- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് ദിവസം വനംവകുപ്പിന്റെ വാച്ച്ടവറിൽ സുഖവാസം; സമയാസമയം ഭക്ഷണം എത്തിച്ച് സേവകരായി വനം വകുപ്പ് ഉദ്യോഗസ്ഥർ; തട്ടിപ്പ് സംഘമെന്ന് മനസിലായപ്പോഴേക്കും പ്രതികൾ വയനാട് കടന്നു; പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ എന്ന വ്യാജേന കബളിപ്പിച്ച രണ്ടുപേർ പിടിയിൽ
കൽപ്പറ്റ: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. തിരുവനന്തപുരം സ്വദേശി എ.ആർ രാജേഷ്, കൊല്ലം സ്വദേശി പ്രവീൺ എന്നിവരാണ് പിടിയിലായത്. സംഘത്തിലെ ദീപക് പി. ചന്ദ്, എം. ഗിരീഷ് എന്നിവരെ പിടികൂടാനായില്ല. പ്രതികളെ പുൽപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തിച്ചു.
വീടുകളിൽ നിന്നാണ് രണ്ട് പ്രതികളെയും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇവർക്ക് സഹായം ചെയ്തുകൊടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന.
പ്രധാനമന്ത്രിയുടെ ഓഫിസ് ഉദ്യോഗസ്ഥരെന്ന വ്യാജേന വയനാട്ടിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് പ്രതികൾ മുങ്ങുകയായിരുന്നു. ചെതലയം ഫോറസ്റ്റ് റേഞ്ചിലെ വെട്ടത്തൂരിലെ വനം വകുപ്പിന്റെ വാച്ച് ടവറിൽ സംഘം നാല് ദിവസമാണ് എല്ലാവിധ സൗകര്യങ്ങളോടെയും പ്രതികൾ താമസിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന് തെളിയിക്കുന്ന വ്യാജ രേഖകൾ കാണിച്ചാണ് പ്രതികൾ കബളിപ്പിച്ചത്. തട്ടിപ്പ് സംഘമാണിതെന്ന് മനസ്സിലായതോടെ ഉദ്യോഗസ്ഥർ തന്നെ പൊലീസിനെ നേരിട്ട് വിവരമറിയിച്ചു. എന്നാൽ പ്രതികൾ ഈ സമയം വയനാട് ജില്ല കടന്നിരുന്നു.
ജൂലൈ 26 മുതൽ നാലുദിവസമാണ് പുൽപള്ളിക്കടുത്ത വനഗ്രാമമായ വെട്ടത്തൂരിലെ വനംവകുപ്പിന്റെ വാച്ച് ടവറിൽ ഇവർ താമസിച്ച് മടങ്ങിയത്. പട്ടാളത്തിൽ മേജറാണെന്നും പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധമുള്ളവരാണെന്നും പറഞ്ഞാണ് ഇവർ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചത്. ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ വനപാലകരാണ് എത്തിച്ചുകൊടുത്തിരുന്നത്.
കുപ്പാടിയിലെ റിസോർട്ടിൽ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ബത്തേരി പൊലീസ് താക്കീത് നൽകി വിട്ടയച്ചവരാണ് നാല് പേരും. ആൾമാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തത്. വനത്തിലെ ചെറുമരങ്ങൾ മുറിച്ച് തോടിന് കുറുകെ പാലം പണിതതിന് വനം വകുപ്പ് കേസെടുത്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ