കൊച്ചി: പെൺകുട്ടി ലിംഗച്ഛേദം നടത്തിയെന്ന നിലയിൽ കുപ്രസിദ്ധമായ സംഭവത്തെ തുടർന്ന് ചികിത്സയിലായിരുന്ന സ്വാമി ഗംഗേശാനന്ദ തീർത്ഥപാദരുടെ ജനനേന്ദ്രിയം സാധാരണ നിലയിലായെന്ന് ചികിത്സിച്ച ആശുപത്രിയിലെ ഡോക്ടർ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി. എറണാകുളം സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റലിലെ ഡോക്ടർ ആർ.വിജയനാണ് ഇന്ന് ഹോസ്പിറ്റലിൽ നടത്തിയ പത്ര സമ്മേളനത്തിൽ വിവരം അറിയിച്ചത്. പത്ര സമ്മേളനത്തിൽ പുതിയ മെയ്ക്ക് ഓവർ ലുക്കിൽ ഗംഗേശാനന്ദയും പങ്കെടുത്തു.

പണ്ട് ചെയതിരുന്ന എല്ലാക്കാര്യങ്ങളും തനിക്കിപ്പോൾ ചെയ്യാൻ കഴിയുന്നുണ്ടെന്ന് ആയിരുന്നു മാധ്യമങ്ങളുടെ മുന്നിൽ ഗംഗേശാനന്ദയുടെ പ്രതികരണം. നിങ്ങൾക്ക് സംശയമുണ്ടാകാം ഞാൻ മറ്റേക്കാര്യം ചെയ്തു നോക്കിയോ എന്ന്. ഇല്ല.. ഞങ്ങൾക്ക് അത് നിഷിദ്ധം ആയതിനാലാണ് അത് ടെസ്റ്റ് ചെയ്യാതിരുന്നത്. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാനിത് ഉപയോഗിക്കുന്നത് മൂത്രം ഒഴിക്കാനാണ്. - ഇതായിരുന്നു ഗംഗേശാനന്ദയുടെ പ്രതികരണം. 250 ദിവസത്തിന് ശേഷമാണ് ഞാൻ സുഖമായി മൂത്രം ഒഴിക്കുന്നത്. അതിന് മുൻപ് ട്യൂബ് വഴിയായിരുന്നു.

മെയ് 20 ന് എന്നെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുമ്പോൾ നിങ്ങൾ പത്രക്കാരുടെ ഭാഷയിൽ ഞാൻ ഭിന്ന ലിംഗക്കാരനായിരുന്നു. അവിടെ വച്ച് ഡോക്ടർ വാസുദേവ പോറ്റിയാണ് എനിക്ക് വേണ്ട ചികിത്സ നൽകിയത്. എന്നാൽ ജനനേന്ദ്രിയം തുന്നിച്ചേർത്തിട്ടും സുഗമമായി മൂത്രം പോകുന്നില്ലായിരുന്നു. അതോടെ അമൃത ഹോസ്പിറ്റൽ, ലേക്ഷോർ എന്നിവടങ്ങളിൽ പോയെങ്കിലും അവരൊക്കെ ഓപ്പറേഷൻ ചെയ്യണമെന്നായിരുന്നു പറഞ്ഞിരുന്നത്. ഒടുവിലാണ് ഈ ഹോസ്പിറ്റലിൽ എത്തിയത്. ഡോക്ടർ ആർ.വിജയന്റെ ആറുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് എന്റ ജനനേന്ദ്രിയം പൂർവ്വ സ്ഥിയിലേക്കായത്. എന്നും ഗംഗേശാനന്ദ കൂട്ടിച്ചേർത്തു.

ചികിത്സയുടെ കാര്യങ്ങൾ മാത്രമേ പത്രസമ്മേളനത്തിൽ ഗംഗേശാനന്ദ പറഞ്ഞുള്ളൂ. ലിംഗം ഛേദിച്ച കേസിനെപറ്റി ചോദിച്ചപ്പോൾ കൂടുതൽ വിവരങ്ങൾ അടുത്തതായി വിളിക്കുന്ന മൂന്ന് പത്ര സമ്മേളനങ്ങളിൽ പറയുന്നതായിരിക്കുമെന്നായിരുന്നു മറുപടി. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും പത്രസമ്മേളനം വിളിക്കുമെന്നും അപ്പോൾ എല്ലാവർക്കും അറിയേണ്ട കാര്യങ്ങളൊക്കെ വെളിപ്പെടുത്തും എന്നും അദ്ദേഹം വ്യക്തമാക്കി.

കൂടാതെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ തനിക്ക് പരാതിയില്ലെന്നും തനിക്കെതിരെയുള്ള കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ശിക്ഷ അനുഭവിക്കാൻ തയ്യാറാണന്നും തനിക്കെതിരെ നിൽക്കുന്നവർ വളരെ ശക്തരാണെന്നും ഗംഗേശാനന്ദ പറഞ്ഞു. ഇത്തരം അപകടങ്ങൾ ഉണ്ടായാൽ അതിനുള്ള പ്രതിവിധി ഈ ഹോസ്പിറ്റലിൽ ഉണ്ട് എന്ന് പറയുവാനാണ് ഞാൻ ഇവിടെ എത്തിയത് എന്നായിരുന്നു പത്രസമ്മേളനത്തിൽ പങ്കെടുത്തതിനെ പറ്റി ഗംഗേശാനന്ദയുടെ പ്രതികരണം.

കഴിഞ്ഞ വർഷം മെയ് 19 ന് രാത്രിയിലാണ് ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം തിരുവനന്തപുരം പോത്തൻകോട് സ്വദേശിനിയായ പെൺകുട്ടി അറുത്ത് മാറ്റിയെന്ന സംഭവം ഉണ്ടായത്. 90 ശതമാനത്തോളം മുറിഞ്ഞു തൂങ്ങിയ അവയവം ഏറെ ശ്രമകരമായാണ് തുന്നിച്ചേർത്തത്. തുന്നിച്ചേർത്തെങ്കിലും മൂത്രം ഒഴിക്കുവാൻ ഏറെ ബുദ്ധിമുട്ടായിരുന്നു. കൂടാതെ ലൈംഗിക ശേഷിയും നഷ്ടപ്പെട്ടിരുന്നു. എന്നാൽ തുടർ ചികിത്സകളിലൂടെ ജനനേന്ദ്രിയും മുഴുവനായും പൂർവസ്ഥിതിയിൽ ആക്കാൻ കഴിഞ്ഞെന്നാണ് ഗംഗേശാനന്ദയും ഹോസ്പിറ്റൽ അധികൃതരും പറയുന്നത്.