വിയന്ന: രാജ്യത്ത് സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം ഏറി വരുന്നതായി റിപ്പോർട്ട്. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടിലാണ് ഇരുകൂട്ടരും തമ്മിലുള്ള അന്തരം വർധിച്ചതായി രേഖപ്പെടുത്തിയത്.

സമൂഹത്തിലെ താഴെത്തട്ടിലെ 20 ശതമാനം ആൾക്കാരെക്കാൾ നാലു മടങ്ങ് വരുമാനമാണ് മുകൾത്തട്ടിലെ 20 ശതമാനം ആൾക്കാർ നേടുന്നതെന്നാണ് ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോർപ്പറേഷൻ ആൻഡ് ഡവലപ്‌മെന്റ് (ഒഇസിഡി) ചൂണ്ടിക്കാട്ടുന്നത്. ഒഇസിഡി രാജ്യങ്ങളിൽ തന്നെ ചിലി, മെക്‌സിക്കോ, ടർക്കി, യുഎസ്, ഇസ്രയേൽ എന്നീ രാജ്യങ്ങളിലാണ് ഇത്തരത്തിൽ അസമത്വം ഏറെയുള്ളതെന്നും റിപ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഡെന്മാർക്ക്, സ്ലൊവേനിയ, സ്ലൊവാക് റിപ്പബ്ലിക്, നോർവേ എന്നിവിടങ്ങളിൽ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം കുറവാണെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്.

വികസിത രാജ്യങ്ങളിലാണ് ഇത്തരത്തിലുള്ള അസമത്വം ഏറെ കണ്ടുവരുന്നതെന്നാണ് ഒഇസിഡി റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഇത് രാജ്യത്തിന്റെ സമ്പദ് ഘടനയെ ബാധിക്കുമെന്നും സാമൂഹികവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങൾ ഇതുമൂലം സൃഷ്ടിക്കപ്പെടുമെന്നുമാണ് വിലയിരുത്തുന്നത്. അതേസമയം ഇത്തരത്തിൽ വരുമാനത്തിലുള്ള അന്തരം ഏറ്റവും കൂടുതൽ പ്രകടമായിരിക്കുന്നത്

അമേരിക്കയിലാണെന്നാണ് റിപ്പോർട്ട്. 2008നും 2013നും മധ്യേയുള്ള കാലഘട്ടത്തിൽ മേൽത്തട്ടിലുള്ള പത്തു ശതമാനം ആൾക്കാരുടെ വരുമാനത്തിൽ 10.6 ശതമാനം വർധനയുണ്ടായപ്പോൾ താഴെത്തട്ടിലുള്ള പത്തു ശതമാനം പേരുടെ വരുമാനത്തിൽ 3.2 ശതമാനം ഇടിവുമാണ് നേരിട്ടത്.