- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലുവർഷത്തിനിടെ കേരളത്തിലേക്ക് കടത്തിയത് ആയിരക്കണക്കിന് കിലോ കഞ്ചാവ്; വിതരണത്തിന്റെ മുഖ്യകേന്ദ്രം ആന്ധ്രയിലെ പാഡേരു ഗ്രാമം; കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനപ്രതി അമ്മായി റസൽ തോപ്രാംകുടിയിലെ ഒളിസങ്കേതത്തിൽ നിന്ന് പിടിയിൽ
ആലുവ :കേരളത്തിലേക്ക് കഞ്ചാവെത്തിച്ച് വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനപ്രതി പിടിയിൽ. ഇടുക്കി തൊടുപുഴ കുമ്മൻകല്ല് തൊട്ടിയിൽ വീട്ടിൽ റസ്സൽ ( അമ്മായി റസൽ 36 ) എന്നയാളെയാണ് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ആയിരക്കണക്കിന് കിലോ കഞ്ചാവാണ് മൂന്നു നാലു വർഷത്തിനുള്ളിൽ ഇയാൾ കേരളത്തിലെത്തിച്ച് വിതരണം നടത്തിയത്.
മൂന്നു ദിവസം നീണ്ടു നിന്ന പൊലീസ് ഓപ്പറേഷനൊടുവിൽ ഇടുക്കി വനമേഖലയിലെ തോപ്രാംകുടി മേലെചാന്നാർ ഭാഗത്തുള്ള ഒളിസങ്കേതത്തിൽ നിന്നുമാണ് അമ്മായി റസലിനെ സാഹസികമായി പിടികൂടിയത്. മാസങ്ങളോളം നീണ്ട നിരീക്ഷണത്തിന് ഒടുവിൽ കഴിഞ്ഞ നവംബറിൽ രണ്ട് ആഡംബരക്കാറുകളിൽ കടത്തുകയായിരുന്ന 105 കിലോ കഞ്ചാവ് അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് റൂറൽ പൊലീസ് പിടികൂടുകയുണ്ടായി. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്യത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ കഞ്ചാവ് വിതരണ ശൃംഖലയെകുറിച്ച് വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിരുന്നു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിൽ കേരളത്തിലേയ്ക്കുള്ള കഞ്ചാവ് വിതരണത്തിന്റെ പ്രധാന കേന്ദ്രം ഉത്തര ആന്ധ്രയിലുള്ള പാഡേരു എന്ന ഗ്രാമം ആണെന്ന് മനസ്സിലായി. ഇവിടെ നിന്നാണ് കേരളം, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ്, രാജസ്ഥാൻ മുതലായ സംസ്ഥാനങ്ങളിലേയ്ക്ക് കഞ്ചാവ് കയറ്റി അയക്കുന്നത്. ആന്ധ്ര കേന്ദ്രീകരിച്ചു കഞ്ചാവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മലയാളികളെപ്പറ്റി വ്യക്തമായ വിവരം അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു.
കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനികളും മൊത്ത വിതരണക്കാരുമായ ആറ് പേരെ ഇതിനോടകം അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിലെ പ്രധാനികളായ തൊടുപുഴ സ്വദേശി അൻസിൽ, പെരുമ്പിള്ളിച്ചിറ സ്വദേശി കുഞ്ഞുമൊയ്തീൻ, വെള്ളത്തോൾ സ്വദേശി ചന്തു, എന്നിവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിൽ കല്ലൂർക്കാട് ആനിക്കാട് ഭാഗത്ത് വാടകയ്ക്ക് എടുത്തിട്ടുള്ള വീട്ടിൽ റസ്സലിന്റെ നേതൃത്വത്തിൽ കഞ്ചാവ് സൂക്ഷിക്കുന്നത് സംബന്ധിച്ച് വിവരം ലഭിക്കുകയുണ്ടായി.
തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കല്ലൂർക്കാട് പൊലീസും ഡാൻസാഫ് ടീമും ചേർന്ന് വീട് കണ്ടെത്തി പരിശോധന നടത്തി ഇരുമ്പ് അലമാരയിൽ പായ്ക്കറ്റുകളിൽ ആയി സൂക്ഷിച്ചിരുന്ന 39 കിലോ വരുന്ന കഞ്ചാവ് പിടികൂടുകയായിരുന്നു. സംഭവത്തെത്തുടർന്ന് പ്രതി റസ്സൽ ഒളിവിൽ പോയി. കഞ്ചാവ് വിറ്റ് കിട്ടിയ പണവുമായി ഊട്ടി ഗോവ കുളുമണാലി തുടങ്ങി സുഖവാസ കേന്ദ്രങ്ങളിൽ ഒളിവ് ജീവിതം നയിക്കുകയായിരുന്നു ഇയാൾ.
എറണാകുളം ജില്ലയിലെ ലഹരി വ്യാപാര ശൃംഖലയെക്കുറിച്ചും വിശദമായ വിവരങ്ങൾ ഇയാളിൽ നിന്നും ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കി കൂടുതൽ അറസ്റ്റിലേക്ക് കടക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കാർത്തിക് അറിയിച്ചു. ആലുവ നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്‌പി കെ.അശ്വകുമാർ, സബ് ഇൻസ്‌പെക്ടർമാരായ റ്റി.എം.സൂഫി, വി.എ.അസീസ്സ്. എസ്.സി.പി.ഒ മാരായ ജിമ്മോൻ ജോർജ്ജ്, പി.എൻ.രതീശൻ ജില്ലാ ഡാൻസാഫ് അംഗങ്ങളായ പി.എം ഷാജി, കെ.വി.നിസാർ, റ്റി.ശ്യാംകുമാർ, വി എസ്.രഞ്ജിത്ത്, ജാബിർ, മനോജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
മറുനാടന് മലയാളി ലേഖകന്.