ഡബ്ലിൻ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് ഇനി മുതൽ കർശന ശിക്ഷ ലഭിക്കും. നിയന്ത്രണങ്ങൾ ഗൗനിക്കാതെ ലംഘിച്ചു നടക്കുന്നവരിൽ നിന്ന് അടുത്തയാഴ്ച മുതൽ പിഴയീടാക്കുവാനാണ് ഗാർഡയ്ക്കു നിർദ്ദേശം നൽകിയിരിക്കുന്നത്.

ലെവൽ 5 നിയന്ത്രണങ്ങളുടെ ഭാഗമായി ഈമാസം മൂന്നാം ആഴ്ച മുതലാണ് പിഴ സമ്പ്രദായം അയർലണ്ടിൽ നിലവിൽ വരുന്നത്. മാസ്‌ക് ധരിക്കാതിരിക്കുക, ഹൗസ് പാർട്ടികൾ സംഘടിപ്പിക്കുക, നിരോധനം മറികടന്ന് അനാവശ്യമായി യാത്ര ചെയ്യുക തുടങ്ങിയ വിലക്കു ലംഘനങ്ങൾക്ക് 60 യൂറോ മുതൽ പരമാവധി 2,500 യൂറോ വരെ പിഴ ഈടാക്കാനാണ് തീരുമാനം. വിലക്ക് ലംഘനം ആവർത്തിച്ചാൽ കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടിയും വരും.

പിഴ അടക്കാൻ വിസമ്മതിക്കുകയോ, തുടർച്ചയായി നിയമങ്ങൾ ലംഘിക്കുകയോ ചെയ്യുന്നവരെ കോടതിയിൽ ഹാജരാക്കാനാണ് നിർദ്ദേശം. കടുത്ത പിഴ, സാമൂഹിക സേവനം, ജയിൽ ശിക്ഷ തുടങ്ങിയ നടപടികളായിരിക്കും ഇവർക്കെതിരേ കോടതി സ്വീകരിക്കുക.

അതേസമയം, ഭൂരിഭാഗം ജനങ്ങളും നിയന്ത്രണങ്ങളുമായി സഹകരിക്കുന്നുണ്ടെന്നും അവസാന മാർഗമെന്ന നിലയിലാണ് പിഴ ഈടാക്കാൻ തീരുമാനിച്ചതെന്നും ജസ്റ്റിസ് മന്ത്രി ഹെലൻ മക് എൻടി പറഞ്ഞു.