- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏത് പാർട്ടിയാണെന്ന് നോക്കിയല്ല സല്യൂട്ട് ചെയ്യേണ്ടത്; പ്രോട്ടോക്കോൾ പൊലീസ് സംഘടന ഉണ്ടാക്കുന്നത്; ആ ഈഗോ പൊലീസുകാർ മനസ്സിൽ കൊണ്ടു നടക്കരുത്; സുരേഷ് ഗോപി സല്യൂട്ടിന് അർഹനെന്ന് ഗണേശ് കുമാർ
കൊല്ലം: സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപി എംപിയെ പിന്തുണച്ച് കേരള കോൺഗ്രസ് ബി ചെയർമാനും എംഎൽഎയുമായ കെ.ബി.ഗണേശ് കുമാർ. പാർലമെന്റ് അംഗത്തെ പൊലീസ് ഉദ്യോഗസ്ഥൻ സല്യൂട്ട് ചെയ്യണമെന്നും അത് മര്യാദയാണെന്നും ഗണേശ് കുമാർ പറഞ്ഞു. പ്രോട്ടോക്കോൾ വിഷയയൊക്കെ വാദപ്രതിവാദത്തിന് വേണ്ടി ഉന്നയിക്കുന്നതാണ്. സുരേഷ്ഗോപി സല്യൂട്ട് ചോദിച്ചുവാങ്ങേണ്ടി വന്നത് ഉദ്യോഗസ്ഥന്റെ കുഴപ്പമാണ്. ഉദ്യോഗസ്ഥർ മനസിൽ ഈഗോ കൊണ്ടുനടക്കരുതെന്നും ഗണേശ് കുമാർ ആവശ്യപ്പെട്ടു.
സുരേഷ് ഗോപിയെ സല്യൂട്ട് ചെയ്യാൻ പൊലീസ് മടിക്കേണ്ട കാര്യമില്ലെന്നും സുരേഷ് ഗോപി എന്ന വ്യക്തിക്കല്ല ഇന്ത്യൻ പാർലമെന്റ അംഗത്തിനാണ് സല്യൂട്ടെന്നും ഗണേശ് കുമാർ പറഞ്ഞു. പാർട്ടി നോക്കിയല്ല പ്രോട്ടോക്കോൾ പാലിക്കേണ്ടത്. ഈ പ്രോട്ടോക്കോളൊക്കെ ഉണ്ടാക്കുന്നത് പൊലീസ് സംഘടനകളാണ്. ഇങ്ങനെയുള്ള ഈഗോ പൊലീസുകാർക്ക് ഉണ്ടാവാൻ പാടില്ലെന്നും ഗണേശ് കുമാർ പറഞ്ഞു.
ഗണേശ് കുമാർ പറഞ്ഞത്:
സുരേഷ് ഗോപി എന്ന വ്യക്തിയല്ല. ഇന്ത്യൻ പാർലമെന്റിൽ അംഗമായ ഒരാളെ പൊലീസ് ഉദ്യോഗസ്ഥൻ സല്യൂട്ട് ചെയ്യണം, അതൊരു മര്യാദയാണ്. സുരേഷ്ഗോപിക്ക് മാത്രം സല്ല്യൂട്ട് നിഷേധിക്കേണ്ട കാര്യമില്ല. ഇതിൽ പ്രോട്ടോക്കോളുണ്ടോ എന്നൊക്കെ ചോദിച്ചാൽ വാദപ്രതിവാദം നടക്കും. നമ്മുടെ നാട്ടിലെ എംപിയാണ് ശ്രീ കൊടിക്കുന്നിൽ സുരേഷ് അദ്ദേഹമെനിക്കൊരു സഹോദരനെ പോലെയാണ്. അദ്ദേഹത്തെ പൊലീസുകാർ സല്യൂട്ട് ചെയ്യണ്ടേ വേണമല്ലോ. അദ്ദേഹവും ഞാനും രണ്ട് കക്ഷിയിലാണ്. ഏത് പാർട്ടിയാണെന്ന് നോക്കിയല്ല സല്യൂട്ട് ചെയ്യേണ്ടത്. പ്രോട്ടോക്കോൾ പൊലീസ് സംഘടന ഉണ്ടാക്കുന്നതാണ്. അങ്ങനെയൊരു ഈഗോ പൊലീസുകാർ മനസ്സിൽ കൊണ്ടു നടക്കരുത്.
''കൊടിക്കുന്നിൽ സുരേഷിനെ ഞാൻ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കാറുണ്ട്. വി എസ് അച്യുതാനന്ദൻ, എകെ ആന്റണി തുടങ്ങിയ മുതിർന്ന രാഷ്ട്രീയനേതാക്കളെയും ബഹുമാനിക്കണം. അവർക്ക് ഇപ്പോൾ പദവിയുണ്ടോയെന്ന് നോക്കേണ്ട. സല്യൂട്ട് ചെയ്യുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ല. പ്രായമുള്ളവരെ കണ്ടാൽ ബഹുമാനിക്കണം. അത് ഗുരുത്വമാണ്. അത് ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമാണ്. സുരേഷ് ഗോപി ഏത് പാർട്ടിയാണെന്ന കാര്യമൊക്കെ അവിടെ നിൽക്കട്ടെ. അദ്ദേഹം എംപിയെന്ന പദവിയിൽ ഇരിക്കുമ്പോൾ അത് മാനിക്കണം.''
അതേസമയം, സുരേഷ് ഗോപിയെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് വിവിധ തലങ്ങളിൽ നിന്ന് ഉയരുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. എംപിയെന്ന നിലയിൽ സുരേഷ് ഗോപി ചെയ്യുന്ന സന്നദ്ധപ്രവർത്തനങ്ങളിൽ ചിലർക്ക് അസൂയയുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം എന്ത് പറഞ്ഞാലും വിമർശിക്കുന്നതെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
സുരേന്ദ്രന്റെ വാക്കുകൾ: ''സുരേഷ് ഗോപിയെ അപമാനിക്കാൻ നീക്കം നടക്കുന്നുണ്ട്. ഇതിന് ചില കേന്ദ്രങ്ങൾ ആസൂത്രിത നീക്കങ്ങളാണ് നടത്തുന്നത്. എംപിയെന്ന നിലയിൽ അദ്ദേഹം നടത്തുന്ന സന്നദ്ധ പ്രവർത്തനങ്ങൾ ഒരു വിഭാഗം ആളുകളിൽ പ്രതിഷേധവും അസൂയയും സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടാണ് എന്തിനും സുരേഷ് ഗോപിയെ വിമർശിക്കുക എന്ന സമീപനം അവർ സ്വീകരിച്ചിരിക്കുന്നത്. ഇവിടെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെയും എകെജി സെന്ററിലെ തൂണിനെയും വരെ ഉദ്യോഗസ്ഥർ സല്യൂട്ട് അടിക്കുന്നുണ്ട്.''
ഒല്ലൂർ എസ്ഐയോട് സുരേഷ് ഗോപി സല്യൂട്ട് ആവശ്യപ്പെട്ടു എന്ന രീതിയിലാണ് ഇന്നലെ വാർത്തകൾ പ്രചരിച്ചത്. തന്നെ കണ്ടിട്ടും ജീപ്പിൽ നിന്നിറങ്ങാതിരുന്ന എസ് ഐയെ വിളിച്ചുവരുത്തി സുരേഷ് ഗോപി സല്യൂട്ട് ആവശ്യപ്പെടുകയായിരുന്നു. താൻ മേയറല്ല, എംപിയാണ്. ശീലങ്ങൾ മറക്കരുത് എന്ന് സുരേഷ് ഗോപി എസ്ഐയോട് പറഞ്ഞു എന്നായിരുന്നു വാർത്തകൾ.
വിവാദത്തിൽ സുരേഷ് ഗോപി ് പ്രതികരിച്ചത് ഇങ്ങനെ: ''സല്യൂട്ട് വിവാദത്തിൽ പരാതിയുണ്ടെങ്കിൽ അവർ പാർലമെന്റിലെത്തി ചെയർമാന് പരാതി നൽകണം. വി വിൽ സീ. പൊലീസ് അസോസിയേഷനൊന്നും ജനങ്ങൾക്ക് ചുമക്കാൻ സാധിക്കില്ല. അതെല്ലാം അവരുടെ വെൽഫയറിന് മാത്രം. എംപിക്ക് സല്യൂട്ടടിക്കേണ്ടതില്ലെന്ന ആരു പറഞ്ഞു. പൊലീസ് കേരളത്തിലാ. ഇന്ത്യയിൽ ഒരു സംവിധാനമുണ്ട്. അത് അനുസരിച്ചേ പറ്റൂ. ഇക്കാര്യത്തിൽ ഡിജിപി പറയട്ടെ. നാട്ടുനടപ്പ് എന്നത് രാജ്യത്തെ നിയമത്തെ അധിഷ്ഠിതമാക്കിയാണ്. ഞാൻ പറയുന്നത് ഈ സല്യൂട്ട് എന്ന പരിപാടിയേ അവസാനിപ്പിക്കണമെന്നാണ്. ആരെയും സല്യൂട്ട് ചെയ്യേണ്ട. പക്ഷെ അതിനകത്ത് ഒരു രാഷ്ട്രീയ വിവേചനം വരുന്നത് അംഗീകരിക്കാനാവില്ല.''
മറുനാടന് മലയാളി ബ്യൂറോ