- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ കലക്ടറെ വെച്ച് ഒരു പുണ്ണാക്കും നടക്കില്ല; ഫേസ്ബുക്ക് ലൈവ് ഇടാനല്ലാതെ ഒരു പ്രയോജനവുമില്ല; കൊല്ലം മുൻ കലക്ടർക്കെതിരെ ഗണേശ് കുമാർ എംഎൽഎ; ആളില്ലാത്ത പോസ്റ്റിൽ ഗോളടിക്കുന്നുവെന്ന് അബ്ദുൽ നാസറിന്റെ ഫേസ്ബുക്ക് പോസ്റ്റും; തർക്കം പത്തനാപുരം മണ്ഡലത്തിലെ പട്ടയവിതരണത്തെ ചൊല്ലി
കൊല്ലം: പത്തനാപുരം മണ്ഡലത്തിലെ പട്ടയ വിതരണത്തെ ചൊല്ലി എംഎൽഎ കെ ബി ഗണേശ് കുമാറും മുൻ കലക്ടർ ബി അബ്ദുൽ നാസറും തമ്മിൽ തർക്കം. ഫേസ്ബുക്ക് ലൈവ് ഇടാനല്ലാതെ മുൻ കളക്ടർ ബി. അബ്ദുൽ നാസറിനെക്കൊണ്ട് ഒരു പ്രയോജനവും ഉണ്ടായിരുന്നില്ലെന്ന് ഗണേശ് കുമാർ പറഞ്ഞു. പത്തനാപുരം മണ്ഡലത്തിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഗണേശ് കുമാറിന്റെ വിമർശനം.
പട്ടയവിതരണം ശരിയായി നടക്കാത്തതിനെതിരേ ഗണേശ് കുമാറിനെതിരേ വലിയ തോതിലുള്ള വിമർശനങ്ങളും ഉണ്ടായിരുന്നു. എംഎൽഎയുടെ കഴിവുകേടാണ് ഇതിന് കാരണമെന്ന വിമർശനം പലരും ഉന്നയിച്ചിരുന്നു. ഇതിനെതുടർന്ന് നടന്ന പട്ടയമേളയിലാണ് കളക്ടറേക്കുറിച്ച് ഗണേശ് കുമാർ വലിയ വിമർശനം ഉന്നയിച്ചത്. പാതിരാത്രിയിൽ ഫേസ്ബുക്ക് ലൈവ് ഇടാൻ മാത്രമേ മുൻ കളക്ടർക്ക് സാധിച്ചിരുന്നുള്ളൂ എന്നും അതുകൊണ്ടുതന്നെ കളക്ടർ വിളിക്കുന്ന പല യോഗങ്ങളിലും താൻ പങ്കെടുത്തിരുന്നില്ല. യോഗങ്ങളിലൊന്നും വലിയ തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ല. പുതിയ കളക്ടർ എത്തിയ സാഹചര്യത്തിൽ അദ്ദേഹവുമായി ആലോചിച്ച് ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും ഗണേശ് കുമാർ പറഞ്ഞു.
'ജനങ്ങളോട് നിഷേധാത്മകമായി പെരുമാറുന്ന കലക്ടർ വിളിക്കുന്ന യോഗങ്ങളിൽ ഒരു പ്രയോജനവുമില്ലാത്തതിനാൽ ഞാൻ പങ്കെടുക്കാറുണ്ടായിരുന്നില്ല. ഫേസ്ബുക്കിൽ രാത്രി പന്ത്രണ്ടര മണിക്ക് പോസ്റ്റിടുന്നതല്ലാതെ ഒന്നും ചെയ്യാറില്ല. ഈ കലക്ടറെയും വെച്ച് ഒരു പുണ്ണാക്കും നടക്കില്ല. ഓട്ടയുള്ള കലത്തിൽ വെള്ളം കോരിയിട്ട് കാര്യമുണ്ടോ ഓട്ടയുള്ള കലം മാറ്റി വേറൊരു കലം വച്ചാൽ വെള്ളം കോരാമെന്ന് വിചാരിച്ചു കാത്തിരുന്നു. കലക്ടറേറ്റിൽനിന്ന് വിളിച്ച് യോഗത്തിന് പങ്കെടുക്കണമെന്ന് പറഞ്ഞാൽ 'ആ' എന്നു പറയും. വെറും പബ്ലിസിറ്റി മാത്രം ആഗ്രഹിച്ച് ചെയ്യുന്നയാളോട് സഹകരിക്കേണ്ടതില്ലെന്ന് തീരുമനിച്ചതാണ്' -ഗണേശ് പറഞ്ഞു.
ഗണേശ് കുമാറിന്റെ വിമർശനത്തിനു പിന്നാലെ മുൻ കളക്ടർ ബി. അബ്ദുൽ നാസർ തന്റെ ഫേസ്ബുക്ക് പേജിൽ പരോക്ഷമായി എംഎൽഎയെ വിമർശിച്ചുകൊണ്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു. താൻ കളക്ടറായിരുന്ന സമയത്ത് തനിക്കെതിരേ വിമർശനങ്ങളൊന്നും ഉന്നയിച്ചിരുന്നില്ലെന്നും ആളില്ലാത്ത പോസ്റ്റിൽ കയറി ഗോളടിക്കാൻ നോക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചിരുന്നു. പിന്നീട് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.
എംഎൽഎയുടെ പ്രസംഗത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വൻ വിമർശനമാണ് ഉയരുന്നത്. അതേസമയം, അനുകൂലിച്ചും ചിലർ രംഗത്തുണ്ട്. ഏറെ ജനകീയനായിരുന്ന ബി. അബ്ദുൽ നാസർ രണ്ടു വർഷക്കാലമാണ് ജില്ലയിൽ കലക്ടറായി സേവനമനുഷ്ടിച്ചത്. നിലവിൽ മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഡയറക്ടറാണ്.
മറുനാടന് മലയാളി ബ്യൂറോ