ഡബ്ലിൻ: അടുത്ത കാലത്ത് മലയാളികളുടെ വീട്ടിൽ നിന്ന് മോഷണം പോയ ആഭരണങ്ങൾ ഉൾപ്പെടെ ആയിരത്തോളം സ്വർണാഭരണങ്ങൾ ഓപ്പറേഷൻ ഫിയാക്ലയിലൂടെ ഗാർഡ കണ്ടെത്തി. ആളില്ലാത്ത വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ സ്വർണാഭരണങ്ങൾ ഉൾപ്പെടെ വിലയേറിയ പല വസ്തുക്കളും ഓപ്പറേഷൻ ഫിയാക്ലയിലൂടെ കണ്ടെത്തിയിട്ടുണ്ട്.

രാജ്യത്ത് വീടുകൾ കുത്തിത്തുറന്നുള്ള മോഷണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഗാർഡ ഓപ്പറേഷൻ ഫിയാക്ലയ്ക്ക് തുടക്കമിട്ടത്. ഇത്തരം മോഷ്ടാക്കൾക്കെതിരേ കർശന നടപടി സ്വീകരിക്കാനാണ് ഓപ്പറേഷൻ ഫിയാക്ലയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ നോയൽ ബ്രൗൺ വ്യക്തമാക്കി. അടുത്ത കാലത്ത് കിൽഡെയർ, ഡൺ ലയോഗെയർ എന്നിവിടങ്ങളിൽ നടന്ന മോഷണങ്ങളിൽ നഷ്ടമായ ആഭരണങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

മോഷ്ടാക്കളുടെ പക്കൽ നിന്ന് കണ്ടെടുത്ത ആഭരണങ്ങളും മറ്റും യഥാർഥ ഉടമകളെ കണ്ടെത്തി നൽകുകയാണ് ഗാർഡ. ക്രിമിനൽ സംഘങ്ങളെ പിടികൂടി അവരുടെ പക്കൽ നിന്നാണ് മോഷണ മുതലുകൾ കണ്ടെടുത്തിട്ടുള്ളത്. കണ്ടെടുത്തിട്ടുള്ള സ്വർണാഭരണങ്ങളിൽ മിക്കവയും മലയാളികളുടേതാണെന്നാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഏതാനും ആഴ്ചകൾക്കു മുന്ന് ഡൺലേരിയിൽ നിന്ന് മോഷണം പോയ നെക്ലേസ് ആണ് ഇതിൽ ഏറ്റവും വിലപിടിച്ചതെന്ന് കരുതുന്നു. ഇതിനു തന്നെ 4000 യൂറോയോളം വില വരും. ഇതിന്റെ ഉടമയെ തിരിച്ചറിഞ്ഞ് നെക്ലേസ് തിരിച്ച് ഏൽപ്പിച്ചിട്ടുണ്ട്.

സ്വർണാഭരണങ്ങൾ, വാച്ചുകൾ, പരമ്പരാഗതമായി കൈമാറി വന്നിട്ടുള്ള ആഭരണങ്ങൾ, വസ്തുക്കൾ എന്നിവയും മോഷണ മുതലുകളിൽ പെടുന്നുണ്ട്. ആഭരണങ്ങളും മറ്റും നഷ്ടപ്പെട്ടിട്ടുള്ളവർ ഗാർഡയുടെ 01 666 999 എന്ന നമ്പരിൽ വിളിച്ച് വിവരം അറിയിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. രാവിലെ ഒമ്പതു മുതൽ വൈകുന്നേരം അഞ്ചുവരെയാണ് ഗാർഡയെ വിളിക്കേണ്ട സമയം.
വരും ദിവസങ്ങളിലും ഓപ്പറേഷൻ ഫിയാക്ല അരങ്ങേറുമെന്നും കൂടുതൽ മോഷണ വസ്തുക്കൾ കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലുമാണ് ഗാർഡ.