തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ എക്‌സിക്യൂട്ടീവ് കൗൺസിൽ നിന്ന് മുൻ കായിക മന്ത്രികൂടിയായ കെബി ഗണേശ് കുമാർ രാജിവച്ചു. ഗെയിംസ് നടത്തിപ്പിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടിയാണ് രാജി. ഇതോടെ ഗെയിംസ് സംഘാടനം കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങി.

ഗെയിംസുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിക്കുന്നതെന്നും കാര്യകാരണ സഹിതം എഴുതി നൽകിയാൽ പരിശോധിക്കാമെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിലപാട് എടുത്തിരുന്നു. അതിന് തൊട്ടുപിറകെയാണ് സർക്കാരിനെ വെട്ടിലാക്കി ഉമ്മൻ ചാണ്ടി മന്ത്രിസഭയുടെ തന്നെ ഭാഗമായിരുന്ന മുൻ കായിക മന്ത്രി തന്നെ പരാതിയുമായി രംഗത്ത് വന്നത്. രാജികത്തിൽ ഗെയിംസുമായി ബന്ധപ്പെട്ട അഴിമതിയും കെടുകാര്യസ്ഥതയും ഗണേശ് അക്കമിട്ട് നിരത്തുന്നുമുണ്ട്.

ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും ഗണേശ് കുമാർ പിന്നീട് പറഞ്ഞു. ഗെയിംസ് നടത്തിപ്പിലെ വീഴ്ചകൾ കായികതാരങ്ങളോടുള്ള വെല്ലുവിളിയാണ്. എന്തുപറഞ്ഞാലും എഴുതി നൽകാനാണ് മുഖ്യമന്ത്രി പറയുന്നത്. താൻ കായിക മന്ത്രിയായിരുന്നപ്പോൾ എൺപത് ശതമാനമായിരുന്നു നിർമ്മാണ പുരോഗതിയെന്നും ഗണേശ് പറഞ്ഞു. ജേക്കബ് പുന്നൂസ് മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്. 28 ദിവസങ്ങൾക്കുള്ളിൽ ഗെയിംസ് നടത്തിപ്പ് വെല്ലുവിളിയാണ്. അഴിമതി കോമൺവെൽത്ത് ഗെയിംസിനെ വെല്ലാതിരുന്നാൽ നല്ലതാണെന്നും ഗണേശ് കുമാർ രാജി നൽകിയ ശേഷം പ്രതികരിച്ചു.

അതിനിടെ അടിയന്തരമായി മുഖ്യമന്ത്രി വിഷയങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംഎൽഎയായ വി ശിവൻകുട്ടിയും മുഖ്യമന്ത്രിക്ക് കത്ത് നൽകി. ശിവൻകുട്ടിയും ഗെയിംസ് നടത്തിപ്പിലെ ആക്ഷേപങ്ങളും പോരായ്മകളും മുഖ്യമന്ത്രിക്ക് എഴുതി നൽകിയിട്ടുണ്ട്. സ്‌റ്റേഡിയ നിർമ്മാണത്തിലെ അപാകതകളാണ് ശിവൻകുട്ടിയും ഉയർത്തിക്കാട്ടുന്നത്. ഒപ്പം ചെയ്യേണ്ടതൊന്നും ചെയ്യുന്നില്ലെന്ന പരാതിയും ശിവൻ കുട്ടിക്കുണ്ട്. മാവോയിസ്റ്റ് ഭീഷണിയെല്ലാം സജീവമായത് പരിഗണിച്ചുള്ള സുരക്ഷയൊന്നും ദേശീയ ഗെയിംസിന് ഒരുക്കുന്നില്ലെന്നാണ് ശിവൻ കുട്ടിയുടെ ആക്ഷേപം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തരമായി സംഘാടക സമിതി ചേരണമെന്നാണ് ആവശ്യം.

എന്നാൽ ദേശീയ ഗെയിംസ് എക്‌സിക്യൂട്ടീവ് സമിതിയിൽ നിന്നുള്ള ഗണേശ് കുമാറിന്റെ രാജിയാണ് സർക്കാരിന് പ്രതിസന്ധിയാകുന്നത്. ഗെയിംസ് നടത്തിപ്പിൽ ധൂർത്തുണ്ടെന്നാണ് ഗണേശിന്റെ ആരോപണം. ഗെയിംസിന്റെ പ്രാഥമിക ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ച് പോയെന്ന വിമർശനവുമുണ്ട്. കുറ്റകരമായ അലംഭാവമാണ് നടക്കുന്നത്. ഇതിനോട് നിശബ്ദനായി നോക്കിയിരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രിക്ക് നൽകിയ രാജിക്കത്തിൽ ഗണേശ് വിശദീകരിക്കുന്നു. നിരുത്തരവാദ പരവും അന്യായവുമായി കാര്യങ്ങളാണ് ഗെയിംസ് നടത്തിപ്പിൽ നടക്കുന്നതെന്നാണ് ആക്ഷേപം. സ്റ്റേഡിയങ്ങളുടെ നിർമ്മാണത്തിൽ പിഴവുകളുണ്ടെന്നും പറയുന്നു.

ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് എം വിജയകുമാർ കായികമന്ത്രിയായിരിക്കുമ്പോഴാണ് ഗെയിംസ് കേരളത്തിന് അനുവദിച്ചത്. പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങിയപ്പോഴേക്കും സർക്കാർ മാറി. തുടർന്ന് വന്ന ഉമ്മൻ ചാണ്ടി സർക്കാരിൽ ഗണേശിനായിരുന്നു കായിക വകുപ്പ്. ഗണേശ് കുമാറിന്റെ നേതൃത്വത്തിലാണ് ഗെയിംസ് സെക്രട്ടറിയേറ്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾ തുടങ്ങിയത്. അഴിമതി ഒഴിക്കാൻ പല മുൻകരുതലുമെടുത്തു. മുൻ ഡിജിപി ജേക്കബ്ബ് പുന്നൂസിന് ചുമതല നൽകിയതും ഇതിന് വേണ്ടിയാണ്. അങ്ങനെ ഗെയിംസ് നടത്തിപ്പിന്റെ അവിഭാജ്യ ഘടകമായി മാറി ഗണേശ്. കായിക മന്ത്രി സ്ഥാനം ഒഴിഞ്ഞെങ്കിലും ഗെയിംസ് എക്‌സിക്യൂട്ടീവ് സമിതിയിൽ സജീവവുമായിരുന്നു.

അതുകൊണ്ട് തന്നെ ഗെയിംസിലെ എല്ലാ കാര്യങ്ങളും തീരുമാനവും വ്യക്തമായി അറിയാവുന്ന ആളുകൂടിയാണ് പത്തനാപുരം എംഎ‍ൽഎ.. അതുകൊണ്ട് കൂടിയാണ് ഗണേശിന്റെ രാജിക്ക് പ്രസക്തി ഏറുന്നതും. ഇന്നലെ കോൺഗ്രസ് എംഎൽഎയായ പാലോട് രവിയും സംഘാടക സമിതിയിൽ നിന്ന് രാജിവച്ചിരുന്നു. ട്രാൻസ്‌പോർട്ട് , കൾച്ചറൽ കമ്മറ്റികളിൽ നിന്നാണ് ഭരണകക്ഷി എംഎ‍ൽഎയായ പാലോട് രവി രാജിവച്ചത്. ട്രാൻസ്‌പോർട്ട് കമ്മറ്റി അധ്യക്ഷനായിരുന്ന അദ്ദേഹം മുഖ്യമന്ത്രിക്കും മേള സിഇഒയ്ക്കും രാജി നൽകുകയായിരുന്നു.

മരുന്നുപയോഗം ഉൾപ്പൈടയുള്ളവ പരിശോധിക്കുന്ന മെഡിക്കൽ കമ്മറ്റിയിൽ ഉൾപ്പെട്ട വി. ശിവൻകുട്ടിയും മേള നടത്തിപ്പിലെ പാളിച്ചകളാണ് ചൂണ്ടിക്കാട്ടുന്നത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും മേളയ്ക്ക് എതിരെ ശക്തമായി രംഗത്തുണ്ട്.