- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് എന്റെ പൊതിയാണ് സാറേ.. ഇതിൽ കഞ്ചാവാണ്; മദ്യലഹരിയിൽ വഴിയേ പോയ എക്സൈസ് ഉദ്യോഗസ്ഥർക്ക് അങ്ങോട്ട് ചെന്ന് പിടി കൊടുത്ത് കഞ്ചാവ് വിൽപനക്കാരൻ; കണ്ടെടുത്തത് 25 പാക്കറ്റ്; കയ്യോടെ പൊക്കിക്കൊണ്ടുപോയി എക്സൈസ്
മലപ്പുറം: 'ഇത് എന്റെ പൊതിയാണ് സാറേ.. ഇതിൽ കഞ്ചാവാണ്', മദ്യവും കഞ്ചാവും കഴിച്ച് പൂസായ കഞ്ചാവ് കച്ചവടക്കാരൻ എക്സൈസ് ഉദ്യോഗസ്ഥർക്ക് അങ്ങോട്ട് ചെന്ന് കഞ്ചാവ് കൊടുത്ത് കീഴടങ്ങി. കയ്യോടെ പൊക്കിക്കൊണ്ടുപോയി എക്സൈസും. മലപ്പുറം വണ്ടൂരിലാണ് സംഭവം.
മലപ്പുറം പൊന്മള പള്ളിപ്പടി സ്വദേശിയായ അരൂർ തൊടിക ഹനീഫ ആണ് മദ്യലഹരിയിൽ എക്സൈസിന് മുന്നിൽ കീഴടങ്ങിയത്. മദ്യപിച്ച് സ്വബോധം നഷ്ടപെട്ട ഇയാൾ എക്സൈസിനെ കണ്ട് അങ്ങോട്ട് പോയി കഞ്ചാവ് സഹിതം കീഴടങ്ങുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
എക്സൈസ് ജീപ്പിന് മുമ്പിൽ ഇരുകാലിൽ നിൽക്കാൻ കഴിയാതെ ആടിയുലഞ്ഞാണ് ഹനീഫ എത്തിയത്. 'ഇത് എന്റെ പൊതിയാണ്, ഇതിൽ കഞ്ചാവ് ആണ്'. അമ്പരന്ന ഉദ്യോഗസ്ഥർ ഹനീഫയോട് എത്ര ഗ്രാം കഞ്ചാവുണ്ടെന്ന് ചോദിച്ചപ്പോൾ അത് ഇപ്പൊ സാർ തന്നെ നോക്കണം എന്നായിരുന്നു മറുപടി. ഇത് എവിടെ നിന്നാണെന്ന അടുത്ത ചോദ്യത്തിന് സ്വന്തമായി ഉണ്ടാക്കാൻ ഒന്നും പറ്റില്ലല്ലോ.. മഞ്ചേരിയിൽ നിന്നാണെന്നും മറുപടി. എക്സൈസുകാർക്ക് കൂടുതൽ ചോദിക്കേണ്ടി വന്നില്ല. ഇതിനകം തന്നെ ഹനീഫ വസ്ത്രത്തിൽ ഒളിപ്പിച്ച 25 പാക്കറ്റ് കഞ്ചാവ് എക്സൈസ് ഉദ്യോഗസ്ഥരെ എൽപ്പിക്കുകയായിരുന്നു.
കഞ്ചാവ് വിൽപ്പനക്കായാണ് ഇയാൾ വണ്ടൂർ പൂക്കുളത്തെത്തിയത്. പൂക്കുളത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി ആയിരുന്നു കഞ്ചാവ് കൊണ്ട് വന്നത്. എക്സൈസ് ഓഫീസിന് അടുത്തുള്ള പൂക്കുളത്തെ ഒരു ഇതര സംസ്ഥാന ക്യാമ്പിൽ ലഹരി വിൽപന നടക്കുന്നുണ്ട് എന്ന് വിവരം ലഭിച്ചതോടെ ഇത് അന്വേഷിക്കാൻ എക്സൈസ് സംഘം എത്തിയപ്പോഴായിരുന്നു നാടകീയ രംഗങ്ങൾ അരങ്ങേറിയത്. എക്സൈസ് സംഘത്തിന്റെ ജീപ്പിന് അരികിലേക്ക് മദ്യപിച്ചു ബോധം നഷ്ടപ്പെട്ടാണ് ഇയാൾ എത്തിയത്. ഇയാളെ പരിശോധിച്ചപ്പോൾ 22 ചെറിയ പാക്കറ്റ് കഞ്ചാവ് കണ്ടെത്തി. ഇത് ക്യാമ്പിൽ വിതരണം ചെയ്യാൻ കൊണ്ട് വന്നതാണ് എന്നും സമ്മതിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്