- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോഡൗൺ നിറയെ കഞ്ചാവ്; ആവശ്യത്തിന് എടുക്കും, തിരിച്ചുവയ്ക്കും; അതും പൊലീസ് അകമ്പടിയോടെ; കേരളത്തിന്റെ കഞ്ചാവ് കലവറയായി പേരൂർക്കട എസ്എപി ക്യാംപ്
തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും കൂടുതൽ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നത് എവിടെയെന്ന് ചോദിച്ചാൽ അതിനൊരു ഉത്തരമേ ഉള്ളു. പേരൂർക്കടയിലെ എൻഡിപിഎസ് ഗോഡൗൺ. ഏതെങ്കിലും കള്ളക്കടത്ത് സംഘത്തിന്റെ രഹസ്യഗോഡൗണാണെന്ന് കരുതി ആവശ്യക്കാർ ഇവിടേയ്ക്ക് ഓടിച്ചെല്ലണ്ട. പേരൂർക്കട എസ്എപി ക്യാംപിലെ ഗോഡൗൺ ആണിത്. കഞ്ചാവ് കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇവിടം.
എവിടെ നിന്നാണ് ഇത്രയധികം കഞ്ചാവെന്നല്ലേ? 2002 മുതലുള്ള കേസുകളിൽ തൊണ്ടിയായി തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളിൽ നിന്ന് പിടിച്ചെടുത്ത കഞ്ചാവാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. പാലക്കാട് കഞ്ചിക്കോട്ടെ മലബാർ സിമന്റ്‌സിന്റെ ഇൻസിനറേറ്ററിൽ എത്തിച്ചു, കത്തിച്ചുകളയാനാണു നിർദേശമെങ്കിലും കോടതി നടപടികളും നിയമ നൂലാമാലകളും അവസാനിക്കാത്തതിനാൽ കത്തിക്കൽ കാര്യമായി നടന്നിട്ടില്ല.
പിടികൂടുന്ന കഞ്ചാവിന്റെ അളവ് കുത്തനെ വർധിച്ചതോടെയാണ് ഗോഡൗൺ നിറഞ്ഞ് കവിഞ്ഞത്. ഓരോ കേസ് വരുമ്പോഴും എടുക്കുകയും തിരിച്ചു വയ്ക്കുകയും ചെയ്യുമെന്നതിനാൽ ഗോഡൗണിൽ ആകെ എത്ര അളവുണ്ടെന്നറിയുക ദുഷ്‌കരമാണ്. വെന്റിലേഷൻ ഇല്ലാത്ത മുറിയിൽ സൂക്ഷിച്ചിരിക്കുന്നതിനാൽ എലിയോ, പാറ്റയോ കടക്കാൻ സാധ്യതയില്ല. എങ്കിലും എലി തിന്ന ചില കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കേസിന്റെ വിചാരണ പൂർത്തിയായെങ്കിൽ മാത്രമേ തൊണ്ടിമുതൽ നശിപ്പിക്കാൻ പാടുള്ളൂ. എന്നാൽ വിചാരണ തീരുന്നത് വരെ കാക്കേണ്ടെന്ന സുപ്രീംകോടതി നിർദ്ദേശം 2014 ൽ വന്നതോടെയാണ് 2017 മുതൽ ഇത്തരം സാധനങ്ങൾ കത്തിക്കാൻ തുടങ്ങിയത്.
അതീവ സുരക്ഷയോടെയാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. ഓരോ കേസിലും പിടികൂടിയ കഞ്ചാവ് പ്രത്യേകം പായ്ക്കറ്റുകളിലാക്കി നമ്പരിട്ട് സീൽ വച്ചാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. കത്തിക്കാനുള്ള കഞ്ചാവ് കൃത്യം അളവെടുത്താണ് പാലക്കാട്ടേയ്ക്ക് അയയ്ക്കുന്നതും.
മറുനാടന് മലയാളി ബ്യൂറോ