- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അനാവശ്യ ലഗേജുമായി നടക്കാൻ താൽപ്പര്യമില്ലെന്ന കളിയാക്കൽ പൂജാരയ്ക്ക് കൊണ്ടത് പരാതിയായി; ഇംഗ്ലണ്ടിൽ പുറത്തിരുത്തിയപ്പോൾ അശ്വിനും നീതികേടിൽ തിളച്ചു; രോഹിത്തിന്റെ ഓപ്പണിങ്ങിലെ മികവും സീനിയേഴ്സിനെ ഒരുമിപ്പിച്ചു; വിരാട് കോലിക്ക് വിനയായത് ഗാംഗുലിയുടെ കോപം
ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റിൽ കോലിയുടെ അപ്രമാദിത്തത്തിന് തടയിടാനുള്ള ബിസിസിഐ തീരുമാനത്തിന് പിന്നിൽ മുതിർന്ന താരങ്ങളുടെ പരാതി. ഇന്ത്യൻ ക്യാപ്ടനെതിരെ പരാതിയുമായി ആദ്യം ബിസിസിഐയെ സമീപിച്ചത് ചേതേശ്വർ പൂജാരയാണെന്നാണ് സൂചന. ഇതിന് പിന്നാലെ അശ്വിൻ അടക്കമുള്ള മുതിർന്ന താരങ്ങളും രംഗത്ത് എത്തി. മുതിർന്ന താരങ്ങളുടെ പിന്തുണ നഷ്ടമായതാണ് ഇന്ത്യൻ ടീമിൽ കോലി ഒറ്റപ്പെടാനുള്ള സാധ്യത. പരിശീലക സ്ഥാനത്ത് നിന്ന് രവിശാസ്ത്രിയെ മാറ്റി ടീമിൽ പിടിമുറുക്കാനാണ് ബിസിസിഐയുടെ തീരുമാനം. ഇന്ത്യൻ ക്രിക്കറ്റിലെ ഒന്നാമൻ കോലിയല്ലെന്നും ബിസിസിഐയാണെന്നുമുള്ള സന്ദേശം നൽകും.
ടീം സെലക്ഷനിൽ അടക്കം ബോർഡിന്റെ തീരുമാനങ്ങൾ കോലി അംഗീകരിക്കുന്നില്ലെന്നാണ് പരാതി. ന്യൂസിലണ്ട് പര്യടനത്തോടെയാണ് ഭിന്നത രൂക്ഷമാകുന്നത്. ടീം മീറ്റിങ്ങിനിടെ പൂജാരയുടെ ഡിഫൻസീവ് ബാറ്റിനെ കോലി വിമർശിച്ചിരുന്നു. അനാവശ്യ ലഗേജുമായി നടക്കാൻ താൽപ്പര്യമില്ലെന്ന തരത്തിൽ കടന്നാക്രമണവും നടത്തി. ക്രീസിൽ നിലയുറപ്പിച്ച് പൂജാര സാവധാനം റൺ നേടുമ്പോൾ ഇന്ത്യൻ ബാറ്റിങ് നിരയാകെ സമ്മർദ്ദത്തിലാകുന്നുവെന്നതായിരുന്നു കോലിയുടെ പരമാർശം എന്നാണ് സൂചന. എന്നാൽ തന്നെ സ്വന്തം ശൈലിയിൽ കളിക്കാൻ അനുവദിക്കണമെന്ന് പൂജാരയും പറഞ്ഞു. ടീം മീറ്റിങ്ങിലെ കോലിയുടെ കടന്നാക്രമണം ബിസിസിഐയുടെ ശ്രദ്ധയിൽ പൂജാര പെടുത്തിയിരുന്നു. ഇംഗ്ലണ്ടിൽ ടീം എത്തിയപ്പോൾ പരാതികൾക്ക് പുതിയ മാനം വന്നു.
ഇന്ത്യയുടെ പ്രധാന ബൗളറാണ് ആർ അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി തിളക്കമുള്ള ഓൾറൗണ്ടർ. എന്നിട്ടും അശ്വിനെ ഒരു ടെസ്റ്റിൽ പോലും കോലി കളിപ്പിച്ചില്ല. ബിസിസിഐയെ പോലും ഇതു ഞെട്ടിച്ചു. അശ്വിനെ കളിപ്പിച്ചിരുന്നുവെങ്കിൽ ഇംഗ്ലണ്ടിൽ കൂടുതൽ ആധികാരിക നേട്ടങ്ങൾ ഇന്ത്യൻ ടെസ്റ്റ് ടീമിനുണ്ടാകുമായിരുന്നുവെന്ന വിലയിരുത്തൽ ബിസിസിഐയ്ക്കും ഉണ്ട്. കളിക്കാനാകാത്തതിൽ അശ്വിനും നിരാശനാണ്. ഇത് ബിസിസിഐയെ താരം അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് രോഹിത് ശർമ്മയ്ക്കെതിരായ കോലിയുടെ നീക്കങ്ങളും. ഈ സാഹചര്യത്തിലാണ് കോലി ടീമിൽ ഒറ്റപ്പെട്ടതും 20-20 നായകസ്ഥാനം രാജിവച്ചതും.
ബിസിസിഐയുടെ അധ്യക്ഷൻ സൗരവ് ഗാംഗുലിയാണ്. സെക്രട്ടറി അമിത് ഷായുടെ മകൻ ജയ്ഷായും. ഇവർക്ക് പോലും ടീമിൽ സ്വാധീനമില്ലെന്ന സ്ഥിതിയിലേക്ക് കോലി കാര്യങ്ങളെത്തിച്ചിരുന്നു. സീനിയേഴ്സിന്റെ പരാതി കിട്ടിയതോടെ നടപടികളും തീരുമാനവും എടുക്കാൻ സൗരവ് ഗാംഗുലി തീരുമാനിച്ചു. അനിൽകുംബ്ലയേയോ വിവി എസ് ലക്ഷ്മണിനേയോ കോച്ചാക്കി ടീമിൽ പിടിമുറുക്കാനാണ് ഗാംഗുലിയുടെ തീരുമാനം. ഇതാണ് കോലിക്ക് വിനയാകുന്നതും. മറ്റൊരു അധികാര കേന്ദ്രം കൂടി കോലി ഐപിഎൽ ക്യാപ്ടൻ പദവി ഒഴിയുന്നതോടെ ഉണ്ടാകും. ഇതിന് വേണ്ടിയുള്ള ബിസിസിഐയുടെ സമ്മർദ്ദം ഫലം കണ്ടതിന്റെ സൂചനയാണ്
ട്വന്റി20 ഫോർമാറ്റിലെ നായക സ്ഥാനം ഒഴിയുന്നതു സംബന്ധിച്ച് വിരാട് കോലിയും ബിസിസിഐയും തമ്മിൽ നടത്തിയ ആശയവിനിമയത്തിൽ വിടവുണ്ടായതായി (കമ്മ്യൂണിക്കേഷൻ ഗ്യാപ്) തോന്നുന്നെന്നുവെന്ന് മുൻ ഇന്ത്യൻ സിലക്ടർ സന്ദീപ് പാട്ടീലും പറഞ്ഞിരുന്നു. വർക്ക്ലോഡ് കുറയ്ക്കുന്നതിന്റെ ഭാഗമായി നവംബറിൽ അവസാനിക്കുന്ന ട്വന്റി20 ലോകകപ്പിനു ശേഷം ട്വന്റി20 ഫോർമാറ്റിലെ നായക സ്ഥാനം ഒഴിയുമെന്നു വിരാട് കോലി സമൂഹ മാധ്യമത്തിലൂടെ നേരത്തേ അറിയിച്ചിരുന്നു. വൈസ് ക്യാപ്റ്റൻ രോഹിത് ശർമ കോലിക്കു പകരം ചുമതല ഏറ്റെടുത്തേക്കും എന്നാണു റിപ്പോർട്ടുകൾ.
'വിരാട് കോലിയും ബിസിസിഐയും തമ്മിലുള്ള ആശയ വിനിമയത്തിൽ വലിയ വിടവുണ്ടായെന്നു കരുതുന്നു. കോലി ഒന്നു പറയുന്നു, ബിസിസിഐ മറ്റൊന്നും. ഇന്ത്യയ്ക്കു വേണ്ടത് ഇതല്ല. ട്വന്റി20യിലെ നായക സ്ഥാനം ഒഴിയുക എന്നതു പൂർണമായും കോലിയുടെ തീരുമാനമാണ്. ഇതു ബിസിസിഐ അംഗീകരിക്കുകയാണു വേണ്ടത്' 1983 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്ന പാട്ടീൽ വിശദീകരിച്ചിരുന്നു. കോലിയുടെ പിൻഗാമിയാകാൻ ഏറ്റവും യോഗ്യൻ രോഹിത് ശർമ ആയിരിക്കുമെന്നു 2012 മുതൽ 2016 വരെ ബിസിസിഐ സിലക്ഷൻ കമ്മിറ്റി തലവൻകൂടിയായിരുന്ന പാട്ടീൽ അഭിപ്രായപ്പെട്ടു.
ക്യാപ്റ്റൻ എന്ന നിലയിലുള്ള ആദ്യ ഐസിസി ട്രോഫി ലക്ഷ്യമിട്ടാകും ട്വന്റി20 ലോകപ്പിൽ കോലി ഇറങ്ങുക. പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെതിരെ ഒക്ടോബർ 24നാണ് ട്വന്റി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ഇവിടെ പിഴച്ചാൽ കോലിയുടെ ക്യാപ്ടൻസിയിൽ വലിയ ചോദ്യങ്ങൾ ഉയരും. ടെസ്റ്റിലേക്കും പുതിയ ക്യാപ്ടനെ കൊണ്ടു വരുന്നത് ബിസിസിഐയുടെ പരിഗണനയിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ