കൊച്ചി: മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഓഫീസിനെ രൂക്ഷമായി വിമർശിച്ചു മുൻ മന്ത്രി കെ ബി ഗണേശ് കുമാർ സോളാർ കമ്മീഷനു മൊഴി നൽകി. ടീം സോളാറിന്റെ എറണാകുളം എനർജി മാർട്ട് ഉദ്ഘാടനം ചെയ്തതു മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ചാണെന്നു ഗണേശ് കുമാർ പറഞ്ഞു.

ലക്ഷ്മി നായർ എന്ന പേരിൽ 2012 മുതൽ സരിതയെ അറിയാമെന്നു ഗണേശ് കുമാർ പറഞ്ഞു. ബിജു രാധാകൃഷ്ണനെ ഇതുവരെ നേരിൽ കണ്ടിട്ടില്ല. താൻ കണ്ടതിൽ വച്ചേറ്റവും വലിയ വഞ്ചകനാണു ഷിബു ബേബിജോണെന്നും ഗണേശ് പറഞ്ഞു.

ടീം സോളർ കമ്പനിയുടെ എറണാകുളം എനർജി മാർട്ട് ഉദ്ഘാടനത്തിന് എത്തണം എന്നാവശ്യപ്പെട്ട് സരിത അന്നു മന്ത്രിയായിരുന്ന തന്നെ എറണാകുളം ഗസ്റ്റ് ഹൗസിൽ കണ്ടിരുന്നു. ഉമ്മൻ ചാണ്ടിയുടെ ഓഫിസുമായി സരിതയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ഗണേശ് സോളർ കമ്മിഷനിൽ മൊഴി നൽകി.

സരിതയെ 2012 മുതൽ അറിയാം. സരിത ടീം സോളാർ കമ്പനിയുടെ ഡയറക്ടർ ആണെന്നു തുടക്കത്തിൽ തനിക്ക് അറിയില്ലായിരുന്നു. സരിത എഴുതിയ കത്ത് കണ്ടിട്ടില്ല. തന്റെ വീട്ടിൽ ടീം സോളറിന്റെ പാനൽ സ്ഥാപിച്ചിട്ടുണ്ടെന്നും ഗണേശ് സോളർ കമ്മിഷനോട് പറഞ്ഞു.

ആർഎസ്‌പി നേതാവും മുന്മന്ത്രിയുമായ ഷിബു ബേബി ജോണിനു തന്നോടു വ്യക്തിവിരോധമുണ്ട്. ഷിബുവിനെതിരെ സരിതയെ കൊണ്ട് ആരോപണം ഉന്നയിച്ചെന്ന വാദം ശരിയല്ല. ചവറയിൽ ഷിബുവിനെതിരെ വിജയൻ പിള്ളയെ സ്ഥാനാർത്ഥിയാക്കിയത് താനാണെന്ന ധാരണയിലാകാം ഇങ്ങനെ മൊഴി നൽകിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് തന്നെ തോൽപ്പിക്കാൻ ഷിബു പണമിറക്കി. അഹങ്കാരവും അഴിമതിയുമാണ് ചവറയിലെ പരാജയത്തിനു കാരണം. ഷിബു വഞ്ചകനാണെന്നും ഗണേശ് കുമാർ മൊഴി നൽകി.