ലണ്ടൻ: ബ്രിട്ടനെ സംബന്ധിച്ച് പറയുമ്പോൾ തികച്ചും സമാധാനപരവും സംസ്‌കാര സമ്പന്നവുമായ രാജ്യമാണെന്നാണ് ഇവിടുത്തുകാർ അവകാശപ്പെടുന്നത്. മിഡിൽ ഈസ്റ്റിലെ രാജ്യങ്ങളിലുള്ളത് പോലെ തെരുവുകളിൽ പ രസ്യമായി ആയുധമെടുത്തുള്ള ഏറ്റുമുട്ടലുകളൊന്നും ഇവിടെ ഉണ്ടാകാറുമില്ല. എന്നാൽ അതൊക്കെ പഴങ്കഥയാണെന്നും ഇന്നത്തെ ബ്രിട്ടനിൽ എന്തും നടക്കുമെന്നും സൂചിപ്പിക്കുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത് വന്നു. ലണ്ടൻ നഗരത്തിൽ ആയുധങ്ങൾ ഏന്തി യുവാക്കളുടെ സംഘം ഏറ്റുമുട്ടുന്ന ഫൂട്ടേജാണ് പുറത്ത് വന്നിരിക്കുന്നത്. തുടർന്ന് ഒരു കാർ ഇവരുടെ മേൽ ഇടിച്ച് കയറ്റാൻ ശ്രമം നടക്കുന്നതും കാണാം.

ലണ്ടനിലെ ഹാരോയിലെ വീൽഡ്സ്റ്റോൺ പ്രദേശത്ത് വച്ചാണീ വീഡിയോ പകർത്തിയിരിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണീ സംഘട്ടനം അരങ്ങേറിയിരിക്കുന്നത്. ഹാരോ ഓൺലൈനിന്റെ ഫേസ്‌ബുക്ക് പേജിലായിരുന്നു ഇന്നലെ രാവിലെ ഈ വീഡിയോ ആദ്യമായി പോസ്റ്റ് ചെയ്യപ്പെട്ടത്. പത്ത് പേരടങ്ങിയ ആക്രമി സംഘം പരസ്പരം പോരടിക്കുന്ന വിഡിയോ ആണിത്. വലിയ കത്തികളും ഫർണിച്ചറിന്റെ അവശിഷ്ടങ്ങളും കൈയിലേന്തിയാണീ പോരാട്ടം. തുടർന്നായിരുന്നു ഇതിൽ ഒരാളെ ഇടിച്ച് തെറിപ്പിക്കാനെന്ന വണ്ണം ഒരു കാർ ദൃശ്യത്തിലേക്ക് കുതിച്ചെത്തിയത്.

തലനാരിഴയ്ക്കായിരുന്നു കാറിന്റെ ഇടിയിൽ നിന്നും ഒരാൾ രക്ഷപ്പെട്ടത്. തുടർന്ന് കാർ ലാമ്പ് പോസ്റ്റിൽ ഇടിച്ച് നിൽക്കുകയും ചെയ്തു. തെരുവിൽ ആക്രമം കൊഴുക്കുന്നത് കണ്ട് അതിലൂടെ നടന്ന് പോയ ഒരു സ്ത്രീ വേഗത്തിൽ അവിടെ നിന്നും രക്ഷപ്പെടുന്നതും കാണാം. ഇടിച്ച് നിന്ന കാറിന്റെ ഡ്രൈവറെ ആക്രമി സംഘം ആക്രമിക്കാനൊരുങ്ങുന്നുണ്ട്. ഇയാൾ പോസ്റ്റിനും മതിലിനും ഇടയിൽ അകപ്പെട്ട നിലയിലായിരുന്നു. ആക്രമത്തിൽ 22കാരനായ ഒരാൾക്ക് പരുക്കേറ്റിട്ടുണ്ടെന്ന് ഡിറ്റെക്ടീവുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ജൂലൈ 16നാണ് സംഭവം അരങ്ങേറിയിരിക്കുന്നത്. അന്ന് വൈകുന്നേരം 4.10ന് ഹാരോയിലെ ലോക്കെറ്റ് റോഡിൽ ഏറ്റുമുട്ടൽ നടക്കുന്നുവെന്ന് പറഞ്ഞാണ് തങ്ങളെ വിളിച്ച് വരുത്തിയെന്നാണ് മെട്രൊപൊളിറ്റൻ പൊലീസ് വെളിപ്പെടുത്തുന്നത്. പരുക്കേറ്റയാളെ ലണ്ടൻ ആംബുലൻസ് സർവീസ് വെസ്റ്റ് ലണ്ടൻ ഹോസ്പിറ്റലിൽ എത്തിച്ചുവെന്നും നിലവിൽ അയാളുടെ നില തൃപ്തികരമാണെന്നും പൊലീസ് വെളിപ്പെടുത്തുന്നു. അന്വേഷണം തുടരുകയാണ്. സംഭവത്തിന് ദൃക്സാക്ഷികളായവർ കൂടുതൽ വിവരങ്ങൾ പൊലീസ് നോൺ എമർജൻസി ലൈൻ നമ്പറായ 101ലേക്ക് വിളിച്ചറിയിക്കാനും പൊലീസ് നിർദേശമുണ്ട്.