തിരുവനന്തപുരം: ഇടതുമുന്നണിക്കുള്ളിൽ വീണ്ടും രാഷ്ട്രീയ ചർച്ചകൾ സജീവമാക്കി എ കെ ശശീന്ദ്രന്റെ പെൺകെണി വിവാദത്തിലെ കുറ്റവിമുക്ത റിപ്പോർട്ട്. ജ്യുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട മുൻ ഗതാഗത മന്ത്രിയെ കുറ്റവിമുക്തനാക്കുന്നു. എന്നാൽ ഹണി ട്രാപ്പിലെ ശശീന്ദ്രന്റെ ചക്കരേ വിളി കേരളം കേട്ടതാണ്. പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തിയാണ് ശശീന്ദ്രൻ രക്ഷപ്പെട്ടത്. അതുകൊണ്ട് തന്നെ രാത്രിയിലെ ഫോൺ വിളി അതുപോലെ നിൽക്കുന്നു. ചാനൽ മന്ത്രിയായിരുന്ന ശശീന്ദ്രനെ കുടുക്കിയതാണ്. എന്നാൽ ഉയർന്ന ധാർമിക മൂല്യമുള്ള രാഷ്ട്രീയക്കാർ ഇങ്ങനെ വീഴാമോ? പാടില്ലെന്നാണ് എൻസിപിയിലെ ഒരു വിഭാഗം പറയുന്നത്. അതുകൊണ്ട് തന്നെ ശശീന്ദ്രനെ മന്ത്രിയാക്കുന്നത് ശരിയല്ലെന്ന അഭിപ്രായം ഇടതുപക്ഷത്ത് സജീവമാണ്.

എന്നാൽ എൻസിപിക്ക് മന്ത്രിസ്ഥാനം കൂടിയേ തീരൂ. ശരത് പവാറിന്റെ പാർട്ടിക്ക് ഇന്ത്യയിലുള്ള ഏക മന്ത്രിപദമാണ് ഇന്ന് കേരളത്തിലേത്. അത് കൈവിടാൻ പവാർ തയ്യാറുമല്ല. എങ്ങനേയും ശശീന്ദ്രനെ മന്ത്രിയാക്കാൻ മുന്നിൽ നിൽക്കുന്നത് തോമസ് ചാണ്ടിയാണെന്നതും ശ്രദ്ധേയമാണ്. നേരത്തെ ഉഴവൂർ വിജയനൊപ്പമായിരുന്നു ശശീന്ദ്രൻ. ശശീന്ദ്രനെ പുറത്താക്കാൻ ചരട് വലിച്ചത് തോമസ് ചാണ്ടിയാണെന്നും ആക്ഷേപം ഉണ്ടായി. ഇത് ഉഴവൂർ അംഗീകരിച്ചു കൊടുത്തില്ല. ഇതിനിടെയാണ് ഫോൺ കെണി വിവാദം ഉണ്ടായത് മന്ത്രിസ്ഥാനം തെറിച്ചതും. പ്രതീക്ഷിച്ച പോലെ തോമസ് ചാണ്ടി മന്ത്രിയായി. കൈയേറ്റ ആരോപണത്തിൽ തോമസ് ചാണ്ടി പുറത്തായി. ഇപ്പോൾ ശശീന്ദ്രനെ എങ്ങനേയും മന്ത്രിയാക്കാനാണ് തോമസ് ചാണ്ടി ഓടി നടക്കുന്നത്.

കോൺഗ്രസ് ബിയിൽനിന്നും കെ.ബി ഗണേശ്‌കുമാറിനെ എൻ.സി.പിയിൽ എത്തിച്ച് മന്ത്രിയാക്കാനുള്ള ശ്രമം പാർട്ടിയിൽ സജീവമാണ്. ഗണേശ് എൻസിപിയിലെത്തുന്നത് തനിക്ക് തിരിച്ചടിയാകുമെന്ന് തോമസ് ചാണ്ടി കണക്ക് കൂട്ടുന്നു. ഗതാഗത വകുപ്പിൽ താൻ ലക്ഷ്യമിട്ടത് നേടിയെടുക്കാൻ ശശീന്ദ്രനാണ് നല്ലതെന്നാണ് തോമസ് ചാണ്ടിയുടെ നീക്കം. അതിന് വേണ്ടി ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനാണ് തോമസ് ചാണ്ടിയുടെ നീക്കം. മാറിയ സാഹചര്യത്തിൽ ഗണേശ്‌കുമാറിനെ എൻ.സി.പിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ഒരു വിഭാഗം. എൻ.സി.പിയിൽ ചേർന്നാൽ മന്ത്രിയാക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു കൊടുത്താൽ ഗണേശ്‌കുമാർ എൻ.സി.പിയിൽ ചേർന്നു മന്ത്രിയാകും.

ഫോൺ കെണിക്കേസിൽ ജുഡീഷ്യൽ കമ്മീഷൻ ശശീന്ദ്രനെ കുറ്റമുക്തനാക്കുന്നില്ല. രാഷ്ട്രീയ ധാർമ്മികതയുടെ പേരിൽ ശശീന്ദ്രനെ കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് പി.എസ്. ആന്റണി കുറ്റപ്പെടുത്തുന്നുമുണ്ട്. തെളിവുകളുടെ അഭാവത്തിൽ ശശീന്ദ്രനെതിരെയുള്ള ആരോപണം സാങ്കേതികമായി നിലനിൽക്കില്ലെന്നു മാത്രമാണ് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്്. ആവർത്തിച്ചാവശ്യപ്പെട്ടിട്ടും പരാതിക്കാർ മൊഴിയും തെളിവും നൽകാത്തതാണ് കാരണം. പരാതിക്കാരിയോ പരാതി സംപ്രേഷണം ചെയ്ത മാധ്യമ സ്ഥാപനമോ അന്വേഷണവുമായി സഹകരിച്ചില്ല. ആവർത്തിച്ച് സമൻസ് നൽകിയിട്ടും കമ്മീഷന് മുന്നിൽ ഹാജരായതുമില്ല. കക്ഷി ചേരാനോ മൊഴിയും തെളിവും നൽകാനോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയും തയ്യാറായിട്ടില്ലെന്നു കമ്മീഷൻ വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തിൽ ശശീന്ദ്രൻ മന്ത്രിയാകുന്നത് പുതിയ വിവാദങ്ങളും ചർച്ചയുമാകും. ഇത് മനസിലാക്കിയാണ് എൻസിപിയിലൂടെ മന്ത്രിയാകാനുള്ള ഗണേശിന്റെ നീക്കം. കേരളാ കോൺഗ്രസ് ബിയെ ഇതിനായി എൻസിപിയിൽ ലയിപ്പിക്കാനും ഗണേശ് തയ്യാറാണ്. ഇടതു പക്ഷത്തിന്റെ ഭാഗമായാണ് ഗണേശ് ഇത്തവണ പത്താനാപുരത്ത് മത്സരിച്ച് ജയിച്ചത്. എന്നാൽ കേരളാ കോൺഗ്രസ് ബിയെ മുന്നണിയിലെടുക്കാൻ ഇടതുപക്ഷം തയ്യാറായതുമില്ല. ഇതു കൊണ്ട് തന്നെ ഗണേശിന് മന്ത്രിസ്ഥാനം ലഭിച്ചില്ല. ഇതിനിടെ പാർട്ടി ചെയർമാനും അച്ഛനുമായ ബാലകൃഷ്ണ പിള്ളയ്ക്ക് ക്യാബിനറ്റ് പദവിയോടെ മുന്നോക്ക ക്ഷേമ ബോർഡിന്റെ അധ്യക്ഷസ്ഥാനം നൽകുകയും ചെയ്തു.

ഈ സാഹചര്യത്തിൽ ഇനി കേരളാ കോൺഗ്രസ് ബിക്ക് മന്ത്രിസ്ഥാനം കൊടുക്കാൻ സാധ്യത കുറവാണ്. ഇത് തിരിച്ചറിഞ്ഞാണ് പുതിയ നീക്കം. മന്ത്രിയാകാൻ എൻസിപി സാധ്യത ഉപയോഗിക്കാനാണ് ഗണേശിന്റെ തീരുമാനം. എന്നാൽ ബാലകൃഷ്ണ പിള്ള ഇതിനെ അനുകൂലിക്കാൻ ഇടയില്ല. തന്റെ പാർട്ടിയെ എൻസിപിയിൽ ലയിപ്പിച്ച് ഇല്ലാതാക്കാൻ പിള്ള ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ഗണേശിന്റെ നീക്കത്തിന് പാളയത്തിൽ തന്നെ എതിർപ്പുമുണ്ട്. സോളാറിൽ ഗണേശിനെതിരേയും ആരോപണം സജീവമാണ്. എന്നാൽ സരിത പരാതി നൽകാത്തതു കൊണ്ട് തന്നെ ഗണേശിനെതിരെ അന്വേഷണം ഒന്നും നടക്കുന്നുമില്ല.

സോളാറിൽ യുഡിഎഫിനെതിരെ പ്രതിഷേധം സി.പി.എം ശക്തമാക്കിയിരുന്നു. അതുകൊണ്ട് ഗണേശിനെ മന്ത്രിയാക്കുന്ന പ്രതിച്ഛായ നഷ്ടമാകുമെന്ന അഭിപ്രായം സിപിഎമ്മിലെ ഒരു വിഭാഗത്തിനും ഉണ്ട്. ഇതും ഗണേശിന് തിരിച്ചടിയാണ്. ഇതിനൊപ്പം നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി എടുത്ത പരസ്യ നിലപാടും ഗണേശിന് എതിരാണ്. സർക്കാരിനെ തള്ളി പറയുന്നതായിരുന്നു ഗണേശിന്റെ നിലപാട്. അതുകൊണ്ട് തന്നെ ഗണേശിനെ മന്ത്രിയാക്കരുതെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം.

ഫോൺ വിളി വിവാദത്തിൽ കുറ്റവിമുക്തനായാൽ എ.കെ ശശീന്ദ്രൻ വീണ്ടും മന്ത്രിയാകുമെന്ന് എൻസിപി. പാർട്ടി അധ്യക്ഷൻ ശരദ് പവാറുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പാർട്ടി സംസ്ഥാന അധ്യക്ഷൻ ടി.പി പീതാംബരൻ മാസ്റ്റർ പറഞ്ഞിരുന്നു. എന്നാൽ ഗണേശ് കുമാറിന്റെ സാധ്യതകളും ശരദ് പവാറുമായി പീതാംബരൻ മാസ്റ്റർ ചർച്ച ചെയ്തുവെന്നാണ് സൂചന. എ.കെ ശശീന്ദ്രനും തോമസ് ചാണ്ടിയും മാത്രമാണ് എൻസിപിക്ക് എംഎ‍ൽഎമാരായുള്ളത്. തോമസ് ചാണ്ടി സ്ഥാനം ഒഴിഞ്ഞപ്പോൾ മന്ത്രിസ്ഥാനം ഒഴിച്ചിടുകയും ആരാദ്യം കുറ്റവിമുക്തനാകുന്നോ അവർ മന്ത്രിയായി തിരിച്ചെത്തും എന്നായിരുന്നു സിപിഎമ്മുമായുള്ള ഉപാധി. ഇതിനിടെയാണ് ശശീന്ദ്രനെ കുറ്റവിമുക്തനാക്കുന്നില്ലെന്ന വാദം സജീവമായത്. സാങ്കേതിക അർത്ഥത്തിലെ കുറ്റവിമുക്തി മുഖവിലയ്‌ക്കെടുക്കാനാവില്ലെന്നാണ് ഒരു പക്ഷത്തിന്റെ അഭിപ്രായം.

അതിനിടെ കരുതലോടെയാണ് ശശീന്ദ്രൻ പ്രതികരിക്കുന്നത്. താൻ മന്ത്രിയാകുന്ന കാര്യം പാർട്ടി ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നു ശശീന്ദ്രൻ പറയുന്നു. ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കമ്മിഷൻ റിപ്പോർട്ടിൽ ആത്മ വിശ്വാസമുണ്ട്. കമ്മിഷന്റെ ചോദ്യങ്ങൾക്കെല്ലാം കൃത്യമായ ഉത്തരം നൽകി. റിപ്പോർട്ട് സത്യസന്ധമായിരിക്കുമെന്നാണു വിശ്വാസം. മന്ത്രിസ്ഥാനത്തേക്കു തെരഞ്ഞെടുക്കേണ്ടത് പാർട്ടിയും ഇടതു മുന്നണിയുമാണ് - അദ്ദേഹം പറഞ്ഞു. ശശീന്ദ്രനെതിരെ പെൺകുട്ടി നൽകിയ പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ കേസ് പിൻവലിക്കുകയാണെന്നാണ് പെൺകുട്ടി കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാൽ ഹൈക്കോടതി ഇക്കാര്യത്തിൽ അനുകൂല നിലപാട് എടുക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.

ശശീന്ദ്രനെതിരെയുള്ള റിപ്പോർട്ട് എന്തായാലും അദ്ദേഹം കുറ്റക്കാരൻ തന്നെയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശദീകരിച്ചിട്ടുണ്ട്. എ.കെ. ശശീന്ദ്രൻ എന്താണു പറഞ്ഞതെന്നു കേരളം മുഴുവൻ കേട്ടതാണ്. മന്ത്രിസ്ഥാനത്തേക്കു തിരിച്ചെത്തിയാൽ ശശീന്ദ്രനെ ജനം വിലയിരുത്തട്ടെ. ഇടതു മുന്നണിയായതിനാൽ എന്തും സംഭവിക്കാമെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.