- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരിക്കുന്നതിന് തലേന്നും ടെലിവിഷൻ സീരിയൽ ആസ്വദിച്ച ആളാണ് എന്റെ പിതാവ് ആർ.ബാലകൃഷ്ണപിള്ള; അപേക്ഷ ക്ഷണിച്ച ശേഷം അവാർഡ് നൽകാതിരിക്കുന്നത് മര്യാദകേടാണ്; പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ കളിയാക്കുക ആയിരുന്നു ജൂറി; വിമർശനവുമായി ഗണേശ് കുമാർ
തിരുവനന്തപുരം: നിലവാരമില്ലെന്ന് പറഞ്ഞ് സീരിയലുകൾക്ക് സംസ്ഥാന അവാർഡ് നൽകാതിരുന്ന ജൂറിയെ വിമർശിച്ച് കെ.ബി. ഗണേശ് കുമാർ എംഎൽഎ. അവാർഡിന് ക്ഷണിച്ച ശേഷം നിരാകരിക്കുന്നത് മര്യാദകേടാണെന്ന് ഗണേശ് കുമാർ പറഞ്ഞു. ടെലിവിഷൻ അഭിനേതാക്കളുടെ സംഘടനയായ ആത്മയുടെ പ്രസിഡന്റാണ് ഗണേശ് കുമാർ. കേരളത്തിലെ പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ കളിയാക്കുന്നതാണ് ജൂറിയുടെ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
അവാർഡിന് യോഗ്യമായ സീരിയൽ ഇല്ലെന്ന ജൂറി കണ്ടെത്തൽ മര്യാദകേടാണ്. കേരളത്തിലെ പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ ജൂറി കളിയാക്കുകയാണ്. മരിക്കുന്നതിന് തലേന്നും ടെലിവിഷൻ സീരിയൽ ആസ്വദിച്ചയാളാണ് തന്റെ പിതാവ് ആർ.ബാലകൃഷ്ണപിള്ള. അപേക്ഷ ക്ഷണിച്ച ശേഷം അവാർഡ് നൽകാതിരിക്കുന്നത് ശരിയല്ല. അങ്ങനെയാണെങ്കിൽ മികച്ച സീരിയലിന് അപേക്ഷ ക്ഷണിക്കരുതായിരുന്നു - ഗണേശ് കുമാർ പറഞ്ഞു.
29ാ മത് സംസ്ഥാന ടെലിവിഷൻ അവാർഡ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. അവാർഡിന് അർഹിക്കുന്ന മികച്ച സീരിയലുകളായി ഒന്നുമില്ലെന്നാണ് ജൂറിയുടെ നിരീക്ഷണം. കലാമൂല്യമുള്ള ഒരു സീരിയലുമില്ലാത്തതിനാലാണ് അവാർഡുകൾക്കായി പരിഗണിക്കാതിരുന്നതെന്നും ജൂറി പറഞ്ഞിരുന്നു. ജൂറിയുടെ മുന്നിലെത്തിയ എൻട്രികളിൽ ഭൂരിഭാഗവും അവാർഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ ഒന്നും തന്നെ സാക്ഷാത്കരിക്കുന്നവയായിരുന്നില്ല. അതുകൊണ്ടുതന്നെ മികച്ച സീരിയൽ, മികച്ച രണ്ടാമത്തെ സീരിയൽ, മികച്ച സംവിധായകൻ, മികച്ച കലാസംവിധായകൻ എന്നീ വിഭാഗങ്ങളിൽ ഈ വർഷം പുരസ്കാരം നൽകിയിരുന്നില്ല.
ടെലിവിഷൻ സീരിയലുകളിൽ സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിച്ചു കാണുന്നതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നതായും വീടുകളിൽ കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നു കാണുന്ന ഒരു മാധ്യമം എന്ന നിലയിൽ ടെലിവിഷൻ പരമ്പരകളിലും കോമഡി പരിപാടികളിലും ചാനലുകൾ കൂടുതൽ ഉത്തരവാദിത്തബോധം പുലർത്തണമെന്നും എൻട്രികൾ വിലയിരുത്തി ജൂറി അഭിപ്രായപ്പെട്ടിരുന്നു.
സംവിധായകൻ ആർ. ശരത്, എഴുത്തുകാരനും തിരക്കഥാകൃത്തുമായ എസ്. ഹരീഷ്, അഭിനേത്രി ലെന കുമാർ, സംവിധായകനും തിരക്കഥാകൃത്തുമായ സുരേഷ് പൊതുവാൾ, സംവിധായകൻ ജിത്തു കോളയാട്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ