സംഗീതം പടിക്കാൻ 'സിംഹത്തിന്റെ മടയിൽപോയ', ഒറ്റരാത്രികൊണ്ട് പാട്ടും പാടി ധാരാവി ഒഴിപ്പിച്ച, മൂന്നാമത്തെ ഡ്രിങ്കിൽ ഐസ്‌ക്യൂബ് വീഴുന്നതിന്മുമ്പ് ഗുണ്ടകളെ അടിച്ചൊതുക്കിയെത്തുന്ന, ദൃഷ്്ടപതിയുന്നിടം എല്ലാം തന്റെ സ്വന്തമാകുന്ന, 'ആറാംതമ്പുരാനിലെ' മോഹൻലാലിന്റെ ജഗന്നാഥൻ ഒന്നുമല്ല, ഈ ഗായകരെ വെച്ചുനോക്കുമ്പോൾ. 'ഗായക ഗുണ്ടകൾ' എന്ന് വിളിക്കപ്പെട്ടുന്ന ഈ ഗ്യാങ്ങ്സ്റ്റർ റാപ്പിസ്റ്റുകൾ പഞ്ചാബിന്റെ മാത്രമല്ല ഉത്തരേന്ത്യയുടെയും സൈര്യം കെടുത്തുകയാണ്. കലാകാരന്മ്മാരെക്കുറിച്ചുള്ള എല്ലാ ധാരണകളയും തിരുത്തുകയാണ് പഞ്ചാബിലെ റാപ്പ് ഗായകർ. ഇവിടെ കലയും കൊലയും ഒന്നിച്ച് പോവുകയാണ്്!

മനുഷ്യക്കടത്ത്, ഗുണ്ടാ പ്രവർത്തനം, ഡ്രഗ്പാർട്ടികൾ തൊട്ട് തട്ടിക്കൊണ്ടുപോയി വിലപേശലുകൾവരെ നടത്തുന്ന ഒരു അധോലോകത്തെ നിയന്ത്രിക്കുന്നത് പഞ്ചാബിലെ റാപ്പ് ഗായകരും അവർക്ക് ചേർന്ന് നിൽക്കുന്നവരുമാണെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോൺഗ്രസ് നേതാവും, റാപ്പ് ഗായകനുമായ സിദ്ദു മൂസേവാല എന്ന ലക്ഷങ്ങൾ ആരാധകരുള്ള 29കാരന്റെ മൃഗീയമായ കൊലപാതകം.

യുവാക്കളുടെ രോമാഞ്ചമായിരുന്ന സിദ്ദു മൂസെവാല എന്ന ഗായകൻ മെയ് 29ന് അജ്ഞാത സംഘത്തിന്റെ വെടിയേറ്റ് സ്വന്തം ഗ്രാമത്തിൽവെച്ച് മരിക്കുമ്പോൾ പഞ്ചാബ് മാത്രമല്ല രാജ്യം തന്നെ നടുങ്ങി. പഞ്ചാബ് അടുത്തകാലത്ത് കണ്ടതിൽവെച്ച് ഏറ്റവും വലിയ ആൾക്കൂട്ടമായിരുന്നു മൂസെവാലയുടെ സംസ്‌ക്കാരച്ചടങ്ങിൽ പങ്കെടുത്തത്. വാർത്തയറിഞ്ഞ് മൂന്ന് യുവാക്കൾ ജീവനൊടുക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഈ അറും കൊലയുടെ അടിവേരുകൾ അന്വേഷിക്കുമ്പോഴാണ് ഗ്യാങ്ങ്സ്റ്റർ റാപ്പിസ്റ്റുകളുടെ പ്രവർത്തനം എത്രമാത്രം, സമൂഹത്തിൽ വേരോടിക്കഴിഞ്ഞുവെന്ന് മനസ്സിലാവുക. സിദ്ദുവിന്റെ കൊലപാതകം ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകമൂലമാണെന്നാണ് റിപ്പോർട്ട്. ഇതോടെ ഗ്യാങ്ങ്സ്റ്റർ റാപ്പിസ്റ്റുകളെ ഏത് രീതിയിലും ഒതുക്കുക എന്ന ലക്ഷ്യത്തോടെ, പൊലീസും രംഗത്തെത്തിയിട്ടുണ്ട്. പക്ഷേ അത് അത്ര എളുപ്പത്തിൽ സാധ്യമായ ഒന്നല്ല. കാരണം പഞ്ചാബിലെ ചെറുപ്പക്കാർക്കിടയിൽ അത്ര ആഴത്തിൽ അവർ വേരുപടിച്ചു കഴിഞ്ഞു. മതതീവ്രവാദം ആയിരുന്നു ഒരു കാലത്ത് പഞ്ചാബ് നേരിട്ടിരുന്ന പ്രധാന പ്രശ്നമെങ്കിൽ, ഇന്ന് അത് ഇത്തരം കൾട്ട് മോഡൽ വിഭ്രമ സംഗീതക്കാരുടെ ചിന്തകളായി മാറിയിരിക്കുന്നു. 'ഡ്രഗ്, റാപ്പ്, സെക്സ്' എന്ന ഒറ്റ വാചകത്തിൽ ജീവിതം പുകച്ച് തീർക്കുകയാണ് ഇവരുടെ വലയിൽ കുടുങ്ങിയ യുവത്വങ്ങൾ.

ഗ്യാങ്ങ്സ്റ്റർ റാപ്പിസ്റ്റുകൾ ഉണ്ടാവുന്നു

90 കൾക്കുശഷം പഞ്ചാബിലെ പുതിയ തലമുറ ഒരു പ്രത്യേക രീതിയിലാണ് വളർന്നുവരുന്നത് എന്ന് എന്നത് നേരത്തെ തന്നെ പഠനങ്ങൾ ഉണ്ടായിരുന്നു. ഖലിസ്ഥാൻ തീവ്രവാദത്തിന്റെ കാലം അവസാനിക്കുകയും, പഞ്ചാബിന് വലിയ തോതിൽ സാമ്പത്തിക പുരോഗതിയും ഉണ്ടായതോടെ, തീർത്തും വെസ്റ്റേൺ ഓറിയൻഡൻഡ് ആയ ഒരു ജീവിതശൈലി അവിടുത്തെ പുതിയ തലമുറയിൽ ഉടലെടുക്കുകയായിരുന്നു. പഞ്ചാബിലെ കുട്ടികൾക്കിടയിൽ കൊറിയൻ റാപ്പുകളാണ് ഏറ്റവും പ്രധാനത്തിലുള്ളത്. വാട്സാപ്പ് കൂട്ടായ്മയിലൊക്കെ കൊറിയൻ ഭാഷയിൽ സംസാരിക്കാൻ കഴിയുന്ന കുട്ടികൾ പോലുമുണ്ടെന്നത് അത്ഭുദപ്പെടുത്തുന്നതാണെന്ന് പല അദ്ധ്യാപകരും പറഞ്ഞിരുന്നു.

അതുപോലെ തന്നെ ഇന്ന് ഡ്രഗ്സിന്റെ ഉപയോഗത്തിലും രാജ്യത്ത് ഏറ്റവും മുന്നിൽ നിൽക്കുന്നത പഞ്ചാബ് ആണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് രാഹുൽ ഗാന്ധി പഞ്ചാബിലെ പത്തിൽ ഒൻപത് പുരുഷന്മാരും മയക്കു മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞതിന്റെ പേരിൽ വലിയ വിമർശനമാണ് ഉയർന്നത്. രാഹുൽ ഗാന്ധി പറഞ്ഞ കണക്കുകൾ ചിലപ്പോൾ കടന്നുപോയിക്കാം, എന്നാൽ അദ്ദേഹം ഉന്നയിച്ച പ്രശ്‌നത്തിന്റെ തീവ്രത കുറയുന്നില്ല. പഞ്ചാബിലെ മയക്കുമരുന്ന് ഉപയോഗം ആഗോളതലത്തിൽ തന്നെ ഉയർന്നനിരക്കിലാണെന്ന കാര്യം മറന്നാണ് പലരും വിമർശിക്കാനിറങ്ങിയത്. മനോരോഗാശുപത്രികളിലും ലഹരിമുക്ത കേന്ദ്രങ്ങളിലും അക്രമാസക്തരാവുന്ന യുവാക്കൾക്കായി പ്രത്യേക വാർഡുകൾ സജ്ജീകരിക്കേണ്ട അവസ്ഥയാണ് ഇന്ന് പഞ്ചാബിലുള്ളത്. അതിർത്തിക്കപ്പുറത്ത് നിന്ന് ഇവിടേക്ക് വൻതോതിൽ മയക്കുമരുന്ന് തള്ളുന്നത് പാക്ക് സംഘങ്ങളുമാണ്.

90കളുടെ മധ്യത്തേടെ, പഞ്ചാബിലെ ചെറുപ്പക്കാർ പരമ്പരാഗത സംഗീതത്തിൽനിന്ന് റാപ്പ് സംഗീതത്തിലേക്ക് മാറി. ഈ ഒരു തരംഗത്തിന് തുടക്കമിട്ടത്, ഡാലർ മെഹന്ദി എന്ന വിഖ്യാത ഗായകനാണ്. 'ബോലത്താരാരാരാ' പോലുള്ള ഡാലർ മെഹന്ദിയുടെ ഗാനങ്ങൾ രാജ്യമെമ്പാടും ഹിറ്റായി. ഇതേതുടർന്ന് ഒരു പറ്റം പ്രതിഭകൾ പഞ്ചാബിൽ റാപ്പ് സംഗീതത്തിലേക്ക് കടന്നുവന്നു. വിദേശ റാപ്പിസ്റ്റുകളെ അനുകരിച്ച് കൊണ്ട്, ഇന്ത്യയുടെ പരമ്പാരഗത രീതികൾ ലംഘിച്ച് കൊണ്ട്, തോക്കിനെ ചുംബിക്കുന്നതും, ഗൺകൾച്ചറിനെയും അക്രമങ്ങളെയും വല്ലാതെ പ്രോൽസാഹിപ്പിക്കുന്ന രീതിയിൽ ആയിരുന്നു ഇവരുടെ ആൽബങ്ങൾ. ഈ ചെറുപ്പക്കാർക്ക് വലിയ രീതിയിലുള്ള ആൾക്കൂട്ടങ്ങളെ ആകർഷിക്കാൻ കഴിഞ്ഞു. കണ്ണടച്ച് തുറക്കുന്നതിന് മുമ്പാണ് ഇവരിൽ പലരും കോടീശ്വരന്മ്മാർ ആയത്. ഇന്ന് പഞ്ചാബിലെ റാപ്പ് ഗായകരിൽ ഭൂരിഭാഗവും മില്യൺ കണക്കിന് ഫോളോവേഴ്സ് ഉള്ളവർ ആണ്.

ഇത്തരം റാപ്പ്ഗായകർ ഒരു കൾട്ട്പോലെ ആയതോടെ അവർ പല ക്രമിനിൽ ആക്റ്റിവിറ്റികളിലും ഇടപെടാൻ തുടങ്ങി. ഡ്രഗ് പാർട്ടികൾ ആയിരുന്നു ഇതിൽ പ്രധാനം. സെക്സും, ഡ്രഗും, സംഗീതവുമാണ് ജീവിത്തിന്റെ ആന്ത്യന്തിക ലക്ഷ്യമെന്ന തെറ്റായ ധാരണകൾ പോലും ഇവർ യുവാക്കളിൽ അടിച്ചേൽപ്പിച്ചു. ഡ്രഗ് പാർട്ടികളിലൂടെ ഇവരുടെ അനുയായികൾ പലരും ഡ്രഗ് ഡീലർമ്മാരുമായി. അങ്ങനെയും വന്നു ലക്ഷങ്ങളുടെ പണം. പിന്നെ ഈ ഗ്യാങ്ങുകൾ തമ്മിൽ പരസ്പരം കൊമ്പുകോർക്കലായി. അങ്ങനെ അവരുടെ പ്രവർത്തനം ഗുണ്ടാ സംഘങ്ങൾ പോലെയായി. ഇന്ന് പഞ്ചാബിലെ ഒരു റാപ്പ ഗായകൻ വരുന്നത് കണ്ടാൽ നാം അമ്പരന്ന് പോകും. മുന്നിലും പിന്നിലും തോക്കുധാരികളുടെ വലിയ സെക്യൂരിറ്റിയാണ്. 'ഉഡ്ത്താ പഞ്ചാബ്' പോലെയുള്ള സിനിമകൾ ഈ ഗ്യാങ്്സ്റ്റർ റാപ്പിസ്റ്റുകളുടെ രീതികൾ തുറന്ന് കാണിക്കുന്നുണ്ട്.

കാനഡയിലേക്കും അമേരിക്കയിലേക്കുമുള്ള മനുഷ്യക്കടത്താണ് ഈ പോപ്പ് ഗായകരുടെ മറ്റൊരു പ്രധാന വരുമാന മാർഗം. പഞ്ചാബികൾ ഏറെയുള്ള കാനഡയിലും മറ്റും ഇവർക്ക് സ്ഥിരമായ പ്രോഗ്രം ഉണ്ടാവാറുണ്ട്. അതുവഴി കിട്ടുന്ന വിസിറ്റിങ്ങ് വിസ ഉപയോഗിച്ചാണ് മനുഷ്യക്കടത്ത്. അങ്ങനെ ഇതിനെല്ലാം തുടക്കക്കാരനായ ഡാലർ മെഹന്ദി ഇത്തരം ഒരു കേസിൽ കുടങ്ങി. 15 വർഷം പഴക്കമുള്ള മനുഷ്യക്കടത്ത് കേസിൽ, 2018ൽ ഡാലറിന് രണ്ട് വർഷം ശിക്ഷയാണ് കിട്ടിയത്. അനധികൃതമായി യുഎസിലേക്ക് കുടിയേറാൻ തങ്ങളെ സഹായിക്കാമെന്ന് പറഞ്ഞ് ഒരാളെ പണം വാങ്ങി വഞ്ചിച്ചതിനാണ് ശിക്ഷകിട്ടിയത്. ഇപ്പോൾ ഡാലർ ജാമ്യത്തിലാണ്. പക്ഷേ, കേസ് മേൽക്കോടതിയിൽ പുരോഗമിക്കുന്നു. സിദ്ദു മൂസെവലാലയെപ്പോലെ ഡാലർ മെഹന്ദിയും ഈയിടെ കോൺഗ്രസിൽ ചേർന്നിരുന്നു.

ഇപ്പോൾ പഞ്ചാബിൽ പ്രമുഖരായ ഒരു ഡസനോളം ഗ്യാങ്ങ്സ്റ്റർ റാപ്പിസ്റ്റുകളെ പൊലീസ് നോട്ട് ചെയ്ത് വെച്ചിട്ടുണ്ടെന്നാണ് കേൾക്കുന്നത്. പക്ഷേ ഇവരിൽനിന്നൊക്കെ തീർത്തും വ്യത്യസ്തനായിരുന്നു സിദ്ദുമുസെവാല. അദ്ദേഹം അക്രമത്തിനോ ഗുണ്ടായിസത്തിനോ നേരിട്ട് നേതൃതൃ കൊടുത്തിട്ടില്ല എന്നാണ് പൊലീസ് റെക്കാർഡുകളിൽ പറയുന്നത്.

ആരാണ് സിദ്ദു മുസെവാല?

നിരവധി ഹിറ്റ് പഞ്ചാബി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഗായകനായിരുന്നു സിദ്ദു.ശുഭ്ദീപ് സിങ്ങ് സിദ്ദു എന്നാണ് യഥാർഥ പേര്. പഞ്ചാബിലെ മാൻസ ജില്ലയാണ് സ്വദേശം. ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ബിരുദധാരിയായിരുന്ന സിദ്ദുവിന്റെ ഉപരിപഠനം കാനഡയിലായിരുന്നു.

ലെജണ്ട്, ഡെവിൾ, ജസ്റ്റ് ലിസൺ, ടിബെയാൻ ദാ പുട്ട്, ജട്ട് ദ മുക്കാബല, ബ്രൗൺ ബോയ്‌സ്, ഹാത്യാർ തുടങ്ങിയവയാണ് സിദ്ദുവിന്റെ പ്രധാനപ്പെട്ട ഹിറ്റ് സംഗീത ആൽബങ്ങൾ. 2017ൽ പുറത്തിറങ്ങിയ 'സോ ഹൈ' എന്ന ആൽബത്തിലൂടെയാണ് സിദ്ദു ശ്രദ്ധ നേടിയത്. ആൽബങ്ങളെ ജനപ്രിയതയുടെ അടിസ്ഥാനത്തിൽ റാങ്ക് ചെയ്യുന്ന ബിൽബോർഡ് കനേഡിയൻ ആൽബം ലിസ്റ്റിൽ 2018-ൽ സിദ്ദുവിന്റെ സംഗീതവും ഇടം നേടിയിരുന്നു. 'സോ ഹൈ' ആൽബത്തിന്റെ ജനപ്രിയതയ്ക്ക് ഇപ്പോഴും മങ്ങലേറ്റിട്ടില്ല. 481 മില്ല്യൺ ആണ് യൂട്യൂബിൽ 'സോ ഹൈ' ആൽബത്തിന്റെ കാഴ്ച. പഞ്ചാബി ചിത്രങ്ങളായ മൂസ ജട്ട്, യെസ് ഐ ആം സ്റ്റുഡന്റ് എന്നിവയിലാണ് സിദ്ദു അഭിനയിച്ചത്.

തന്റെ ആൽബങ്ങളിലൂടെ വലിയ ആരാധകവൃന്ദത്തേയാണ് സിദ്ദു നേടിയെടുത്തത്. യൂട്യൂബിൽ മാത്രം ഒരു കോടിക്കടുത്താണ് സിദ്ദുവിന്റെ സബ്‌സ്‌ക്രൈബേർസിന്റെ എണ്ണം. ഇൻസ്റ്റഗ്രാമിൽ ഇത് 70 ലക്ഷത്തിനടുത്താണ്. വലിയ ആരാധകക്കൂട്ടമാണ് സിദ്ദുവിന് ഉണ്ടായിരുന്നതെങ്കിലും അദ്ദേഹത്തിന്റെ ആൽബത്തിലെ ഉള്ളടക്കം പതിവായി വിമർശിക്കപ്പെട്ടിരുന്നു. ആക്രമണത്തേയും തോക്കുകളുടെ ഉപയോഗത്തേയും ലഹരിമരുന്ന് ഉപയോഗത്തേയും പ്രോത്സാഹിപ്പിക്കുന്നതാണ് സിദ്ദുവിന്റെ ആൽബങ്ങൾ എന്നായിരുന്നു പ്രധാന വിമർശനം.

സംഗീതത്തിലെന്നപോലെ വിവാദങ്ങളിലും താരമായിരുന്നു സിദ്ദു. കോവിഡ് കാലത്ത് ഫയറിങ് റേഞ്ചിൽ എ.കെ 47 ഉപയോഗിച്ച് പരിശീലനം നടത്തുന്ന സിദ്ദുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെ സിദ്ദുവിനെതിരേ പൊലീസ് കേസ് ഫയൽ ചെയ്തിരുന്നു. 'തോക്ക് സംസ്‌കാരം' പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് 2020-ൽ അമരീന്ദർ സർക്കാർ സിദ്ദുവിനെതിരേ 'ആംസ് ആക്ട്‌സ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. 'പഞ്ച് ഗോലിയാൻ' എന്ന ആൽബം പുറത്തിറങ്ങിയ പശ്ചാത്തലത്തിലായിരുന്നു സർക്കാർ നടപടി. ഡൽഹി അതിർത്തികളിലെ കർഷക പ്രതിഷേധത്തിലും സിദ്ദു പങ്കെടുത്തിട്ടുണ്ട്.

18-ാം നൂറ്റാണ്ടിലെ സിഖ് യോദ്ധാവായിരുന്ന മായി ഭാഗോയുടെ പേര് സംഗീത ആൽബത്തിന് വേണ്ടി ദുരുപയോഗം ചെയ്തുവെന്ന ആരോപണവും സിദ്ദുവിനെതിരേ ഉയർന്നിരുന്നു. സിഖുകാരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും വ്യാപക ആവശ്യം ഉയർന്നു. വിവാദം ശക്തമായതിനെ തുടർന്ന് സിദ്ദു പിന്നീട് ക്ഷമാപണം നടത്തി.

പഞ്ചാബ് തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുൻപ് നവംബറിലാണ് സിദ്ദു കോൺഗ്രസിൽ ചേർന്നത്. യുവജനങ്ങൾക്ക് മാതൃകയാക്കാവുന്ന അന്താരാഷ്ട്ര വ്യക്തിത്വമാണ് സിദ്ദു എന്നാണ് സിദ്ദുവിനെ സ്വാഗതം ചെയ്തുകൊണ്ട് അന്നത്തെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ്ങ് സിദ്ദു, മൂസേ വാലയെക്കുറിച്ച് പറഞ്ഞത്.പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മാൻസ നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചിരുന്നെങ്കിലും എഎപി സ്ഥാനാർത്ഥി ഡോ. വിജയ് സിങ്ലയോട് പരാജയപ്പെട്ടു.

മൂസെവാലയുടെ കൊലപാതകത്തിന് പിന്നാലെ 19-കാരനായ ആരാധകൻ ഫിനൈൽ കുടിച്ച ജീവനൊടുക്കാൻ ശ്രമിച്ചതും വലിയ വാർത്ത ആയിരുന്നു. മൊഹാലിയിലെ ജന്ദ്പുർ ഗ്രാമത്തിൽ നിന്നുള്ള അവ്താർ സിങ്ങാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കടുത്ത ആരാധകനായിരുന്നു ഇയാൾ. സിദ്ദുവിന്റെ ഗാനങ്ങൾ ഏപ്പോഴും കേൾക്കാൻ ഇഷ്ടപ്പെട്ടിരുന്ന അവ്താർ, ആ പേര് ആലേഖനം ചെയ്ത ടീ ഷർട്ടാണ് സ്ഥരിമായി ധരിച്ചിരുന്നത്. അത്രക്ക് വലിയ തരംഗമാണ് സിദ്ദു യുവാക്കൾക്കിടയിൽ ഉണ്ടാക്കിയത്.

തോക്കെടുത്തവൻ തോക്കാൽ

മറ്റ് ഗ്യാങ്ങ്സ്റ്റർ റാപ്പിസ്റ്റുകളിൽനിന്ന് ഭീഷണിയുള്ളതിനാൽ സിദ്ദുവിന് പൊലീസ് സംരക്ഷണം ഉണ്ടായിരുന്നു. എന്നാൽ പഞ്ചാബിൽ അധികാരമേറ്റ പുതിയ ആം ആദ്മി സർക്കാർ ഈ വിഐപി സുരക്ഷ വേണ്ടെന്ന് വെച്ചു. അതിന്റെ തൊട്ടടുത്ത ദിവസമാണ്, സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന സിദ്ദുവിന് വെടിയേറ്റത്. സ്വന്തം വീട്ടിൽനിന്ന് നാല് കിലോമീറ്റർ മാത്രം അകലെവച്ചായിരുന്നു അക്രമം.

മറ്റുള്ളവരിൽനിന്ന് സിദ്ദുവിനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന് സ്വന്തം നാടിനോടുള്ള അടങ്ങാത്ത സ്നേഹം ആയിരുന്നു. കാനഡയിൽ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം മാൾവയിലെ സ്വന്തം ഗ്രാമത്തിലാണ് താമസിച്ചത്. തന്റെ പാട്ടുകളിൽ അധികം ചിത്രീകരിച്ചത് ഗ്രാമീണരെയാണ്. വിദേശ ജീവിതശൈലി മറ്റ് ഗായകരെപ്പോലെ അദ്ദേഹം അന്ധമായി അനുകരിച്ചിരുന്നില്ല എന്നാണ് ചില നിരൂപകർ പറയുന്നത്. കൃഷിയോടും ട്രാക്റ്ററുകളോടും ഒടുങ്ങാത്ത കമ്പമായിരുന്നു സിദ്ദുവിന്. പക്ഷേ തോക്ക് അദ്ദേഹത്തിന്റെ വീക്ക്നെസ്റ്റ് ആയിരുന്നു. എത് പാട്ടിലും ഉണ്ടാവും ഒരു ഗൺ.

തന്റെ സ്വന്തം നാട്ടിലും അങ്ങേയറ്റം പോപ്പുലർ ആയിരുന്നു അദ്ദേഹം. മരിച്ച ദിവസംപോലും കാർ തടഞ്ഞ് ജനം സെൽഫി എടുത്തിരുന്നു. ജാടയില്ലാത്ത സിദ്ദുവാകട്ടെ പോസ് ചെയ്യാൻ എപ്പോഴും റെഡിയുമായിരുന്നു. ജൂൺ ആദ്യവാരം ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ വാർഷികമാണ് അതുകൊണ്ട് കൂടുതൽ പൊലീസുകാരെ ആവശ്യമുണ്ട് എന്ന് പറഞ്ഞാണ്, പഞ്ചാബിലെ ആം ആദ്മി സർക്കാർ സിദ്ദുവിന്റെ സുരക്ഷ പിൻവലിച്ചത്. ഇതോടെ പുറത്തുപോകരുതെന്ന് പിതാവ് പറഞ്ഞെങ്കിലും ആ 29കാരൻ കേട്ടില്ല. സ്വന്തം ഥാർ വാഹനവുമെടുത്ത് പുറത്തുപോയ സിദ്ദുവിനെ പിന്തുടർന്ന് പിതാവും മറ്റൊരു കാറിൽ പാഞ്ഞെത്തി. പക്ഷേ അധികം വൈകുന്നതിന് മുമ്പ് അദ്ദേഹത്തിന് വെടിയൊച്ചകളുടെ ശബ്ദമാണ് കേൾക്കാൻ കഴിഞ്ഞത്. കവലയിൽ ഇരുന്ന ഒരു സംഘം സിദ്ദുവിനെ കാണിച്ചു് കൊടുക്കയായിരുന്നെന്നും പൊലീസ് പറയുന്നു.

സണ്ണി ബങ്ക എന്ന ഗോഡ് ഫാദറിന്റെ സഹായത്തോടെ 23ാം വയസ്സിൽ റാപ്പ് രംഗത്തേക്ക് കടുന്നുവന്ന മൂസെവാല ഇതിനകം കോടികളുടെ സ്വത്ത് സമ്പാദിച്ച് കഴിഞ്ഞു. ഗാർഡിയൻ ടോപ്പ് 15 അപ്കമിങ്ങ് ആർട്ടിസ്റ്റുകളെ വിലയിരുത്തിയതിൽ ഇദ്ദേഹവും ഉണ്ടായിരുന്നു. റെയ്ക്ക്, റിക്രോസ്സ് തുടങ്ങിയ വേൾഡ് ഫേമസ് റാപ്പിസ്റ്റുകളമായുള്ള ബന്ധം വഴി, ഇന്ത്യൻ റാപ്പിനെ ആഗോള മേഖലയിൽ എത്തിക്കാൻ സിദ്ദുവിനായി. ഇവരുമായി ചേർന്ന ചില പ്രൊജക്റ്റുകൾ ആലോചിക്കുമ്പോഴാണ് മരണം എത്തിയത്.

പക്ഷേ പഞ്ചാബിൽ സംഗീതലോകത്ത് ചോരപ്പുഴ ഒഴുകുന്നത് ഇത് ആദ്യത്തെ സംഭവം ഒന്നുമല്ല. 96ൽ ദിൽഷാദ് അക്ത്തർ എന്ന ഗായകന്റെ കൊലപാതകത്തോടെയാണ് അത് തുടങ്ങുന്നത്. അമർസിങ്ങ് ചെങ്കീല എന്ന ഗായകനെ വെറും 28 വയസ്സള്ളപ്പോഴാണ് വെടിവെച്ച് കൊന്നത്. ഇപ്പോൾ സിദ്ദുമൂസെവാലയുടെ കൊലയും ഗ്യാങ്ങ്സ്റ്റർ റാപ്പിസ്റ്റുകളുടെ കുടിപ്പക മൂലം ഉണ്ടായതാണെന്നാണ് പൊലീസ് വിലയിരുത്തൽ. നേരത്തെ വിക്രംജിത്ത് സിങ്ങ് എന്ന പ്രാദേശിക ഡോൺ കൊല്ലപ്പെട്ടിരുന്നു. ഈ മരണത്തിൽ മൂസൈവാലയുടെ മാനേജർക്ക് പങ്കുണ്ടെന്നായിരുന്നു ആരോപണം. ഇതേ തുടർന്നുണ്ടായ പകയാണ് കൊലയിൽ കലാശിച്ചത് എന്നാണ് പൊലീസ് നിഗമനം.

പിന്നിൽ ലോറൻസ് ബിഷ്ണോയി സംഘം

അതിനിടെ മൂസെവാലയുടെ കൊലപാതകം ആസൂത്രണം ചെയ്തത് തിഹാർ ജയിലുള്ള ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയിയാണെന്ന് ഡൽഹി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊല നടത്തിയ സംഘവുമായി നേരിട്ട് ബന്ധമുള്ള മഹാകാൾ എന്ന പ്രതിയെ മഹാരാഷ്ട്ര പൊലിസും ഡൽഹി പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഗുഡാലോചന ചുരുളഴിഞ്ഞത്.

നമ്മുടെ നാട്ടിൽനിന്ന് വ്യത്യസ്തമായ തീർത്തും അഭ്യസ്തവിദ്യരാണ് പഞ്ചാബിൽ ഗുണ്ടാസംഘങ്ങളിലേക്കും മറ്റും എത്തിപ്പെടുന്നവർ. പഞ്ചാബിലെ ഫിറോസ്പുർ ജില്ലയിൽ ധട്ടറൺവാലിയിലെ ഭേദപ്പെട്ട ഒരു കുടുംബത്തിലായിരുന്നു ലോറൻസ് ബിഷ്‌ണോയിയുടെ ജനനം. പൊലീസ് കോൺസ്റ്റബിൾ ലാവിൻഡർ സിങ് ബിഷ്‌ണോയിയുടെയും സുനിത ബിഷ്‌ണോയിയുടെയും മൂത്ത മകനായി ജനിച്ച ലോറൻസ് എങ്ങനെയാണു രാജ്യത്തെ നോട്ടോറിയസ് ക്രിമിനൽ ആയത് ഒരു നടുക്കുന്ന കഥയാണ്.

ഭഗത് സിങിന്റെ വലിയ ആരാധകനായിരുന്നു ബിഷ്‌ണോയി. 2011 ലാണ് ഇയാൾ തന്റെ പൊളിറ്റിക്കൽ യാത്ര ആരംഭിക്കുന്നത്. ചണ്ഡീഗഡിലെ ഡി എ വി കോളേജിൽ പഠിക്കുന്ന കാലത്താണ് പൊളിറ്റിക്‌സിൽ ഇറങ്ങുകയും, സ്റ്റുഡന്റ് ഓർഗനൈസേഷൻ ഓഫ് പഞ്ചാബ് യൂണിവേഴ്സിറ്റി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം ഉണ്ടാക്കുകയും ചെയ്തു. എന്നാൽ ആ തിരഞ്ഞെടുപ്പിൽ തോറ്റ ബിഷ്‌ണോയി ചെയ്തത് തോക്ക് എടുത്ത് ആകാശത്തേക്ക് ഫയർ ചെയ്യുകയാണ്. ഇതായിരുന്നു അയാൾ ലൈം ലൈറ്റിൽ വന്ന ആദ്യ വിഷയം. .പിന്നീട് തുടർച്ചയായി എതിർ പാർട്ടികളുമായി ബിഷ്‌ണോയി തല്ലുണ്ടാക്കി കൊണ്ടിരുന്നു, അങ്ങനെ ആദ്യ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു.

2010 ൽ കൊലപാതക ശ്രമത്തിന്റെ പേരിൽ ബിഷ്‌ണോയിക്കെതിരെ എതിർ പാർട്ടികൾ കേസ് നൽകി. അങ്ങനെ അടുത്ത വൃത്തങ്ങൾക്കിടയിൽ ബിഷ്‌ണോയി അറിയപ്പെട്ടു. അതിനു ശേഷം അയാൾ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അടുത്ത വർഷം തന്നെ ഗുണ്ടാ കേസുകളിൽ പ്രതിയായി. കോടതിയിൽ ഹാജരാക്കുന്നതിനിടെ ബിഷ്‌ണോയി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് നേപ്പാളിലേക്ക് കടന്നു കളഞ്ഞു. തന്റെ ഗാങ് ശക്തമാക്കാനും ആയുധങ്ങൾ വാങ്ങിക്കാനും ബിഷ്‌ണോയി നേപ്പാളിൽ കുറച്ച് കാലം നിന്നു. ഈ സമയത്താണ് പഞ്ഞാബിലെ ഗ്യാങ്്സ്റ്റർ റാപ്പിസ്റ്റുകളുമായി ബന്ധപ്പെടുന്നത്. അവരുടെ സംരക്ഷണം ബിഷ്ണോയി ഏറ്റെടുത്തു.

ക്രിമിനലിൽ നിന്നും പൊളിറ്റീഷൻ ആയി മാറിയ ജസ്വിൻഡർ സിംങ്ങുമായി അടുത്ത ബന്ധം ഉയാൾക്കുണ്ട്. ഇന്ന് രാജ്യത്തെ ഏറ്റവും നോട്ടോറിയസ്സ് ആയ ഗ്യാങിലെ ഒരാളാണ് ബിഷ്‌ണോയി. 700 ഓളം ഷാർപ് ഷൂട്ടേർസ് ഉള്ള ഇന്റർനാഷണൽ ക്രൈം സിൻഡിക്കേറ്റ് ആയി പ്രവർത്തിക്കുന്ന റിങ് ലീഡർ ആണ് ബിഷ്‌ണോയി എന്നാണ് പൊലീസ് റിപ്പോർട്ട്.

അതിനിടെ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിൽ രണ്ട് ദിവസത്തിനകം തിരിച്ചടിയുണ്ടാകുമെന്ന് ഭീഷണിവന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഗുണ്ടാ നേതവ് നീരജ് ഭവാനയുടെ പേരിലുള്ള ഫേസ്‌ബുക്ക് പ്രൊഫലിലൂടെയാണ് ഭീഷണി സന്ദേശം. നിലവിൽ ഡൽഹി ജയിലിലാണ് ഭവാനയുള്ളത്. 'സിദ്ദുമൂസെവാല ഹൃദയമായിരുന്നു,രണ്ട് ദിവസത്തിനകം തിരിച്ചടി ഉണ്ടാകും എന്നാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. ഫേസ്‌ബുക്കിൽ സ്റ്റോറിയായി ഭീഷണി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡൽഹിയിലെ വലിയ ഗുണ്ടാ നേതാവാണ് നീരജ് ഭവാന. ഇയാളുടെ സംഘങ്ങളായ ടില്ലു തക്പുരിയ, കൗശൽ ഗുരുഗ്രാം, ദവീന്ദർ ഭാമിയ എന്നിവരെയും ടാഗ് ചെയ്തിട്ടുണ്ട്. ഭീഷണി പുറത്തുവന്നതോടെ പൊലീസ് ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്.

മൂസെവാലയെ വെടിവച്ച സംഘത്തിലെ പ്രധാനിയായ സന്തോഷ് ജാദവിനെയും പൊലീസ് പൂണെയിൽ നിന്ന് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ പഞ്ചാബ് സർക്കാർ നേരത്തെ ജൂഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പ്രമുഖരുടെ സുരക്ഷ കുറച്ചതിൽ ഹൈക്കോടതിയിൽ നിന്നും സർക്കാരിന് രൂക്ഷമായ വിമർശനവും കിട്ടിയിരുന്നു.. കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. മൂസെവാലയുടെ കുടുംബത്തെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സന്ദർശിച്ചിരുന്നു.

അടുത്ത ടാർജെറ്റ് സൽമാൻഖാൻ

സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന് പിന്നാലെ ബോളിവുഡ് താരം സൽമാൻ ഖാന്റെ സുരക്ഷയും പൊലീസ് ശക്തമാക്കി പൊലീസ്. മൂസെവാല കൊലപാതകത്തിന് പിന്നിൽ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയിയും സംഘവുമാണെന്ന് സൂചന ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് നീക്കം.നേരത്തെ ബിഷ്ണോയി സംഘം സൽമാൻ ഖാനെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു. താരത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ അപ്പാർട്ടമെന്റിലും സമീപ പ്രദേശത്തും പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സൽമാനെ ജോധ്പൂരിൽ വച്ച് കൊല്ലുമെന്നായിരുന്നു ബിഷ്ണോയി പറഞ്ഞിരുന്നത്.

ബിഷ്ണോയി സമൂഹം വിശുദ്ധമൃഗങ്ങളായി കാണുന്ന കൃഷ്ണ മൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തിലായിരുന്നു വധഭീഷണി. ഈ കേസിൽ സൽമാൻ കുറ്റക്കാരനെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്ന സംഘത്തിലെ ഒരാളായ സുന്നി എന്ന രാഹുൽ, കൊലപാതക കേസിൽ 2020ൽ അറസ്റ്റിലായിരുന്നു.

സൽമാനെ കൊലപ്പെടുത്താനാണ് മുംബൈയിൽ എത്തിയതെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ നിന്നും കണ്ടെത്തിയതായി ഡിസിപി രാജേഷ് ദുഗ്ഗൽ പറഞ്ഞു. അതേസമയം നടൻ സൽമാൻ ഖാനെയും പിതാവ് സലീം ഖാനെയും വധിക്കുമെന്ന ഊമക്കത്ത് എഴുതിയത് തന്റെ ആളുകളല്ലെന്ന് ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയ് വെളിപ്പെടുത്തി. തീഹാർ ജയിലിലുള്ള ബിഷ്‌ണോയിയെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് അദ്ദേഹം തന്റെ പങ്ക് നിഷേധിച്ചത്. കത്തിൽ എൽ ബി എന്ന് എഴുതിയത് ലോറൻസ് ബിഷ്‌ണോയിയുടെ ചുരുക്കപ്പേരാണെന്ന സംശയത്തിലായിരുന്നു ചോദ്യം ചെയ്യൽ.പഞ്ചാബിൽ കൊല്ലപ്പെട്ട ഗായകൻ മൂസെവാലയുടെ ഗതി വരുമെന്നായിരുന്നു സൽമാന്റെ വീടിന് മുന്നിൽ നിന്ന് ലഭിച്ച കത്തിലെ ഭീഷണി. പിന്നാലെ സൽമാന്റെ മുംബൈയിലെ വസതിക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിരുന്നു. അതായത് പഞ്ചാബിലെ അഭ്യസ്തവിദ്യരായ ഗ്യാങ്ങ്സ്റ്റർ റാപ്പിസ്്റ്റുകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഇന്ത്യമുഴുവൻ പടരുകയാണ്.


ആപ്പ് സർക്കാരും പ്രതിസന്ധിയിൽ

ഗ്യാങ്ങ്സ്റ്റർ റാപ്പിസ്റ്റുകളെ ഒതുക്കുന്നതിനും പഞ്ചാബിലെ തോക്ക്-ലഹരി സംസ്‌ക്കാരം അവസാനിപ്പിക്കുന്നതിനുമെല്ലാം, പൊലീസിന്റെ കടുത്ത നടപടികൾ കൊണ്ട് മാത്രം കഴിയില്ല എന്ന് വ്യക്തമാണ്. യുവാക്കളുടെയും കൗമാരക്കാരുടെയും ചിന്താധാരകളിൽ കാര്യമായ മാറ്റം വരണം. മദ്യപാനവും, മയക്കുമരുന്നും പഞ്ചാബിൽ എങ്ങനെ ഈ രീതിയിൽ വ്യാപിച്ചുവെന്നതിന് പല സാമൂഹിക പഠനങ്ങളും നടക്കുന്നത്. ചെറുപ്പക്കാർ വഴി തെറ്റാതിരിക്കുന്നതിനുള്ള സാമുഹിക ബോധവത്ക്കരണങ്ങൾ പല സംഘടനകളും നടത്തുന്നുണ്ട്. റാപ്പ് സംഗീതമൊക്കെയാവാം, അതിൽ അഡിക്റ്റ് ആവരുത്, മറ്റ് ക്രമിനൽ പ്രവർത്തികളിലേക്ക് പോകരുത് എന്ന കൃത്യമായ ബോധവത്ക്കരണം സർക്കാർ തലത്തിൽ അടക്കം നടക്കുന്നുണ്ട്.

മറ്റൊന്ന് അമരീന്ദർ സിങ്ങ് സർക്കാറിന്റെ കാലം തൊട്ട് കഴിഞ്ഞ മൂന്നാലുവർഷമായി മയക്കുമരുന്നിനെതിരെ അതിശക്തമായ കാമ്പയിനാണ് പഞ്ചാബ് നടത്തുന്നത്. ഇത് കാര്യമായ ഫലം കണ്ടിട്ടുണ്ട്. പാക്കിസ്ഥാനിൽനിന്ന് പഞ്ചാബ് അതിർത്തിവഴി എത്തുന്ന ഓപ്പിയം മാഫിയയുടെ വേര് അറുക്കാൻ കേന്ദ്ര ഏജൻസികൾക്കും അയിട്ടുണ്ട്. അതുകൊണ്ടുതന്നെ മയക്കുമരുന്ന് ഉപയോഗത്തിൽ കാര്യമായ കുറവ് വരുത്താൻ, കഴിഞ്ഞ മൂന്നാല് വർഷം കൊണ്ട് ആയിട്ടുണ്ട്.

കേരളവുമായി ഏറെ സാമ്യങ്ങൾ ഉള്ള സ്ഥലമാണ് പഞ്ചാബ്. രണ്ടു സംസ്ഥാനത്തും ജനങ്ങളിൽ സാമ്പത്തിക പുരോഗതിയും വിദ്യാഭ്യാസ പുരോഗതിയുമുണ്ട്. എന്നാൽ ഇരു സംസ്ഥാനങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുമാണ്. നിലവിൽ 2.82 ലക്ഷം കോടി രൂപയുടെ കടബാദ്ധ്യതയാണ് പഞ്ചാബിനുള്ളത്. ഇതിന് പിന്നാലെയാണ് ആം ആദ്മി സർക്കാർ നിരവധി സൗജന്യങ്ങൾ പ്രഖ്യാപിച്ചത്. വീടുകൾക്ക് ഓരോന്നിനും പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതിയും ഓരോ സ്ത്രീക്കും 1,000 രൂപ ധനസഹായവും. എന്നാൽ ഈ രണ്ട് വാഗ്ദ്ധാനങ്ങൾ നിറവേറ്റാൻ മാത്രം 20,600 കോടി രൂപ കണ്ടെത്തേണ്ടി വരുമെന്ന് കണക്കാക്കുന്നു. ഇതിന് പുറമേ സ്ത്രീകൾക്കുള്ള ആയിരം രൂപ ധനസഹായം നൽകണമെങ്കിൽ 15,600 കോടി രൂപ കൂടി കണ്ടെത്തണം. പഞ്ചാബിൽ പതിനെട്ട് വയസിന് മുകളിൽ 1.3 കോടി സ്ത്രീകളുണ്ട്. 2013 വരെ പഞ്ചാബിൽ റവന്യൂ മിച്ചമുള്ള സംസ്ഥാനമായിരുന്നു.2017ൽ കോൺഗ്രസ് പഞ്ചാബിൽ അധികാരത്തിൽ എത്തിയപ്പോൾ 1.82 ലക്ഷം കോടി രൂപ കടബാദ്ധ്യത ഉണ്ടായിരുന്നത് ഇപ്പോൾ 2.82 ലക്ഷം കോടിയായി ഉയർന്നു. ഇപ്പോൾ വരുമാനത്തിന്റെ 20 ശതമാനം കടങ്ങൾ വീട്ടുന്നതിനായിട്ടാണ് പഞ്ചാബ് ചെലവഴിക്കുന്നത്.

ഈ ഒരു സാഹചര്യത്തിൽ ചെലവ് ചുരുക്കാൻ എന്നപേരിൽ ആം ആദ്മി സർക്കാർ നടപ്പാക്കുന്ന പല പരിപാടികളും ഫലത്തിൽ തിരിച്ചടിായവുമെന്ന് ആശങ്കയുണ്ട്. ചെലവ് ചുരുക്കുന്നതിന്റെയും വിഐപി സംസ്‌ക്കാരം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് സിദ്ദു മൂസേവാല അടക്കമുള്ള നാനൂറോളം പേരുടെ സുരക്ഷ പിൻവലിച്ചതെന്നാണ് പഞ്ചാബ് സർക്കാർ പറഞ്ഞിരുന്നു. സിദ്ദു കൊല്ലപ്പെട്ടതോടെ വലിയ പ്രതിഷേധമാണ് സർക്കാറിനെതിരെ കൊണ്ടുവന്നത്. അതുപോലെ ക്യാപറ്റൻ അമരീന്ദർ സിങ്് മുഖ്യമന്ത്രിയായിരുന്നപ്പോൾ, പൊലീസിന്് വൻ അധികാരങ്ങൾ നൽകിയയും, കോടികൾ ചെലവിട്ട് ആയുധവത്ക്കരിച്ചുമാണ് മയക്കുമരുന്ന് മാഫിയയയെ നിയന്ത്രിച്ചത്. ആ ആദ്മിയുടെ ചെലവ് ചുരുക്കൽ നയം, ഇത്തരം മാഫിയകൾക്ക് ഗുണം ചെയ്യുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

ചരുക്കിപ്പറഞ്ഞാൽ സിദ്ദു മൂസേവാലയുടെ കൊലപാതകം കൊണ്ട്, പഞ്ചാബിലെ ആം ആദ്മി സർക്കാരും പ്രതിസന്ധിയിലാണ്.

വാൽക്കഷ്ണം:ഞ്ചാബിലെ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ആം അദ്മി നേതാവും, മുഖ്യമന്ത്രിയുമായ ഭഗവന്ത് സിങ്് മാൻ. കനത്ത മദ്യപാനത്തിന്റെ പേരിൽ പെഗ്വന്ത് സിങ്് മാൻ എന്നായിരുന്നു ഇയാൾ അടുത്തകാലംവരെ അറിയപ്പെട്ടിരുന്നത്! പാർലിമെന്റിൽ മദ്യപിച്ച് ഉറങ്ങിപ്പോയത്, പൂസായി പൊതുയോഗത്തിൽ അസംബന്ധം പറഞ്ഞത് തൊട്ടുള്ള നിരവധി കഥകൾ ഇദ്ദേഹത്തിന്റെതായിട്ടുണ്ട്. ഇപ്പോൾ ഇനി മദ്യപിക്കില്ല എന്ന ഉറപ്പിലാണത്രേ കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം കൊടുത്തത്. മുഖ്യമന്ത്രി തന്നെ ഇങ്ങനെയായാൽ, ബാക്കിയുള്ളവരുടെ അവസ്ഥ എന്താകും!