- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടുപോത്തുകളുടെ പേരുകൾ ഗണേശ് കുമാർ വെളിപ്പെടുത്തി തുടങ്ങി; മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ഓഫീസിലെ അഴിമതിക്കാരായ മൂന്ന് പേരുടെ പേര് വെളിപ്പെടുത്തി; മറ്റൊരു മന്ത്രിക്കെതിരെയും തെളിവുകളുണ്ടെന്ന് എംഎൽഎയുടെ പ്രഖ്യാപനം; ഗണേശ് കുമാറിനെ പ്രേതം പിടികൂടിയെന്ന് മന്ത്രിയുടെ മറുപടി
തിരുവനന്തപുരം: നിയമസഭയിൽ പൊതുമാരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരെ അഴിമതി ആരോപണവുമായി കെബി ഗണേശ് കുമാർ നിയമസഭയിൽ. മന്ത്രിയുടെ ഓഫീസിലെ മൂന്ന് പേർ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തുന്നുവെന്ന് ഗണേശ് നിയമസഭയിൽ പറഞ്ഞു. മന്ത്രിയുടെ നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ച് അഴിമതിയുണ്ടെന്നും ഗണേശ് പറഞ്ഞു.ഗണേശ് കുമാറിന്റെ ആരോപണം പൊതുമരാമത്ത് മ
തിരുവനന്തപുരം: നിയമസഭയിൽ പൊതുമാരാമത്ത് മന്ത്രിയുടെ ഓഫീസിനെതിരെ അഴിമതി ആരോപണവുമായി കെബി ഗണേശ് കുമാർ നിയമസഭയിൽ. മന്ത്രിയുടെ ഓഫീസിലെ മൂന്ന് പേർ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തുന്നുവെന്ന് ഗണേശ് നിയമസഭയിൽ പറഞ്ഞു. മന്ത്രിയുടെ നിയമസഭാ മണ്ഡലം കേന്ദ്രീകരിച്ച് അഴിമതിയുണ്ടെന്നും ഗണേശ് പറഞ്ഞു.ഗണേശ് കുമാറിന്റെ ആരോപണം പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹീംകുഞ്ഞ് നിഷേധിച്ചു. ഗണേശിന് ആരുടെയോ പ്രേതം കൂടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അബ്ദുൾ റാഷിദ്, നസിമുദ്ദീൻ, അബ്ദുൾ റഹിം എന്നീ ഉദ്യോഗസ്ഥർക്കെതിരെയാണ് ഗണേശ് ആരോപണം ഉന്നയിച്ചത്. എന്നാൽ ഗണേശിന്റെ ആരോപണങ്ങൾക്കെതിരെ സ്പീക്കറുടെ ചെയർ രംഗത്ത് വന്നു. എഴുതി നൽകിയാൽ മാത്രമേ ആരോപണങ്ങൾ ഉന്നയിക്കാവൂ എന്ന് ഉയർത്തിക്കാട്ടി. ഇതെല്ലാം അവഗണിച്ചാണ് ഗണേശ് പ്രസംഗം തുടർന്നത്. തനിക്ക് യുഡിഎഫ് നീതി നിഷേധിച്ചെന്നും ഗണേശ് സഭയിൽ വിശദീകരിച്ചു. തന്നെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയതല്ല. കുടുംബപ്രശ്‌നങ്ങൾ കാരണം രാജിവച്ച് പുറത്തുപോയതാണെന്നും വിശദീകരിച്ചു. ഗണേശിനെ ആരുടേയോ പ്രേതം ബാധിച്ചിരിക്കുന്നുവെന്നായിരുന്നു മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ മറുപടി. തന്റെ ഓഫീസിൽ ഒരു അഴിമതിയും ഇല്ലെന്നും മന്ത്രി വിശദീകരിച്ചു.
പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വലിയ അഴിമതി നടക്കുന്നെന്നാണ് ഗണേശ് ആരോപിച്ചത്. ടിഒസൂരജ് മാത്രമല്ല കുറ്റക്കാരൻ. അഞ്ചു പേർ കുറ്റം ചെയ്താൽ ഒരാൾക്കെതിരെ മാത്രം എങ്ങനെ നടപടി എടുക്കാനാകും. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് നടക്കുന്നത്. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് പലപ്പോഴും പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസിൽ പോയിട്ടുണ്ട്. എന്നാൽ അവഹേളനപരമായിരുന്നു പ്രതികരണം. മറ്റൊരു മന്ത്രിയും അഴിമതിക്കാരനാണെന്നും ഇതിനെല്ലാം തന്റെ പക്കൽ തെളിവുണ്ടെന്നും ഗണേശ് പറഞ്ഞു.
നിയമസഭയിൽ ഒരു ഫയൽ ഉയർത്തിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. മൂന്ന് മന്ത്രിമാരാണ് അഴിമതിക്ക് ചുക്കാൻ പിടിക്കുന്നതെന്ന് ഗണേശ് പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി മുഖ്യമന്ത്രിക്ക് താൻ രേഖാമൂലം കത്ത് നൽകിയിട്ടുണ്ട്. ആരോപണത്തിൽ സിബിഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. താനൊരു യു.ഡി.എഫുകാരനാണെന്നും കയ്യാലപ്പുറത്തല്ലെന്നും ഗണേശ് കൂട്ടിച്ചേർത്തു. എന്നാൽ ഈ സമയം സ്പീക്കർ ഇടപെട്ട് ഗണേശ് കുമാറിനെ സംസാരിക്കുന്നതിൽ നിന്ന് വിലക്കി. സഭയിൽ മുൻകൂർ അനുവാദമില്ലാതെ സംസാരിക്കാനാവില്ലെന്നു പറഞ്ഞ് സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു.
ഗണേശ് കുമാർ മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച നടപടി കൈയടിയോടെയാണ് പ്രതിപക്ഷം സ്വീകരിച്ചത്. ആരോപണത്തെപ്പറ്റി നിയമസഭാ സമിതി അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. കോടികളുടെ ഗുരുതരമായ ആരോപണമാണ് ഭരണകക്ഷി എം എൽ എ ഉന്നയിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ എഴുതി നൽകാത്ത പരാതിയിൽ അന്വേഷണത്തിന് വഴിയില്ലെന്ന് ചെയറിലിരുന്ന സിപി മുഹമ്മദ് വിശദീകരിച്ചു. അതിനപ്പുറത്തേക്ക് ബഹളം പ്രതിപക്ഷം കൊണ്ടു പോയില്ല. നാളെ സഭയിൽ ഭരണപക്ഷ എംഎൽഎയുടെ മന്ത്രിക്കെതിരായ ആരോപണത്തിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ഇന്നത്തെ സഭയിലെ മൗനം.
അതീവ ഗുരുതരമായ സ്ഥിതി വിശേഷമാണ് നിയമസഭയിൽ ഗണേശിന്റെ അഴിമതി ആരോപണം ഉണ്ടാക്കിയത്. മറ്റൊരു മന്ത്രിയുടെ അഴിമതിയും തനിക്കറിയാമെന്നും വ്യക്തമാക്കി. ഇതിനിടെയിൽ മുഖ്യമന്ത്രിയുടെ കത്ത് വായിക്കാനും നിയമസഭയിൽ ഗണേശ് ശ്രമിച്ചു. എന്നാൽ സ്പീക്കറുടെ ചെയറിലിരുന്ന സിപി മുഹമ്മദ് സമ്മതിച്ചില്ല. ഈ കത്ത് വാർത്താ സമ്മേളനം നടത്തി വായിക്കുമെന്നും ഗണേശ് വ്യക്തമാക്കി. രണ്ട് ഫയലുകളുമായാണ് ഇന്ന് ഗണേശ് എത്തിയത്. അതിൽ ഒരു ഫയലെടുത്താണ് പൊതുമരാമത്ത് മന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. രണ്ടാമത്തെ ഫയലുയർത്തിയാണ് ഇനിയൊരു മന്ത്രിക്കെതിരെ ആരോപണമുണ്ടെന്ന് വ്യക്തമാക്കിയത്.
പതിവിൽ നിന്ന് വ്യത്യസ്തമായി കറുത്ത ബാഗുമായാണ് ഇന്ന് സഭയിൽ ഗണേശ് എത്തിയത്. ചോദ്യോത്തര വേളയിൽ തന്നെ ഈ ബാഗ് തുറന്ന് ഫയലുകൾ ഗണേശ് പരിശോധിച്ചു. ഭരണ-പ്രതിപക്ഷ നിരയിലെ സുഹൃത്തുക്കളോടും ഗണേശ് നിലപാട് വിശദീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ സഭയിൽ തുടക്കത്തിലേ ശ്രദ്ധാകേന്ദ്രമായി ഗണേശ് മാറി. ശബരിമല റോഡുകളുമായി ബന്ധപ്പെട്ട ശ്രദ്ധ ക്ഷണിക്കലിനിടെയാണ് ഗണേശ് ആരോപണങ്ങളുടെ കെട്ട് തുറന്നത്. ബാഗിൽ നിന്നും ഫയലുകൾ ഉയർത്തിക്കാട്ടി. ഇതോടെ സഭ നിശബ്ദമായി.
ഇതിനിടെ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയെ നോക്കിയും കമന്റ് എത്തി. താങ്കളുടെ പാർട്ടിയിലെ മന്ത്രുയുടെ ഓഫീസിലാണ് ഇതൊക്കെ നടക്കുന്നതെന്നും ഗണേശ് നോക്കി പറഞ്ഞു. ശ്രദ്ധ ക്ഷണിക്കലിനിടെ ഇത്തരം ആരോപണങ്ങൾ പാടില്ലെന്നതാണ് ചട്ടം. അതുകൊണ്ട് തന്നെ പ്രസംഗത്തിനിടെ ഗണേശ് ആരോപണം ഉന്നയിച്ചപ്പോൾ ഏവരും ഞെട്ടി. ഇതിനിടെയിൽ മന്ത്രിസ്ഥാനം നഷ്ടമായതിന്റെ പേരിലാണ് ഗണേശ് ആരോപണം ഉന്നയിക്കുന്നതെന്ന് ഭരണപക്ഷ ബഞ്ചിൽ അപശബ്ദം ഉയർന്നു. അതിനേയും വികാരത്തോടെ ഗണേശ് കണ്ടു. അഴിമതിയുടെ പേരിൽ ആരും തന്നെ പുറത്താക്കിയതല്ല, മറിച്ച് കുടുംബ പ്രശ്‌നങ്ങളുടെ പേരിൽ സ്വയം രാജിവച്ചതാണെന്ന് ഗണേശ് ഓർമിപ്പിച്ചു.