- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറസ്റ്റും റെയ്ഡും പത്തനാപുരം എംഎൽഎയെ തളർത്താൻ; മുന്നണി വിട്ടേ തീരുവെന്ന് ബാലകൃഷ്ണ പിള്ളയുടെ അതിവിശ്വസ്തരുടെ ആവശ്യം; സോളാറിൽ ശരണ്യാ മനോജ് കളിച്ചത് അമ്മാവിന്റെ യുഡിഎഫ് പ്രവേശനത്തെ അട്ടിമറിക്കാൻ തന്നെ; തദ്ദേശത്തിന് ശേഷം വീണ്ടും കോൺഗ്രസുമായി അടുക്കാമെന്ന പ്രതീക്ഷയിൽ കാത്തിരിപ്പ്; ഇടതു മുന്നണിയിൽ ഗണേശ് കുമാർ ഒറ്റപ്പെടുമ്പോൾ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം എൽഡിഎഫ് വിടാനൊരുങ്ങി കേരള കോൺഗ്രസ് ബി. സീറ്റ് വിഭജനത്തിൽ തഴഞ്ഞതും ഗണേശ് കുമാർ എംഎൽഎയുടെ വീട്ടിലെ പൊലീസ് പരിശോധനയിലെ അതൃപ്തിയുമാണ് നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.
ഇത്രയും അവഗണന നേരിട്ട് ഇനിയും മുന്നണിയിൽ തുടരേണ്ടെന്നാണ് ഭൂരിഭാഗം ജില്ലാ കമ്മിറ്റികളുടെയും തീരുമാനം. ഇടതുമുന്നണി വിടണമെന്ന നിലപാടുമായി പത്തു ജില്ലാ കമ്മിറ്റികൾ പാർട്ടി ചെയർമാൻ ആർ ബാലകൃഷ്ണപിള്ളയെ സമീപിച്ചു. എന്നാൽ മുന്നണി മാറ്റത്തിന് വെല്ലുവിളികൾ ഏറെയുണ്ടെന്നാണ് സൂചന. യുഡിഎഫിലും ഗണേശ് കുമാറിന് എതിരുകളുണ്ട്. ഗണേശിന്റെ വരവിനെ തടയിടാനാണ് സോളാർ വിഷയം കോൺഗ്രസ് ചർച്ചയാക്കിയത്. ശരണ്യാ മനോജിന്റെ വെളിപ്പെടുത്തലുകൾ യുഡിഎഫിലേക്കുള്ള ഗണേശിന്റെ വരവിനെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.
യുഡിഎഫ് വിട്ട് വന്ന തങ്ങൾക്ക് ഇടതുമുന്നണിയിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതി നേരത്തെ കേരളാ കോൺഗ്രസ് ബി പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും ഉണ്ടായിരുന്നു. ഏറ്റവും അവസാനം ഗണേശിന്റെ വീട്ടിലെ റെയ്ഡും കൂടിയായതോടെ ഇടതുമുന്നണിയും കേരള കോൺഗ്രസ് ബിയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരിക്കുകയാണ്. ഈ സമയത്താണ് സരിതയ്ക്ക് പിന്നിൽ ഗണേശ് കുമാറാണെന്ന ചർച്ച ശരണ്യാ മനോജ് സജീവമാക്കിയത്. ഈ സമയം കോൺഗ്രസിലെ ഐ ഗ്രുപ്പ് ഗണേശിനെ കൂടെ കൂട്ടാനുള്ള ചർച്ചകളിലായിരുന്നു.
ഗണേശിനെ മുന്നണിയിൽ കൊണ്ടു വരുന്നതിൽ ഉമ്മൻ ചാണ്ടിക്ക് അതൃപ്തിയുണ്ട്. എങ്കിലും പ്രശ്‌നങ്ങൾ പറഞ്ഞു പരിഹരിക്കാൻ ഇനിയും കഴിയും. അതുകൊണ്ടാണ് സോളാറിൽ ചർച്ച ഉണ്ടായിട്ടും ഉമ്മൻ ചാണ്ടി പരമാവധി സംയമനം പാലിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അനുസരിച്ചാകും ഇനിയുള്ള യുഡിഎഫിന്റെ തീരുമാനങ്ങൾ. തദ്ദേശത്തിൽ മിന്നും വിജയം നേടിയാൽ ഘടക കക്ഷികളെ ആരേയും ഉൾപ്പെടുത്തില്ല. എന്നാൽ അതിശക്തമായ പോരാട്ടം സിപിഎം നടത്തിയാൽ നിയമസഭ പിടിക്കാൻ വിട്ടു വീഴ്ചയ്ക്ക് തയ്യാറാകും. ആ അവസരത്തിൽ ഗണേശിനുയം പിസി ജോർജിനേയും വരെ കൂടെ കൂട്ടാൻ തയ്യാറാകും.
ഇടതു പക്ഷത്ത് കേരളാ കോൺഗ്രസ് തീർത്തും നിരാശരാണ്. ഗൗരിയമ്മയുടെ ജെഎസ്എസിന് ലഭിക്കുന്ന പരിഗണന പോലും കേരള കോൺഗ്രസ് ബിക്ക് ലഭിക്കുന്നില്ല. എൽഡിഎഫിൽ നിന്ന് അപമാനം മാത്രമാണ് തങ്ങൾക്ക് നേരിടേണ്ടി വന്നതെന്നും നേതാക്കൾ പറയുന്നു. പൊലീസ് റെയ്ഡ് പാർട്ടിയുടെ പ്രതിച്ഛായ മോശമാക്കിയെന്ന വിലയിരുത്തലും നേതാക്കൾക്കുണ്ട്. അനാവശ്യ റെയ്ഡു അറസ്റ്റുമായിരുന്നു നടന്നത്. ഈ കേസ് ചർച്ചയാക്കിയതും പൊലീസാണ്. ഇതും ഗണേശിനെ ലക്ഷ്യമിട്ടാണെന്ന വിലയിരുത്തൽ പാർട്ടിയിലുണ്ട്. അതേസമയം, കേരള കോൺഗ്രസ് ബി ഇടതുമുന്നണി വിടാനൊരുങ്ങുന്നുയെന്ന സൂചന ലഭിച്ചതിന് പിന്നാലെയാണ് റെയ്ഡും അറസ്റ്റും എന്നാണ് വിലയിരുത്തൽ. ഇതും പാർട്ടിയെ അസ്വസ്ഥമാക്കുന്നു.
മന്ത്രിസഭയിലോ സർക്കാർ സമിതികളിലോ പ്രാധാന്യം നൽകിയില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അവഗണിച്ചെന്നും പത്ത് ജില്ലാ കമ്മിറ്റികൾ കുറ്റപ്പെടുത്തി. പൊലീസിനെ ഉപയോഗിച്ച് കേരള കോൺഗ്രസ് ബിയെ തകർക്കാനുള്ള ഗൂഢശ്രമമാണ് നടന്നത്. തെരഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യം ഇടതുമുന്നണിയിൽ നിന്ന് ലഭിച്ചില്ല. മാത്രമല്ല, ലഭിച്ച സീറ്റുകളിൽ റിബലുകളെ നിർത്തിയത് പാർട്ടിയെ തകർക്കാനുള്ള ബോധപൂർവ്വമായ നീക്കത്തിന്റെ ഭാഗമാണെന്നും നേതാക്കൾ പറയുന്നു.
ഈ അവഹേളനം സഹിച്ച് കേരളാ കോൺഗ്രസ് ബി ഇടതുമുന്നണിയിൽ തുടരണോ എന്നും നേതൃത്വം ആലോചിക്കണം. സമാന നിലപാടുകളാണ് പാർട്ടിയിൽ ഭൂരിഭാഗം പ്രവർത്തകർക്കും നേതാക്കൾക്കുമുള്ളത്. അതുകൊണ്ടു തന്നെ അടിയന്തര സംസ്ഥാന കമ്മിറ്റി ചേർന്ന് ഇടതു ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനമെടുക്കണമെന്നാണ് ജില്ലാ കമ്മിറ്റികളുടെ ആവശ്യം.
കേരള കോൺഗ്രസ് ബി പാലക്കാട് ജില്ലാ പ്രസിഡന്റ് മോൻസി തോമസിന്റെ പത്രക്കുറിപ്പ്
പൊലീസിനെ ഉപയോഗിച്ച് കേരള കോൺഗ്രസ് ബിയെ തകർക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്. കേരള കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവുകൂടിയായ മുൻ മന്ത്രി കെ ബി ഗണേശ്‌കുമാറിന്റെ വസതിയിൽ നിന്ന് സൂര്യോദയത്തിന് മുൻപ് പി എ പ്രദീപിനെ അറസ്റ്റ് ചെയ്തിട്ടും കലിയടങ്ങാത്ത പൊലീസ് പട്ടാപ്പകൽ എംഎൽഎയുടെ വീട് റെയ്ഡ് ചെയ്തത് പാർട്ടിയെ പൊതുസമൂഹത്തിൽ അവഹേളിക്കുന്നതിന് തുല്യമാണ്. ഭരണം ലഭിച്ചിട്ടും മന്ത്രിസഭയിലോ സർക്കാർ സമിതികളിലോ വേണ്ട പ്രാധാന്യം പാർട്ടിക്ക് ലഭിച്ചിട്ടില്ല. കൂടാതെ അവഹേളനവും.
തദ്ദേശ തെരഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യം ഇടതുമുന്നണിയിൽ നിന്ന് ലഭിച്ചില്ല. മാത്രവുമല്ല, ലഭിച്ച സീറ്റുകളിൽ റിബലുകളെ നിർത്തിയത് പാർട്ടിയെ തകർക്കാനുള്ള ബോധപൂർവ്വമായ നീക്കത്തിന്റെ ഭാഗമാണ്. ഈ അവഹേളനം സഹിച്ച് കേരളാ കോൺഗ്രസ് (ബി) ഇടതുമുന്നണിയിൽ തുടരണോ എന്നും നേതൃത്വം ആലോചിക്കണം. സമാന നിലപാടുകളാണ് പാർട്ടിയിൽ ഭൂരിഭാഗം പ്രവർത്തകർക്കും നേതാക്കൾക്കുമുള്ളത്.
മറുനാടന് മലയാളി ബ്യൂറോ