ലണ്ടൻ: യുക്മക്കുവേണ്ടി യുക്മ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ നടത്തുന്ന മ്യൂസിക്കൽ റിയാലിറ്റി ഷോ ഗർഷോം ടിവി യുക്മ സ്റ്റാർ സിംഗർ സീസൺ -2 വിന്റെ ആദ്യ റൗണ്ട് മത്സരങ്ങൾ വാത്സാളിലെ ക്‌നാനായ സെന്ററിൽ നടന്നു.

ഗർഷോം ടിവി ടീം പ്രത്യേകമായി ഒരുക്കിയ സ്റ്റുഡിയോയിലായിരുന്നു മത്സരം. മത്സരാർഥികൾ ലൈവായി പാടുകയും പ്രഗൽഭരായ വിധികർത്താക്കൾ പാട്ടിന്റെ പോരായ്മകൾ ചൂണ്ടിക്കാണിക്കുകയും അവക്ക് മാർക്കിടുകയും ചെയ്തു. യുകെയിലെ പ്രശസ്തരും പ്രഗൽഭരുമായ സണ്ണിയും ഫഹദുമാണ് വിധികർത്താക്കളായി എത്തിയത്.

സുവർണ ഗീതങ്ങൾ, ചടുല ഗീതങ്ങൾ എന്നീ രണ്ട് റൗണ്ട് മത്സരങ്ങളാണ് ആദ്യ വേദിയിൽ ഇന്നലെ ചിത്രീകരിച്ചത്. ഇനിയും ഗ്രാൻഡ് ഫിനാലേയുൾപ്പെടെ മൂന്ന് വേദികൾ കൂടിയാണ് ബാക്കിയുള്ളത്. ഗ്രാൻഡ് ഫിനാലേയിൽ മുഖ്യ ജഡ്ജായി എത്തുന്നത് മലയാളത്തിലെ പ്രശസ്തനായ ഒരു പിന്നണി ഗായകനായിരിക്കും.

ഗർഷോം ടിവി യുക്മാ സ്റ്റാർ സിംഗർ സീസൺ ടൂവിന്റെ എല്ലാ മത്സരങ്ങളും ഡിസംബർ പകുതിയോടെ ഗർഷോം ടിവിയിൽ സംപ്രേഷണം ചെയ്യും. അടുത്ത റൗണ്ട് മത്സരങ്ങൾ ഫെബ്രുവരി ആറിന് നടത്തുവാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.

യുക്മ നാഷണൽ സെക്രട്ടറിയും സ്റ്റാർ സിംഗർ സീസൺ-2 പ്രൊഡക്ഷൻ സൂപ്പർവൈസറുമായ സജീഷ് ടോം, യുക്മ നാഷണൽ വൈസ് പ്രസിഡന്റും സ്റ്റാർ സിംഗർ സീസൺ 2 ഫിനാൻഷ്യൽ കൺട്രോളറുമായ മാമ്മൻ ഫിലിപ്പ്, ഗർഷോം ടിവി മാനേജിങ് ഡയറക്ടർ ജോമോൻ കുന്നേൽ, യുക്മ മിഡ്‌ലാന്റ്‌സ് റീജണൽ പ്രസിഡന്റ് ജയകുമാർ നായർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സ്റ്റാർ സിംഗർ സീസൺ ടൂവിന്റെ ചീഫ് പ്രോഗ്രാം കോ ഓർഡിനേറ്റർ ഹരീഷ് പാലാ, ജോയിന്റെ കോ ഓർഡിനേറ്റേഴ്‌സായ റോയ് കാഞ്ഞിരത്താനം, ജോയ് ആഗസ്തി എന്നിവർ ചിത്രീകരണത്തിന് നേതൃത്വം നൽകി. ചിത്രീകരണത്തിന്റെ ടെക്‌നിക്കൽ കോ ഓർഡിനേറ്റേഴ്‌സായി സോജി ജോസും വെത്സും സൗണ്ട് എൻജിനിയർ സിനോ തോമസും (ശ്രുതി ലൈറ്റ് ആൻഡ് സൗണ്ട്), കീബോർഡ് ആർട്ടിസ്റ്റായി സാബു ജോസും പ്രവർത്തിച്ചു.

റിപ്പോർട്ട്: അനീഷ് ജോൺ