യർലണ്ടിലെ ഡബ്ലിൻ മെട്രോപൊലീറ്റൻ പ്രദേശത്ത് താമസിക്കുന്ന മലയാളികൾ ഗാർഡാ കാർഡ് രജിസ്റ്റർ ചെയ്യുവാൻ ഇനി മുതൽ ക്യൂ നിന്ന് ബുദ്ധിമുട്ടേണ്ട ആവശ്യമില്ല. നാളെ മുതൽ ആരംഭിക്കുന്ന ഓൺലൈനിലൂടെ കഷ്ടപ്പാടുകൾ കൂടാതെ ഗാർഡാ കാർഡിനായി രജിസ്റ്റർ ചെയ്യാം. പുതിയ കാർഡ് എടുക്കുന്നതിനും പുതുക്കുന്നതിനും ഓൺലൈനിലൂടെ സാധിക്കും. ഇതിനായി burghquayregoffice@justice.ie എന്ന വിലാസത്തിൽ ബന്ധപ്പെട്ട് നേരത്തേ തന്നെ നിങ്ങളുടെ സമയം ഉറപ്പാക്കേണ്ടതാണ്.

ഇങ്ങനെ ബന്ധപ്പെടുമ്പോൾ ലഭിക്കുന്ന അപ്പോയിന്റ്മെന്റ് സമയത്ത് അപേക്ഷകൻ ബെർഗ് ക്വീ ഗാർഡാ ഓഫീസിൽ എത്തി ഗാർഡാ കാർഡ് പതിപ്പിക്കുകയാണ് ചെയ്യേണ്ടത്. ജോലി ചെയ്യുന്നവർക്കും വ്യാപാരികൾക്കും സമയം അനുവദിക്കുന്നതിൽ മുൻഗണന നൽകുമെന്ന് ഗാർഡാ അറിയിപ്പിൽ സൂചന നൽകുന്നുണ്ട്. രാവിലെ മുതൽ നീണ്ട ക്യൂ ഒഴിവാക്കുകയും, സമയ നഷ്ടം വരുത്തുകയും ചെയ്യുന്ന നിലവിലെ രീതി മാറ്റുന്നത് ഏറ്റവുമധികം ഉപകാര പ്രദമാവുക കുടിയേറ്റക്കാർക്കാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ സമയത്ത് ചെല്ലുക, ഗാർഡാ കാർഡ് പതിപ്പിക്കുക, പോരുക എന്ന ലളിതമായ സ്ഥിതിയിലേയ്ക്ക് കാര്യങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, അപ്ഗ്രേഡേഷന്റെ ഭാഗമായാണ് ഇന്നലെ വൈകിട്ട് 4 മണിയോടെ ബെർഗ് ക്വീയിലുള്ള ഓഫീസിന്റെ പ്രവർത്തനം ഉപഭോക്താക്കൾക്കായി അടച്ചതെന്ന് അധികൃതർ അറിയിച്ചു.