കൊല്ലം: എൻസിപിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞു കിടപ്പാണ്. കൈയേറ്റ വിവാദത്തിൽ കുടുങ്ങിയ തോമസ് ചാണ്ടി കേസിൽ നിന്ന് കുറ്റവിമുക്തനായി മന്ത്രിയായി തിരിച്ചെത്താമെന്ന മോഹത്തിലായിരുന്നു. ഇതിന് തടയിടാനായിരുന്നു വിജിലൻസിന്റെ അന്വേഷണ പ്രഖ്യാപനം. ഹണി ട്രാപ്പിൽ കുടുങ്ങിയ എകെ ശശീന്ദ്രനും പീഡനക്കേസ് വിനയാണ്. ഹൈക്കോടതിയിൽ നിന്ന് കുറ്റവിമുക്തനാകാനുള്ള ശശീന്ദ്രന്റെ മോഹം പൊലിയുകയും ചെയ്തു. ഇതോടെ എൻസിപിയിലെ രണ്ട് എംഎൽഎമാർക്കും മന്ത്രിയായി ഉടനൊന്നും മടങ്ങിയെത്താനാകില്ലെന്നും ഉറപ്പായി. ഇതോടെ എൻസിപിയിൽ ലയിച്ച് മന്ത്രിയാകാമെന്ന കെബി ഗണേശ് കുമാറിന്റെ മോഹത്തിനും പ്രതീക്ഷ വയ്ക്കുകയാണ്.

ഗണേശ് കുമാറിനെ ഗതാഗത മന്ത്രിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തത്വത്തിൽ തീരുമാനിച്ചു കഴിഞ്ഞു. ആർ ബാലകൃഷ്ണ പിള്ളയ്ക്ക് നിലവിൽ ക്യാബിനറ്റ് പദവിയുണ്ട്. മുന്നോക്കക്ഷേമ കോർപ്പറേഷന്റെ ചെയർമാനാണ് പിള്ള. ഈ സാഹചര്യത്തിൽ കേരളാ കോൺഗ്രസ് പോലൊരു ചെറുപാർട്ടിക്ക് മറ്റൊരു കാബിനറ്റ് പദവി കൂടി കൊടുക്കുക അസാധ്യമാണ്. പിള്ള സ്ഥാനം ഒഴിഞ്ഞാൽ മാത്രമേ ഇതിന് സാധ്യതയുള്ളൂ. അതു സംഭവിക്കാതെ ഗണേശ് കുമാറിനെ മന്ത്രിയാക്കിയാൽ മറ്റ് ഘടകകക്ഷികളും അവകാശ വാദവുമായെത്തും. അതുകൊണ്ട് തന്നെ കേരളാ കോൺഗ്രസ് ബിയെ ഇടതുപക്ഷത്ത് എടുത്താലും ഗണേശിന് മന്ത്രിയാക്കാൻ കടമ്പകൾ ഏറെയാണ്. അതുകൊണ്ടാണ് എൻസിപിയിലൂടെ ഗണേശിനെ മന്ത്രിയാക്കാനുള്ള നീക്കം നടന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താൽപ്പര്യ പ്രകാരമാണ് ചർച്ചകൾ നടക്കുന്നത്. കെഎസ് ആർ ടിസി വലിയ പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ ഗണേശിനെ പോലൊരാളുടെ സേവനം മന്ത്രിസഭയ്ക്ക് ആവശ്യമാണ്. ഗതാഗത വകുപ്പിനെ നല്ല രീതിയിൽ ഭരിച്ച പാരമ്പര്യം ഗണേശിനുണ്ട്. ഇത് മുതൽകൂട്ടാക്കാനാണ് നീക്കം. പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്ന ഗതാഗത വകുപ്പിന്റെ ചുമതല ഇപ്പോൾ മുഖ്യമന്ത്രിക്കാണ്. ഇത് ഉടൻ ഒഴിയണമെന്ന ആഗ്രഹമാണ് പിണറായിക്കുള്ളത്. എൻസിപിയും ഗണേശും തമ്മിൽ ധാരണയായാൽ ഉടൻ സത്യപ്രജ്ഞയെന്ന നിലയിലേക്കാണ് കാര്യങ്ങൾ. അമ്മയുടെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞാലുടൻ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാണ് ഗണേശിന്റെ നീക്കം.

ആദ്യ ഘട്ടത്തിൽ എൻസിപിയിൽ നിന്ന് വലിയ എതിർപ്പുയർന്നു. ശശീന്ദ്രനായിരുന്നു ഇതിന് പിന്നിൽ. ഹണിട്രാപ്പിൽ താൻ കുറ്റവിമുക്തനാകുമെന്നും അതുകൊണ്ട് തന്നെ മന്ത്രിസ്ഥാനം തനിക്ക് അർഹതപ്പെട്ടതാണെന്നും ശശീ്ന്ദ്രൻ വാദിച്ചിരുന്നു. എന്നാൽ കേസിൽ നടപടികൾ എതിരായതോടെ ശശീന്ദ്രൻ അയഞ്ഞു. ഇതോടെ പിള്ളയുടെ കേരള കോൺഗ്രസിനെ (ബി) എൻ.സി.പിയിൽ ലയിപ്പിക്കാനുള്ള നീക്കം വീണ്ടും സജീവമായി. എൻ.സി.പി ദേശീയ പ്രസിഡന്റ് ശരത് പവാറിന്റെ ശക്തമായ പിന്തുണയോടെ സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ നേരിട്ടാണ് ഇതിന് ചുക്കാൻ പിടിക്കുന്നത്. കേരളാ കോൺഗ്രസ് ബിയെ ഇല്ലാതാക്കുന്നതിനോട് തുടക്കത്തിൽ പിള്ളയ്ക്ക് എതിർപ്പുണ്ടായിരുന്നു. എന്നാൽ മകനെ മന്ത്രിയാക്കാനുള്ള നീക്കത്തെ അനുകൂലിക്കണമെന്ന് പല കോണിൽ നിന്ന് പിള്ളയ്ക്ക് സമ്മർദ്ദമെത്തി. ഇതോടെ അദ്ദേഹം വഴങ്ങുകയായിരുന്നു.

ഭാര്യയുടെ മരണം പിള്ളയെ തളർത്തിയിട്ടുണ്ട്. എല്ലാ പ്രതിസന്ധി ഘട്ടത്തിലും പിള്ളയ്ക്ക് താങ്ങും തണലുമായി നിന്ന വ്യക്തിയാണ് ഭാര്യ വൽസല. ഇതിനൊപ്പം ചില അസുഖങ്ങളും പിള്ളയെ അലട്ടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മകന്റെ ആഗ്രഹത്തിന് തടസം നിൽക്കേണ്ടതില്ലെന്ന് പിള്ള തീരുമാനം എടുത്തത്. മകന് വേണ്ടി മുന്നോക്ക് ക്ഷേമ കോർപ്പറേഷന്റെ ചെയർമാൻ സ്ഥാനം ഒഴിയാനും തയ്യാറാകുമെന്ന് പിള്ള അടുപ്പക്കാരെ അറിയിച്ചതായാണ് സൂചന. പക്ഷേ കേരളാ കോൺഗ്രസ് ബിയെ ഇല്ലാതാക്കാൻ പിള്ളയ്ക്ക് ആഗ്രഹവുമില്ല. ഈ സാഹചര്യത്തിലാണ് ലയനചർച്ചകൾ ഗണേശ് സജീവമാക്കുന്നത്

ഗണേശിനെ എൻസിപിയിൽ ലയിക്കാൻ പിള്ള അനുവദിക്കുമെന്ന സൂചന ഇടത് നേതൃത്വത്തിനും കിട്ടിക്കഴിഞ്ഞു. ഗണേശിനെ അയോഗ്യനാക്കാൻ ശ്രമിക്കില്ല. പകരം മുന്നോക്ക് കോർപ്പറേഷന്റെ ചെയർമാൻ സ്ഥാനത്ത് തുടരാൻ പിള്ളയെ അനുദിക്കുകയും ചെയ്യും. കേരളാ കോൺഗ്രസ് ബിയുടെ രജിസ്‌ട്രേഷൻ നഷ്ടമാകാത്ത തരത്തിലാകും അഡ്ജസ്റ്റ്‌മെന്റ്. എൻസിപിയുടെ കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന നേതൃയോഗത്തിൽ ലയനം വേണ്ടെന്ന് അഭിപ്രായമുണ്ടായെങ്കിലും , കാര്യങ്ങളുടെ പോക്ക് മറിച്ചാണ്. പിള്ള ഗ്രൂപ്പുമായി ചർച്ചകൾക്ക് ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിനെ ശരത് പവാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. പിള്ളയുമായും പ്രഫുൽ പട്ടേൽ സംസാരിക്കുമെന്നാണ് സൂചന.

പത്താം തിയതി തോമസ് ചാണ്ടി എംഎ‍ൽഎ വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം ഇക്കാര്യത്തിൽ കൂടിയാലോചനകൾ നടക്കും. ഗണേശ് കുമാറിനെ ലയനാനന്തരം മന്ത്രിയാക്കുന്നതിനെച്ചൊല്ലിയുണ്ടായ അഭിപ്രായ വ്യത്യാസങ്ങൾ ഇപ്പോഴില്ല. അതിനിടെ ലയനത്തിനെതിരെ പരസ്യ നിലപാടെടുത്ത എൻ.സി.പി സേവാദൾ മുൻ സംസ്ഥാന ചെയർമാനും സംസ്ഥാന നിർവാഹക സമിതിയംഗവുമായ പ്രദീപ് പാറപ്പുറത്തെയും കുന്നത്തുനാട് ബ്‌ളോക്ക് പ്രസിഡന്റ് വർഗീസിനെയും പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. സംസ്ഥാന ട്രഷറർ മാണി സി. കാപ്പൻ, പാർട്ടി നേതാവും സംസ്ഥാന അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാനുമായ സുൾഫിക്കർ എന്നിവർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന.