കോവിഡിൽ ടീച്ചർ; കിഫ്ബിയിൽ ഗണേശ്; റിയാസിനെ നോട്ടമിട്ട് ഷംസീറും; പിണറായിയെ വേദനിപ്പിക്കുന്നത് ഭരണപക്ഷത്ത് നിന്നുള്ള കടന്നാക്രമണങ്ങൾ; തോമസ് ഐസക്കിനേയും ശൈലജ ടീച്ചറിനേയും ഒഴിവാക്കിയത് വീണ്ടും ചർച്ചകളിൽ; സർക്കാർ വിമർശനത്തിൽ ഭരണപക്ഷത്തുള്ളവർക്ക് വിലക്ക് വന്നേക്കും
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തിന് അപ്പുറം തലവേദന മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ടാക്കുന്നത് ഭരണ പക്ഷം. മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ കോവിഡ് വിമർശനം സർക്കാരിന് വലിയ അടിയായി. കോവിഡ് പ്രതിരോധം പാളുന്നു എന്ന ചർച്ചകൾക്കിടെയായിരുന്നു ശൈലജ ടീച്ചറിന്റെ അടി. കോവിഡിനൊപ്പം കിഫ്ബിയായിരുന്നു ഒന്നാം പിണറായി സർക്കാരിന്റെ കരുത്ത്. ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ ബുദ്ധി. എന്നാൽ ശൈലജ ടീച്ചറിന് മത്സരിക്കാൻ സീറ്റ് നൽകിയപ്പോൾ തോമസ ്ഐസക്കിന് അതുപോലും കൊടുത്തില്ല. തോമസ് ഐസക്കിന്റെ അഭാവത്തിൽ കിഫ്ബിയും തളർച്ചയിലാണ്. ഭരണപക്ഷമാണ് വിമർശകർ.
കിഫ്ബിയിൽ എല്ലാവരും ചേർന്ന് പ്രതികൂട്ടിൽ നിർത്തുന്നത് പിണറായിയുടെ മരുമകൻ കൂടിയായ മന്ത്രി മുഹമ്മദ് റിയാസിനെയാണ്. ഗണേശ് കുമാർ തുടങ്ങിയ വിമർശനം. അതിനൊപ്പം തലശ്ശേരിയിൽ നിന്നും എഎൻ ഷംസീറും കൂടിയിരിക്കുന്നു. നായകനും വില്ലനും പോലെ രണ്ടു മന്ത്രിമാരെ പരസ്പരം പോരടിക്കുന്ന സാഹചര്യത്തിലേക്ക് ഇരുവരും എത്തിച്ചു. സിപിഎമ്മിന്റെ മരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസും സിപിഐയുടെ റവന്യു മന്ത്രി കെ.രാജനും ഇന്നലെ പരസ്പരം ഏറ്റുമുട്ടി. ഇതെല്ലാം കണ്ടും കേട്ടും മുഖ്യമന്ത്രി പിണറായി വിജയനും.
കിഫ്ബി വഴി അനുവദിച്ച റോഡുകൾ ഉദ്യോഗസ്ഥരുടെ നിലപാടു കാരണം മുടങ്ങുന്നു എന്ന പരാതി ഉന്നയിച്ചത് പത്തനാപുരം എംഎൽഎ. കെ.ബി. ഗണേശ് കുമാറാണ്. ശ്രദ്ധ ക്ഷണിക്കലിനെ എ.എൻ. ഷംസീർ എംഎൽഎയും പിന്തുണച്ചു. സർവേയർമാരുടെ നിയമനത്തെ ചൊല്ലി റവന്യൂ-പൊതുമമാത്ത് വകുപ്പു മന്ത്രിമാർ തമ്മിലുള്ള ഭിന്നതയും നിയമസഭയിൽ പരസ്യമായി. ഈ സാഹചര്യത്തിൽ ഭരണ പക്ഷത്ത് നിന്നുള്ള സർക്കാർ വിരുദ്ധ പരാമർശം തടയാൻ മുഖ്യമന്ത്രി ഇടപെടൽ നടത്തും. ഇത്തരം വിമർശനങ്ങൾ ഇടതുപക്ഷ എംഎൽഎമാർ പൊതുവേദിയിൽ അവതരിപ്പിക്കുന്നത് തടയും. ഇതിന് എല്ലാവർക്കും നിർദ്ദേശം നൽകും.
കിഫ്ബി വഴിയുള്ള റോഡ് നിർമ്മാണ തടസ്സങ്ങൾക്കെതിരെ പൊട്ടിത്തെറിച്ചപ്പോൾ സർവേയർമാരുടെ ദൗർലഭ്യത്തെ ഗണേശ് വിമർശിച്ചു. കിഫ്ബിക്കു സർവേയർമാരെ ലഭിച്ചേ തീരൂ എന്നായി മന്ത്രി റിയാസ്. റവന്യുവിൽ ആവശ്യത്തിനു സർവേയർമാരില്ല, മറ്റൊരു സംവിധാനം വേണ്ടിവരുമെന്ന സൂചന നൽകിയതോടെ കെ.രാജൻ എഴുന്നേറ്റു. സർവേയർമാരെ റവന്യൂ വകുപ്പ് നൽകുന്നില്ലെന്നതായിരുന്നു റിയാസ് ഒളിപ്പിച്ച വിമർശനം. ഇതാണ് സിപിഐ മന്ത്രിയെ പ്രകോപിപ്പിച്ചത്.
തന്റെ വകുപ്പിലെ കാര്യം റിയാസ് പറഞ്ഞു പോകേണ്ട. സർവേ വകുപ്പു തന്നെ സർവേ നടത്തും. സ്വതന്ത്ര സർവേക്ക് ആരെയും അനുവദിക്കില്ല മന്ത്രി നയം വ്യക്തമാക്കി. റിയാസ് ഒട്ടും കുറച്ചില്ല. '' മന്ത്രി മനസ്സിലാക്കിയതിന്റെ കുഴപ്പമാണ്. ഞാൻ പറഞ്ഞതു വളരെ വ്യക്തമാണ്. റവന്യു വകുപ്പു തന്നെ തീരുമാനം എടുക്കണമെന്നു ശക്തമായി പറയുകയാണ്''.-റിയാസ് പറഞ്ഞു. അങ്ങനെ ഒരർത്ഥത്തിൽ റിയാസ് രക്ഷപ്പെട്ടു.
ഗതാഗതക്കുരുക്കുകൾ വിവരിക്കുമ്പോൾ ഗണേശ് സഭയെ വേദനിപ്പിച്ചു. ഹൃദ്രോഗ ബാധ മൂലം ആശുപത്രിയിലായ അമ്മയെ കാണാൻ പാഞ്ഞ അദ്ദേഹം 20 മിനിറ്റിലേറെ ഗതാഗതക്കുരുക്കിൽ പെട്ടു. ഒടുവിൽ ആശുപത്രിയിൽ എത്തിയപ്പോൾ അഞ്ചു മിനിറ്റ് മുൻപ് അമ്മ പോയിരുന്നു വേദനയോടെ ഗണേശ് പറഞ്ഞു. 2018 മുതൽ പത്തനാപുരം മണ്ഡലത്തിലെ അടക്കം നിരവധി പദ്ധതികൾ മുടങ്ങിക്കിടക്കുകയാണ്. വെഞ്ഞാറമ്മൂട് മേൽപ്പാലം ഇല്ലാത്തതിനാൽ തനിക്കുണ്ടായ ബുദ്ധിമുട്ടും അദ്ദേഹം വികാരഭരിതനായി പങ്കുവെച്ചു.
2018 ജനുവരി മൂന്നിന് രാവിലെ തനിക്ക് ഒരു ഫോൺ വന്നു, കൊട്ടാരക്കരയിൽനിന്ന്. അമ്മയ്ക്ക് ഹൃദയാഘാതമുണ്ടായെന്നും ഗുരുതരാവസ്ഥയിൽ കൊട്ടാക്കരയിലെ ആശുപത്രിയിലാണ് ഉടൻ വരണമെന്നും പറഞ്ഞു. താൻ യാത്ര തിരിച്ച് വെഞ്ഞാറമ്മൂട് എത്തിയപ്പോൾ 20 മിനുട്ട് ഗതാഗതക്കുരുക്കിൽപ്പെട്ടു. താൻ കൊട്ടാക്കരയിൽ എത്തിയപ്പോഴേക്കും അമ്മ മരിച്ച് അഞ്ചു മിനിട്ട് കഴിഞ്ഞിരുന്നു. അമ്മയെ ജീവനോടെ ഒന്ന് കാണാൻ പറ്റിയില്ലെന്നും ഗണേശ് കുമാർ പറഞ്ഞു.
ഉദ്യോഗസ്ഥന്മാർ സൂപ്പർ എൻജിനീയർമാർ ചമയുന്നതിനാലാണ് ഇത്തരം പദ്ധതികൾ അട്ടിമറിക്കപ്പെടുന്നത് എന്ന ഗണേശ് കുമാറിന്റെ വിമർശത്തിന് പിന്തുണയുമായി ഷംസീർ ഉൾപ്പെടെ രംഗത്തെത്തിയത്. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും മാനദണ്ഡങ്ങളിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്നുമായിരുന്നു പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നൽകിയത്. സർവേയർമാരെ നിയമിക്കുന്നതിനുള്ള നടപടി മുന്നോട്ടു കൊണ്ടുപോവുകയാണെന്നും ശുപാർശ റവന്യൂ വകുപ്പിന് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു.
സർവേയർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ ശുപാർശ ലഭിച്ചിട്ടുണ്ട്. എന്നാൽ സ്വതന്ത്രമായ രീതിയിൽ ആർക്കും സർവേയർമാരെ നിയമിക്കാൻ സാധിക്കില്ലെന്നും നിലവിലുള്ള ചട്ടപ്രകാരമേ നിയമനം നടക്കൂവെന്നും റവന്യൂമന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിൽ മിടുക്കന്മാരായ എൻജിനീയർമാരും ഉദ്യോഗസ്ഥരും ഉണ്ടായിട്ടും എന്തുകൊണ്ട് കൺസൾട്ടൻസി നൽകി ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും ഗണേശ് കുമാർ ആരാഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ