ന്യൂഡൽഹി: തലസ്ഥാന നഗരിയെ ഞെട്ടിച്ച് വീണ്ടും കൂട്ടബലാത്സംഗം. റെയിൽവേ സ്റ്റേഷനിൽ 30കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തിൽ നാലു പേർ അറസ്റ്റിലായി. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെ ഇലക്ട്രിക്കൽ വിഭാഗത്തിലെ ജീവനക്കാരാണ് ക്രൂരതക്ക് അറസ്റ്റിലായത്. വ്യാഴാഴ്ച റെയിൽവേ സ്റ്റേഷനിലെ ഇലക്ട്രിക്കൽ അറ്റകുറ്റപ്പണി ജീവനക്കാരുടെ മുറിയിലായിരുന്നു സംഭവം. സതീഷ് കുമാർ (35), വിനോദ് കുമാർ (38), മംഗൾ ചന്ദ് മീന (33), ജഗദീഷ് ചന്ദ് (37) എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റിലായതിൽ രണ്ടുപേരാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. മറ്റു രണ്ടു ജീവനക്കാർ മുറിക്ക് പുറത്ത് കാവൽ നിന്ന് സഹായിക്കുകയാണ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. പ്രതികളിലൊരാളെ യുവതിക്ക് പരിചയമുണ്ട്. പരാതി ലഭിച്ച് രണ്ടു മണിക്കൂറിനകം പ്രതികൾ പിടിയിലായതായി പൊലീസ് പറഞ്ഞു. പ്രതികളെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

വ്യാഴാഴ്ച അർധരാത്രിയിലാണ് സംഭവം നടന്നത്. പിടിയിലായ നാലുപേരും റയിൽവേ ഇലക്ട്രിക്കൽ വിഭാഗത്തിലെ സ്ഥിരം ജീവനക്കാരാണ്. ഇലക്ട്രിക്കൽ മെയിന്റനൻസ് മുറിയിൽ എത്തിച്ചായിരുന്നു ബലാത്സംഗം. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നു പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ 2.27 ന് യുവതി തന്നെയാണ് റെയിൽവേ അധികൃതരെ വിവരം അറിയിച്ചത്.

ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതി രണ്ട് വർഷങ്ങൾക്കു മുൻപാണ് ഒരു സുഹൃത്ത് വഴി പ്രതികളിലൊരാളെ പരിചയപ്പെടുന്നത്. റെയിൽവേ ജീവനക്കാരൻ എന്ന് പരിചയപ്പെടുത്തിയ ഇയാൾ യുവതിക്കു റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തിരുന്നു. ഇയാളുടെ ക്ഷണം അനുസരിച്ച് പ്രതിയുടെ മകന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു യുവതി.

കീർത്തി നഗർ മെട്രോ സ്റ്റേഷനിൽ രാത്രി 10.30 ന് എത്തിച്ചേർന്ന അതിജീവിതയെ പ്രതി ഡൽഹി റെയിൽവ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. ഇലക്ട്രിക്കൽ മെയിന്റനൻസ് മുറിയിൽ കുറച്ചു സമയം കാത്തിരിക്കാൻ പ്രതി യുവതിയോട് ആവശ്യപ്പെട്ടു. കുറച്ചു സമയത്തിനു ശേഷം സൃഹൃത്തിനെയും കൂട്ടി മുറിയിലെത്തിയതിനു ശേഷമായിരുന്നു കൂട്ടബലാത്സംഗം.