തിരുനെല്ലി(വയനാട്): വിശക്കുന്നവന്റെ മുന്നിൽ തത്വം വിളമ്പാൻ പാടില്ലന്ന വിവേകാനന്ദ സ്വാമിയുടെ വചനം എപ്പോഴും മനസ്സിലുണ്ടായിരുന്നു. വിശപ്പ് അനുഭവിക്കുന്ന സഹജീവികൾക്ക് സംശുദ്ധമായ ഭക്ഷണം നൽകുക മാത്രമാണ് ഇപ്പോഴുള്ള ലക്ഷ്യം.ബ്രഹ്മഗിരിയുടെ താഴ്‌വാരത്ത്, കാളിന്ദി നദിയുടെ തീരത്ത് 7 ഏക്കറിൽ വാഴ, കപ്പ, ഇഞ്ചി, മഞ്ഞൾ എന്നിവ കൃഷി ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.അടുത്ത ഘട്ടം ജൈവ നെൽകൃഷിയാണ്.ശേഷകാലം ഉള്ളിൽ നന്മകൾ മാത്രമുള്ള ഇവിടുത്തുകാർക്കൊപ്പം.'- ജനനേന്ദ്രിയം ഛേദിക്കപ്പെട്ട നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 94 ദിവസം പൊലീസ് കസ്റ്റഡിയിൽ ചികത്സയിൽക്കഴിയുകയും പിന്നെ ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്ത സ്വാമി ഗംഗേശാനന്ദ, ഉറ്റവരുമായി വേർപിരിഞ്ഞുള്ള തന്റെ താമസത്തെക്കുറിച്ചും പുതിയ കർമ്മ പദ്ധതികളെക്കുറിച്ചും മറുനാടനോട് പങ്കുവച്ച വിവരങ്ങൾ ഇങ്ങിനെ.

മാസങ്ങൾക്ക് മുമ്പ് എറാണാകുളം സ്‌പെഷ്യലിറ്റ് ആശുപത്രി അധികൃതർ വിളിച്ചുചേർത്ത ഒരു പത്ര സമ്മേളനത്തിലാണ് സ്വാമിയെ മാധ്യമങ്ങൾ ഒടുവിൽക്കണ്ടത്.ബി ബി സി ഉൾപ്പെടെ ലോകമാധ്യമങ്ങൾവരെ കൊണ്ടാടിയ ലിംഗം ഛേദിക്കൽ കേസ്സ് ഇപ്പോഴും തുടങ്ങിയിടത്ത് തന്നേ അവശേഷിക്കുന്നു. ഇതിനിടെ മാസങ്ങൾക്ക് മുമ്പ് സ്വാമി വീട് വിട്ടിരുന്നു.പിന്നീട് ഇദ്ദേഹത്തെക്കുറിച്ച് കാര്യമായ വിവരമൊന്നും പുറത്തുവന്നിരുന്നില്ല.കഴിഞ്ഞ ദിവസമാണ് സ്വാമി തിരുനെല്ലിയിലുണ്ടെന്ന വിവരം ലഭിക്കുന്നത്.അന്വേഷിച്ചെത്തുമ്പോൾ ഇദ്ദേഹം തി തിരുനെല്ലിയിലെ കൃഷിയിടത്തിലായിരുന്നു.ഇവിടെ സ്വാമിക്ക് മറ്റൊരുമുഖമാണ്.നല്ല കർഷകന്റെ ഇരുത്തം വന്ന ഭാവം.ആദിവാസികളായ സഹായികൾക്കൊപ്പം കളപറിക്കാനും നിലം ഒരുക്കാനും വളമിടാനും മറ്റും നേതൃത്വം നൽകി ഇദ്ദേഹം ഇവിടെ നിറഞ്ഞുനിൽക്കുന്നു.

അഭ്യുദയകാംക്ഷികളായ ഏതാനും പേരുടെ ശ്രമ ഫലമായിട്ടാണ് ഈ സ്ഥലം കൃഷിക്കായി തരപ്പെട്ടത്.വിത്തിട്ടാൽ നൂറുമേനി വിളവുതരുന്ന മണ്ണാണ്.വിശക്കുന്നവരുടെ വയറുനിറയ്ക്കാൻ എന്നാൽകഴിയുന്ന ഒരു പരിശ്രമം.അതാണ് ഇവിടെ നടക്കുന്നത്.ആരുടെയും ശല്യമില്ലാതെ ,ആരെയും ശല്യപ്പെടുത്താതെ ജീവിച്ചുപോകുന്നു.ഒരുപാട് പേർ പലവിധത്തിൽ സഹായിക്കുന്നുണ്ട്.അതുകൊണ്ടാണ് ഇവിടുത്തെ കാര്യങ്ങൾ മുട്ടില്ലാതെ മുന്നോട്ട് പോകുന്നത്.സ്വമി വ്യക്തമാക്കി.ഒരു വശത്ത് കാളിന്ദി നദി ഒഴുകുന്നു.ദൂരെരേയ്ക്കുനോക്കിയാൽ ചുറ്റും പച്ചപുതച്ച മലനിരകളും.പ്രൃതിസൗന്ദര്യത്തിന്റെ നിറകുടമാണിവിടം.കൃഷിയിടത്തിലെ കൂടിക്കാഴ്ചയിൽ ജിവിത വഴിയിലെ മാറ്റത്തെക്കുറിച്ചും ഭാവിയിലെ ലക്ഷ്യത്തെക്കുറിച്ചുമൊക്കെ സ്വാമി മറുനാടനോട് മനസ്സുതുറന്നു.

ആധ്യത്മീകത വ്യക്തി നിഷ്ഠമാണ്.വിശപ്പ് സാമൂഹികപരവും.നമ്മൾക്കാവശ്യമുള്ള സാധനങ്ങൾ നമ്മൾ തന്നെ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യം എങ്ങിനെ പ്രാവർത്തീകമാക്കാമെന്നാണ് ചിന്തിക്കുന്നത്.ആ വഴിക്കുള്ള ചെറിയ കാൽവയ്പ് മാത്രമാണിത്.ആരോടും പരിഭവവുമില്ല,പരാതിയുമില്ല.ഇനി ഇവിടെ നിന്നും ഒരു പറിച്ചുനടീലുമില്ല.ഞാനാണ് പീഡിപ്പിക്കപ്പെട്ടത്.ഞാനാരെയും പീഡിപ്പിച്ചിട്ടില്ല.എന്നിട്ടും ക്രൂരമായ മാധ്യമ വിചാരണ നേരിടേണ്ടി വന്നു.കാരണമില്ലാതെ ജയിൽ വാസവും അനുഭവിയ്‌ക്കേണ്ടിവന്നു.പരാതി ഉണ്ടെങ്കിൽ എഴുതിനൽകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു.ഒന്നും വേണ്ടെന്നാണ് അന്ന് പൊലീസിനോട് പറഞ്ഞത്.ഇപ്പോഴും ഈ നിലപാടിന് മാറ്റമില്ല.

കഠിനമായ വേദനയും സഹിച്ച്,മൂത്രം സംഭരിച്ച ബാഗുമായി 284 ദിവസം ആശുപത്രിയിൽ കഴിഞ്ഞെങ്കിലും എന്റെ മനസ്സിന്റെ ധൈര്യം ഒരു കണിക പോലും ചോർന്നിട്ടില്ല.ഈ വർഷം മാർച്ച് 24-ഓടെ ശരീരം പൂർവ്വസ്ഥിതിയിലായി.ഇപ്പോൾ പറയത്തക്ക ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ല.ആരെയും വിമർശിക്കാനില്ല.തലസ്ഥാനത്ത് ചട്ടമ്പി സ്വാമികളുടെ ജന്മ സ്ഥലത്ത് ഒരു സ്മാരകം വേണമെന്ന് അതിയായ മോഹമുണ്ട്.ഇന്നല്ലങ്കിൽ നാളെ അത് യാഥാർത്ഥ്യമാവുമെന്നാണ് പ്രതീക്ഷ. നാടിന്റെ സംസ്‌കാരവുമായി ചേർന്ന് ജീവിക്കുന്ന,വലിയ വിദ്യാസമ്പന്നരല്ലെങ്കിലും വിവരമുള്ള,വലിയ സംസാരമില്ലങ്കിലും സംസ്‌കാരമുള്ള ,നാടിനോടും കാടിനോടും ഇണങ്ങിക്കഴിയുന്ന കുറച്ച് ആളുകൾക്കൊപ്പം ചെറിയ ചെറിയ കാര്യങ്ങൾ ചെയ്തുകഴിയുകയാണ്.

ഈ ജിവിതമായി ഇപ്പോൾ പൊരുത്തപ്പെട്ടുകഴിഞ്ഞു.ഇനി അവശേഷിക്കുന്ന ജീവിത കാലം ഇവിടെത്തന്നെ കഴിയാണ് ഞാൻ ഇഷ്ടപ്പെടുന്നത്.അദ്ദേഹം വ്യക്തമാക്കി.ഇനിയും എന്നേ വിവാദങ്ങളിലേയ്ക്ക് വലിച്ചിടരുതെന്ന അഭ്യർത്ഥനയോടെയാണ് ഗംഗേശാനന്ദ വാക്കുകൾ ചുരുക്കിയത്.തിരുനെല്ലിയിലെ ഒരു കൊച്ചുവീട്ടിലാണ് അദ്ദേഹത്തിന്റെ താമസം. ആശ്രമജീവിതം ഉപേക്ഷിച്ച മട്ടാണ്.ആധ്യാത്മിക പ്രഭാഷണമോ ഒന്നും നടത്താതെതയും ശിഷ്യരെ വളർത്താതെയും തീർത്തും ഭൗതികമായ കൃഷിയിലാണ് അദ്ദേഹം സംതൃപ്തി കണ്ടത്തുന്നത്.

2017 മെയ് 20-നാണ് ജനനേന്ദ്രിയം ഒട്ടുമുക്കാലും മുറിഞ്ഞ നിലയിൽ ഗംഗേശാനന്ദയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.23-ന് പേട്ട സി ഐ ഗംഗേശാനന്ദയെ അറസ്റ്റുചെയ്തു.തന്നേ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചുവെന്ന് 23-കാരി നൽകിയ മൊഴിയതിന്റെ അടിസ്ഥാനത്തിലാണ് സ്വാമിയെ അറസ്റ്റുചെയ്തതെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു.റിമാന്റ് ചെയ്യപ്പെട്ട സ്വാമി രണ്ട് ദിവസം ജയിലിൽക്കിടന്നു.

പൊലീസ് കാവലിൽ 94 ദിവസത്തോളം മെഡിക്കൽ കോളേജിൽ ചികത്സിച്ചു.ഇതിനിടയിൽ പരാതിക്കാരി പൊലീസ് വെളിപ്പെടുത്തിയ വിവരങ്ങൾ വാസ്തവ വിരുദ്ധമാമെന്ന് വ്യക്തമാക്കി മാധ്യമങ്ങൾക്ക് മുന്നിലെത്തി.അയ്യപ്പദാസ് എന്ന തന്റെ അടുപ്പക്കാരനാണ് ഇത് ചെയ്തതെന്ന് യുവതി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.ഈ നിലപാട് പെൺകുട്ടി കോടതിയിലും ആവർത്തിച്ചു.ഇതോടെ പൊലീസ് വെട്ടിലായി.

ലോക്കൽ പൊലീസിൽ നിന്നും അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഈ കേസിൽ ഇനിയും കുറ്റപത്രം സമർപ്പിച്ചിട്ടില്ലന്നാണ് ലഭ്യമായ വിവരം.ജനനേന്ദ്രിയം മുറിച്ച വിവാദ കേസിന് പിന്നിൽ എഡിജിപി ബി.സന്ധ്യയാണെന്ന ആരോപണവുമായി ഗംഗേശാനന്ദ രംഗത്ത് വന്നിരുന്നു.  

ഇപ്പോഴത്തെ സർക്കാരിൽ നിന്നോ പൊലീസിൽ നിന്നോ നീതി ലഭിക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിയമ വിദ്യാർത്ഥിയായ പെൺകുട്ടിയാണ് പീഡന ശ്രമത്തെ ചെറുക്കാനെന്ന പേരിൽ ശ്രീഹരി എന്ന ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചെന്നാണ് കേസ്. പിന്നീട് കാമുകൻ അയ്യപ്പദാസിനെ കുറ്റപ്പെടുത്തി പെൺകുട്ടി ഗംഗേശാനന്ദയുടെ ഭാഗം ചേർന്നിരുന്നു.