ഡബ്ലിൻ: ലിവിങ് വിത്ത് കോവിഡ് പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച മൂന്നാം ലെവൽ നിയന്ത്രണങ്ങൾ പാലിക്കുന്നത് ഉറപ്പാക്കാൻ സർക്കാർ ഗാർഡയെ നിയോഗിച്ചു. ഇതിന്റെ ഭാഗമായി കൂടുതൽ ചെക്ക് പോയിന്റുകളും അഡീഷണൽ ഫോഴ്‌സിനെയും നിരന്തര പട്രോളിംഗും ഇതിനായി ക്രമീകരിച്ചു. മൂന്നാഴ്ച നീളുന്ന ലെവൽ 3 നിയന്ത്രണങ്ങൾ ഇന്നലെ അർധരാത്രി മുതലാണ് പ്രാബല്യത്തിൽ വന്നത്.

കോവിഡ് പരിധി വിട്ടതോടെ ഏതുവിധേനയും ലോക്ക് ഡൗൺ ഒഴിവാക്കുന്നതിനുള്ള മാർഗ്ഗമെന്ന നിലയിലാണ് എൻഫെറ്റ് ശുപാർശ ചെയ്ത ഈ പുതിയ നിയന്ത്രണങ്ങളെ സർക്കാരും പിന്തുണച്ചത്.

സാമൂഹികാകലം പാലിക്കുന്നത് ഉറപ്പാക്കാനും ആൾക്കൂട്ടമൊഴിവാക്കാനും ഇനി ഗാർഡ ഇടപെടും. ഡബ്ലിൻ നഗരത്തിലും കൗണ്ടിയിലാകെയും കാറിലും ബൈക്കിലുമൊക്കെയായി ഗാർഡയുണ്ടാകും. ഇതിനായി പ്രത്യേക പട്രോളിങ് നടത്തുകയാണ്.

ട്രെയിൻ, ബസ് സ്റ്റേഷനുകളിലും, പ്രധാന സ്റ്റോപ്പുകളിലും ഗാർഡയെ വിന്യസിക്കും. മറ്റു കൗണ്ടികളിൽ നിന്നും ഡബ്ലിനിലേയ്ക്ക് യാത്ര വേണ്ടെന്ന് വെയ്ക്കണമെന്ന് ഗാർഡ അഭ്യർത്ഥിച്ചിട്ടുണ്ട്. എങ്കിലും മോട്ടോർ വേകളിൽ കർശന ചെക്കിങ് ഏർപ്പെടുത്തേണ്ടതില്ലെന്നാണ് അധികൃതരുടെ പക്ഷം.

കൗണ്ടിയിലുടനീളം ചെക്ക് പോയിന്റുകൾ തുറന്നിട്ടുണ്ട്. അത്യാവശ്യ യാത്രകൾ മാത്രമേ കൗണ്ടിക്ക് പുറത്തേയ്ക്ക് അനുവദിക്കൂവെന്ന് ഗാർഡ ആളുകളെ ഓർമ്മിപ്പിക്കുന്നു. ഡബ്ലിൻ വിമാനത്താവളത്തിൽ വന്നിറങ്ങുന്നവർക്ക് ലക്ഷ്യസ്ഥാനങ്ങളിലേക്ക് യാത്രാ സൗകര്യം കണ്ടെത്താവുന്നതാണ്.