- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ എത്തിയാലും ഹെയർ സ്റ്റൈലും മറ്റുംമാറ്റി ആളറിയാതെ നടക്കും; സാമ്പിൾ കാണിച്ച് വില ഉറപ്പിച്ച ശേഷം വാഹനം ഉൾപ്രദേശത്തുകൊണ്ടുപോയി പാക്ക് ചെയ്ത് നൽകും; ഒരാഴ്ച നീണ്ട ഓപ്പറേഷനൊടുവിൽ പൂജപ്പുരയിൽ വച്ച് വലയിൽ; ആന്ധ്രയിൽ നിന്ന് കഞ്ചാവ് കടത്തുന്ന സംഘത്തിന്റെ ഇടനിലക്കാരൻ പിടിയിൽ
കൊച്ചി: ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘങ്ങളുടെ ഇടനിലക്കാരനായ മലയാളി യുവാവിനെ റൂറൽ പൊലീസ് പിടികൂടി. തിരുവനന്തപുരം പാളയം സായി സദനിൽ ജിജേന്ദ്രൻ (അലക്‌സ് 31) എന്നയാളെയാണ് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നവർക്ക് സാധനം എത്തിച്ചു നൽകുന്നത് ഇയാളാണ്. കഞ്ചാവ് കൃഷിചെയ്യുന്ന പഡേരു മേഖലയിൽ വൻ സ്വാധീനമുള്ളയാളാണ് അലക്‌സ്. കഞ്ചാവിനായി ആന്ധ്രയിൽ എത്തുന്നവർ ഇയാളെയാണ് സമീപിക്കുന്നത്. സാമ്പിൾ കാണിച്ച് വില ഉറപ്പിച്ച ശേഷം കേരളത്തിൽ നിന്നെത്തിയവരുടെ വാഹനവുമായി ഉൾപ്രദേശത്തു പോയി കഞ്ചാവ് പാക്ക് ചെയ്തു കൊണ്ടുവന്ന് സംഘത്തിന് വാഹനം കൈമാറുകയാണ് പതിവ്.
കേരളത്തിലേക്ക് ടൺ കണക്കിന് കഞ്ചാവാണ് ഇത്തരത്തിൽ കൈമാറിയിട്ടുള്ളത്. കഴിഞ്ഞ നവംബറിൽ റൂറൽ ജില്ലയിൽ നിന്ന് 150 കിലോ കഞ്ചാവ് പിടികൂടിയിരുന്നു . അതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അലക്‌സിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഇയാളെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണ സംഘം ആന്ധ്രയിലേക്ക് തിരിക്കാനിരിക്കെയാണ് കേരളത്തിലുണ്ടെന്ന് വിവരം ലഭിച്ചത്.
കേരളത്തിലെത്തിയാൽ വീട്ടിൽ താമസിക്കാറില്ല. ഓരോ പ്രാവശ്യവും ഹെയർസ്‌റ്റൈലും മറ്റും മാറ്റുന്നതിനാൽ പെട്ടെന്ന് തിരിച്ചറിയാനും ബുദ്ധിമുട്ടാണ്. കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ട പൊലീസ് ഓപ്പറേഷനൊടുവിൽ തിരുവനന്തപുരത്തെ പൂജപ്പുരയിൽ നിന്നാണ് അറസ്റ്റ് ചെയ്യുന്നത്. പൊലീസ് പിടികൂടുമെന്നുറപ്പായപ്പോൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാനും ശ്രമമുണ്ടായി. പിന്നീട് സാഹസികമായാണ് കീഴടക്കിയത്.
തിരുവനന്തപുരം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്. സിഐ എം.സുരേന്ദ്രൻ, എസ്‌ഐ ടി.എം. സൂഫി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ജിമ്മോൻ ജോർജ്, പി.ശ്യാംകുമാർ, പി.എൻ രതീശൻ എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. അടുത്തിടെ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് ആന്ധ്ര സ്വദേശി ഉൾപ്പടെ പത്തോളം പേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്.
മറുനാടന് മലയാളി ലേഖകന്.