കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ഗംഗൻ കുഞ്ഞിക്കണ്ണന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചർച്ചയാവുകയാണ്. ഞായറാഴ്ച ഫേസ്‌ബുക്കിൽ പങ്കുെവച്ച കുറിപ്പ് വൈറലായി. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് റെയിൽവേ സ്റ്റേഷനിൽനിന്ന് ഗംഗന് കിട്ടിയ ഒരമ്മയെക്കുറിച്ചാണ് വിശദീകരിക്കുന്നത്. അമ്മയ്ക്ക് താങ്ങാവാനുള്ള സഹായ അഭ്യർത്ഥനയാണ് കുറിപ്പ്.

രണ്ടുമാസത്തോളമായി ഗംഗന്റെ കുടുംബത്തിനൊപ്പം താമസിക്കുന്ന രമണിയമ്മയെക്കുറിച്ചാണ് വിശദീകരിക്കുന്നത്. ജില്ലാ ആശുപത്രിയിലെ പാർട്ട്ടൈം സ്വീപ്പറാണ് ഗംഗൻ പറയുന്നത് ആരുടേയും മനസ്സ് അലിയിക്കുന്ന വസ്തുതകളാണ്. തെരുവുകളിൽ ഉപേക്ഷിക്കപ്പെടുന്ന ജീവിതമാണ് ഇവിടേയും ചർച്ചയാകുന്നത്.

ഗംഗന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

'ഇത് രമണിയമ്മ. 78 വയസ്സ്. അടുത്ത ബന്ധുക്കളൊക്കെയുണ്ട്. പക്ഷേ, ആരും തിരിഞ്ഞുനോക്കുന്നില്ല. കണ്ണൂർ ചിറക്കൽ കുന്നാവ് സ്‌കൂളിനടുത്താണ് താമസം. കുടുംബാംഗങ്ങൾക്കെല്ലാം അവകാശപ്പെട്ട ഒരു ഇടിഞ്ഞുവീഴാറായ വീട്ടിലാണ് തനിച്ചുതാമസിച്ചിരുന്നത്. ജീവിക്കാൻ ഒരുവഴിയുമില്ല. എവിടെയെങ്കിലും പോയി ആത്മഹത്യ ചെയ്യാൻ വീടുവിട്ടിറങ്ങിയതാണീയമ്മ. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽവച്ചാണ് ഈ അമ്മയെ കാണുന്നത്. ഇപ്പോൾ രണ്ടുമാസത്തോളമായി ഞങ്ങളുടെ വീട്ടിലാണ് താമസം.

ചെറുപ്പകാലം മുതൽ കോൺഗ്രസ് പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചതാണീയമ്മ. വിമോചനസമരത്തിൽ പങ്കെടുത്തതിനു കണ്ണൂർ സെൻട്രൽ ജയിലിൽ കിടന്നിട്ടുണ്ട്. മൂത്തസഹോദരൻ രാജീവ് ഗാന്ധിയെ കാണാനായി സൈക്കിൾ ചവിട്ടി ഡൽഹി വരെ പോയിരുന്നു. ഈ അമ്മയ്ക്ക് ഒരാഗ്രഹമേയുള്ളു. നാട്ടിൽത്തന്നെ ഒറ്റമുറിയുള്ള വീടുവേണം അവിടെക്കിടന്നു മരിക്കണം. ഈ അമ്മ എല്ലാവരോടും കൈ കൂപ്പി അപേക്ഷിക്കുന്നു, ജീവിതമാർഗത്തിനും ഒരു വീടിനുവേണ്ടിയും...

രമണിയമ്മയുടെ ഫോൺ നമ്പർ: 9495375390, ഗംഗൻ: 9349796063.