർത്ത് വെയ്ക്കാവുന്ന പേരാണ് ശ്രീനിവാസന്റേത്,അവരുടെ രചനകൾക്കൊപ്പം വെയ്ക്കാവുന്ന രചനകളാണ് ശ്രീനിവാസന്റേത്..പേര് കേട്ട ആ തിരക്കഥാകൃത്തുക്കളുടെ രചനകളിൽ വരച്ച് കാട്ടിയതിന് ഒപ്പമൊ അതിനെക്കാൾ ഏറയൊ സാധാരണക്കാരന്റെ ജീവിതം ശ്രീനിവാസന്റെ രചനകളിൽ ഉണ്ട് എന്നാണ് എന്റെ അഭിപ്രായം.. ഒരു പക്ഷേ ഹാസ്യത്തിന്റെ പുറംചട്ടയിൽ പൊതിഞ്ഞ് കാണിച്ചതുകൊണ്ടായിരിക്കാം ശ്രീനിവാസന്റെ രചനകൾക്ക് അർഹിക്കുന്ന പ്രാധാന്യം കിട്ടാതിരുന്നത്..സിനിമയിലെ ഹാസ്യ നടനത്തിനും ഹാസ്യ രചനയ്ക്കും ഒക്കെ എന്നും രണ്ടാം സ്ഥാനം ആണ് കൽപ്പിച്ച് നല്കിയിരിക്കുന്നത്..
സത്യൻ അന്തിക്കാട്-ശ്രീനിവാസൻ സിനിമകൾ പോലെ തന്നെ വളരെ ലളിതവും മനോഹരവുമാണ് അവരുടെ സിനിമകളിലെ പ്രണയവും പ്രണയരംഗങ്ങളും..നിറങ്ങൾ വാരി വിതറാതെ,ഒച്ചയും ബഹളവും ഒന്നുമില്ലാതെ ജീവിതത്തോട് ചേർന്ന് നില്ക്കുന്ന ശാന്തമായ പ്രണയം,പ്രേക്ഷകന്റെ മനസിൽ സ്പർശിക്കുന്ന പ്രണയം..ടി പി ബാലഗോപാലനിലും സന്മനസുള്ളവർക്ക് സമാധാനത്തിലും നാടോടിക്കാറ്റിലും വരവേൽപ്പിലും ഒക്കെ നമ്മൾ അനുഭവിച്ച ആ 'ശ്രീനിവാസൻ പ്രണയം',ആ 'അന്തിക്കാട്' പ്രണയം അതേ തീവ്രതയോടെ,അതേ ഭംഗിയോടെ ഗാന്ധിനഗർ 2nd സ്ട്രീറ്റിലും ഉണ്ട്..സേതു കടമായി ചോദിച്ച പണം മായ വീട്ടിൽ കൊണ്ട് കൊടുത്ത ശേഷമുള്ള രംഗത്തിൽ മായയോട് നന്ദി പറഞ്ഞ ശേഷം ഉള്ള സേതുവിന്റെ ഡയലോഗ് 'അവന്മാരുടെ മോന്തക്കിട്ട് ഒന്ന് കൊടുക്കാൻ തോന്നി.അവർ പറയാ കുട്ടിക്ക് എന്നോട് ലൗ ആണെന്ന്.അവരുടെ മോന്തയ്ക്കിട്ട് രണ്ട് പൊട്ടിക്കണമായിരുന്നു,അല്ലാ, സത്യത്തിൽ എന്നോട് അങ്ങനെ വല്ലതും ഉണ്ടോ??'തന്നോട് പ്രണയം ഉണ്ടോ എന്ന സേതുവിന്റെ ഈ ചോദ്യത്തിന് ഉത്തരം 'ഉണ്ടെന്ന്' സൂചിപ്പിക്കുന്ന മായയുടെ ഒരു ചിരി മാത്രം ആയിരുന്നു..
അപ്പോൾ സേതുവിന്റെ മുഖത്ത് വിരിയുന്ന സന്തോഷവും ചിരിയും..കഥാപാത്രത്തിന്റെ ആ ചിരിയും സന്തോഷവും പ്രേക്ഷകന്റെത് കൂടിയാകുന്ന പകർന്നാട്ടം...എത്ര മനോഹരമായിട്ടാണ്, എത്ര സ്വഭാവികമായിട്ടാണ് മോഹൻലാലും കാർത്തിയും ഈ രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്..തിയേറ്ററിൽ ഈ രംഗം ഉണ്ടാക്കിയ ഓളം വളരെ വലുതായിരുന്നു..മോഹൻലാലും കാർത്തികയും,വെറും പത്ത് സിനിമകളിലൂടെ പ്രേക്ഷക പ്രീതി നേടിയ സ്‌ക്രീനിലെ എക്കാലത്തെയും മികച്ച താരജോഡികൾ..ഗാന്ധിനഗറിന് മുമ്പ് മൂന്ന് സിനിമകളിൽ മോഹൻലാലും കാർത്തികയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകരുടെ ഇഷ്ട ജോഡിയായി മാറിയത് ഗാന്ധിനഗറിലെ സേതുവിലൂടെയും മായയിലൂടെയുമാണ്..ഇരുവരുടെയും സ്‌ക്രീൻ പ്രസൻസും കെമിസ്ട്രിയും വളരെ ആകർഷകമാണ്...
ഗാന്ധിനഗർ 2nd സ്ട്രീറ്റിൽ ഒട്ടനവധി രസകരമായ കഥാപാത്രങ്ങൾ ഉണ്ട്, രംഗങ്ങൾ ഉണ്ട്, തിയേറ്ററുകളിൽ പൊട്ടിച്ചിരികളുടെ തിരമാലകൾ ഉയർത്തിയ കഥാപാത്രങ്ങളും രംഗങ്ങളും..സേതു ആദ്യമായി മാധവന്റെ വീട്ടിലേയ്ക്ക് വരുന്നത്, അപ്പോൾ സേതുവിനെ കാണുമ്പോൾ ഉള്ള മാധവന്റെ പ്രതികരണം,മാല പൊട്ടിച്ച കേസ് അന്വേഷിക്കാൻ വരുന്ന ഇന്നസെന്റിന്റെ പൊലീസ് വേഷം,ഇവിടെ ആണുങ്ങൾ ആരും ഇല്ലെ എന്ന് ചോദിക്കുമ്പോൾ 'ഇല്ല, ഇവിടെ കുട്ടികളുടെ അച്ഛൻ മാത്രമെ ഉള്ളു' എന്ന KPAC ലളിതയുടെ കഥാപാത്രത്തിന്റെ മറുപടി, 'അങ്ങോര് ആണല്ലെ,ഈ സ്ത്രീകൾ എന്താ ഇങ്ങനെ പെരുമാറുന്നത്' എന്ന ഇന്നസെന്റിന്റെ തിരിച്ചുള്ള ഡയലോഗ്,ശങ്കരാടിയുടെ നോവലിസ്റ്റ് കഥാപാത്രത്തിന്റെ 'കടക്കൂ പുറത്ത്, അധികാരത്തിന്റെ ലാത്തി കാണിച്ച് എന്നെ ഭീഷണിപ്പെടുത്താമെന്ന് വിചാരിക്കണ്ട' എന്ന ഡയലോഗ്,സേതുവിനെ ഊണ് കഴിക്കാൻ മാധവൻ വിളിക്കുന്ന രംഗം,സേതുവിനെ ഒഴിവാക്കാൻ വേണ്ടി മാധവൻ ബാംഗ്ലൂർക്ക് എന്നും പറഞ്ഞ് പോകുന്ന രംഗം,രാത്രി വീട്ടിൽ തിരിച്ച് വന്ന് സേതുവിനെ അവിടെ കാണുമ്പോൾ 'എന്റെ ഭാഗ്യം, മാധവനെയും അമ്മയെയും ലതികയെയും ഒക്കെ എനിക്ക് വീണ്ടും കാണാൻ പറ്റിയല്ലൊ' എന്ന് സേതു പറയുന്ന രംഗം..
തുടർന്ന് വീടിന്റെ മുറ്റത്ത് കട്ടിലിൽ ഇരുന്ന് സേതുവും മാധവനും കൂടി സംസാരിക്കുന്നതും ഒരു ജോലി ആകുന്നത് വരെ എവിടെ താമസിക്കുമെന്ന് മാധവൻ ചോദിക്കുമ്പോൾ ഇവിടെ തന്നെ താമസിക്കാം എന്ന ഭാവത്തോടെ സേതു വീട് നോക്കുന്നതും,പ്രായമായ പെങ്ങൾ വീട്ടിൽ ഉള്ള കാര്യം മാധവൻ പറയുമ്പോൾ 'അയ്യേ, ഛെ, ഞാനാ ടൈപ്പ് ഒന്നുമല്ല' എന്ന് സേതു പറയുന്നതും ഒക്കെ എത്ര ഭംഗിയായിട്ടാണ് മോഹൻലാൽ അഭിനയിച്ചിരിക്കുന്നത്.. സേതു എന്ന കഥാപാത്രത്തിന്റെ നിഷ്‌കളങ്കതയും നിസ്സഹായവസ്ഥയും ഒക്കെ കാണിച്ച് തരുന്ന രംഗം..ഈ രംഗത്തിലെ മോഹൻലാലിന്റെ ശരീരഭാഷ ശ്രദ്ധേയമാണ്,സേതു കാൽ വിരലുകൾ പതിയെ പിടിച്ച് തിരിച്ച് കൊണ്ടൊക്കെയാണ് തന്റെ നിസഹായവസ്ഥ ചമ്മലോടെ മാധവനെ അറിയിക്കുന്നത്..എന്റെ അഭിപ്രായത്തിൽ ഇതൊക്കെയാണ് ശരിക്കും ആക്റ്റിങ് ബ്രില്യൻസ് എന്ന് പറയുന്നത്..ആ രംഗത്തിന് ഇത്തരത്തിലുള്ള ശരീരഭാഷ കൊടുക്കണമെന്ന് മോഹൻലാലിനോട് സംവിധായകൻ പറഞ്ഞിട്ടുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല..
ഗൂർഖ ആകാൻ സേതുവിനെ മാധവൻ ഉപദേശിക്കുന്നതും ജീവൻ പോയാലും കത്തി ഉറയിൽ നിന്നും ഊരരുത് പറയുന്ന രംഗം,സേതുവിന്റെ ഗൂർഖ ആയിട്ടുള്ള രംഗപ്രവേശം,നിർമല ടീച്ചർ പേരെടുത്ത ഒരു കാമുകിയാണെന്നും ചിലപ്പോൾ നിനക്ക് പ്രയോജനപ്പെടുമെന്നും മാധവൻ പറയുമ്പോൾ 'അയ്യേ ഞാനാ ടൈപ്പൊന്നും അല്ല' സേതു പറയുന്ന രംഗം, നിർമല ടീച്ചറോട് 'ഹംക്കൊ കൊച്ച് കുട്ടികൾ എന്ന് പറഞ്ഞാൽ ബഹുത്ത് ജീവൻ ഹെ മേം സാബ്' സേതു പറയുന്ന രംഗം,മാധവൻ കള്ളനായി അഭിനയിച്ച് പിടിക്കപ്പെടുന്ന രംഗം,കുന്നുംപുറത്ത് സേതുമാധവൻ എന്ന പേരിൽ താൻ കവിത എഴുതുന്നതും ആത്മപ്രശംസ തനിക്ക് ഇഷ്ടമല്ല എന്ന് പറഞ്ഞ ശേഷം തന്റെ കവിതകൾക്ക് ഒരുപാട് ആരാധകർ ഉണ്ടെന്നും പറഞ്ഞ് സേതു മായയോട് കാശ് കടം ചോദിക്കുന്ന രംഗം,മായ കാശ് കൊടുക്കാൻ വേണ്ടി സേതുവിന്റെ വീട്ടിൽ വരുമ്പോൾ തേങ്ങ ചിരകി കൊണ്ടിരിക്കുന്ന സേതു വന്ന് താൻ കവിത എഴുതി കൊണ്ടിരിക്കുകയാണെന്ന് പറയുന്ന രംഗം, തുടർന്നുള്ള അവരുടെ പ്രൊപ്പോസൽ രംഗം,തുടർക്കിനാക്കളിൽ പാട്ട് രംഗത്ത് സേതുവും മായയും ഫലൂദ കഴിച്ച് ടിപ്പായി വെയ്ക്കുന്ന പൈസ സേതു എടുക്കുന്ന രംഗം,മായ അന്വേഷിച്ച പുസ്തകം സേതു ക്ലാസ് റൂമിൽ കൊണ്ട് കൊടുക്കുന്ന രംഗം,അശോകന്റെ വായിൽനോക്കി കഥാപാത്രത്തെ സേതു ഓടിച്ചിട്ട് ഇടിക്കുന്ന രംഗം,മമ്മൂട്ടിയുടെ ബാലചന്ദ്രൻ എന്ന ഗസ്റ്റ് കഥാപാത്രത്തിന്റെ മികച്ച ഇൻട്രൊ രംഗം,അങ്ങനെ ഒത്തിരി രംഗങ്ങളിലൂടെ ഗാന്ധിനഗർ 2nd സ്ട്രീറ്റ് പ്രേക്ഷകരുടെ മനം കവർന്നു..
1986 ജൂലൈ 4 ന് കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിൽ നിന്നും കണ്ടതാണ് ഞാൻ ഗാന്ധിനഗർ 2nd സ്ട്രീറ്റ്,മാറ്റിനി ഷോ,എന്റെ ഇക്കയുടെ കൂടെ..അന്നത്തെ ആറാം ക്ലാസുക്കാരനായ ഞാൻ ഒരുപാട് ചിരിച്ച് നിറഞ്ഞ മനസ്സോടെയാണ് തിയേറ്ററിൽ നിന്നും ഇറങ്ങിയത്,വീണ്ടും സിനിമ കാണണമെന്ന ആഗ്രഹത്തോടെ..വീണ്ടും വീണ്ടും ഈ സിനിമ കാണണമെന്ന ആഗ്രഹം വർഷങ്ങൾക്കിപ്പുറവും മാറ്റമില്ലാതെ തുടരുന്നു..ഗാന്ധിനഗറിന് മുമ്പ് പല സൂപ്പർഹിറ്റ് സിനിമകളിലും,അത് പോലെ തന്നെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, നോക്കത്താ ദൂരത്ത് കണ്ണുംനട്ട്,പഞ്ചാഗ്‌നി തുടങ്ങിയ ബ്ലോക്‌ബസ്റ്റർ സിനിമകളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മോഹൻലാൽ നായകനായിട്ടുള്ള ആദ്യത്തെ ഏറ്റവും വലിയ വിജയ സിനിമ ഗാന്ധിനഗർ 2nd സ്ട്രീറ്റ് ആണ്..മോഹൻലാലിന്റെത് മാത്രമല്ല,സത്യൻ അന്തിക്കാടിന്റെയും ശ്രീനിവാസന്റെയും കരിയറിലെ ആദ്യ ബ്ലോക്‌ബസ്റ്റർ സിനിമ കൂടിയാണ് ഗാന്ധിനഗർ 2nd സ്ട്രീറ്റ്..
മോഹൻലാലിനെ കൂടാതെ മമ്മൂട്ടി,കാർത്തിക,ശ്രീനിവാസൻ,തിലകൻ, ശങ്കരാടി, ഇന്നസെന്റ്, അശോകൻ,സി ഐ പോൾ,മാമുക്കോയ,സീമ,സുകുമാരി,KPAC ലളിത,ശാന്തകുമാരി, പ്രയ തുടങ്ങിയ നടീനടന്മാരും മികച്ച പ്രകടനം തന്നെ കാഴ്‌ച്ചവെച്ചു..മമ്മൂട്ടിയുടെ ഗസ്റ്റ് റോൾ ശരിക്കും ഒരു സർപ്രൈസ് തന്നെയായിരുന്നു പ്രേക്ഷകർക്ക്..ബിച്ചുതിരുമല-ശ്യാം ടീമിന്റെ ഗാനങ്ങളും വിപിൻ മോഹന്റെ ഛായാഗ്രഹണവും ഗാന്ധിനഗർ 2nd സ്ട്രീറ്റിന് കൂടുതൽ മികവ് നല്കി..
സത്യൻ-ശ്രീനി-ലാൽ ടീമിന്റെ ആറ് സിനിമകളിൽ രണ്ടാമത്തെ സിനിമയാണ് ഗാന്ധിനഗർ 2nd സ്ട്രീറ്റ്..ഇതിൽ ഗാന്ധിനഗറും നാടോടിക്കാറ്റും നിർമ്മിച്ചിരിക്കുന്നത് ഐ വി ശശി,സീമ, മമ്മൂട്ടി,മോഹൻലാൽ,സെഞ്ച്വറി കൊച്ച് മോൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കാസിനോ പ്രൊഡക്ഷൻസ് ആയിരുന്നു..1986ൽ തന്നെ സത്യൻ-ശ്രീനി-ലാൽ ടീമിന്റെ മൂന്ന് സിനിമകൾ റിലീസ് ചെയ്തിരുന്നു,അവ മൂന്നും മികച്ച അഭിപ്രായത്തോടെ ബോക്‌സ് ഓഫീസിൽ നല്ല വിജയം നേടുകയും ചെയ്തു..
കേവലം ആറ് സിനിമകൾ കൊണ്ട് സത്യൻ-ശ്രീനി-ലാൽ കൂട്ടുക്കെട്ട് മലയാള സിനിമയിൽ നേടിയെടുത്ത ജനപ്രീതി വളരെ വലുതാണ്..അത് അടിവരയിടുന്നതാണ് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും പുതു തലമുറയും ആ സിനിമകൾ ആസ്വദിക്കുന്നതും,ട്രോളുകളിൽ ആ സിനിമകളിലെ രംഗങ്ങൾ നിറയുന്നതും, നാടോടിക്കാറ്റിന്റെയും ഗാന്ധിനഗറിന്റെയും വരവേൽപ്പിന്റെയും ഒക്കെ ടെലിവിഷനിലെ റിപ്പീറ്റ് ടെലികാസ്റ്റും..വരവേൽപ്പിന് ശേഷം ഈ കൂട്ടുക്കെട്ട് വീണ്ടുമൊരു സിനിമയ്ക്കായി ഒന്നിച്ചിട്ടില്ല എന്നത് മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും വലിയൊരു നഷ്ടം തന്നെയാണ്..ഇനിയൊരു സത്യൻ-ശ്രീനി-ലാൽ സിനിമ ഉണ്ടാകുമൊ?പ്രതീക്ഷയോടെ കാത്തിരിക്കുന്നു ആ സിനിമയ്ക്കായി..
Next Story